മുതിര്‍ന്ന അഭിഭാഷക പദവി ബാര്‍ അസോസിയേഷനുകളോട് സുപ്രിം കോടതി നിര്‍ദേശങ്ങള്‍ തേടി
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക പദവി നല്‍കുന്നതു സംബന്ധിച്ച കേസില്‍ സുപ്രിം കോടതി വിവിധ ഹൈക്കോടതി ബാര്‍ അസോസിയേഷനുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടി. ഈ ആവശ്യമുന്നയിച്ച് സുപ്രിം കോടതി സെക്രട്ടറി ജനറല്‍ അസോസിയേഷനുകള്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.
സുതാര്യതയില്ലാതെയും നിയന്ത്രണമില്ലാതെയും മുതിര്‍ന്ന അഭിഭാഷക പദവി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷക ഇന്ദിരാ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് സുപ്രിംകോടതി നടപടി. 2005 ജൂലൈയിലാണ് ഇക്കാര്യം ഇന്ദിരാ ജയ്‌സിങ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലോബിയിങ് വഴി മുതിര്‍ന്ന അഭിഭാഷകരെന്ന പദവി നേടാമെന്ന ബോധം നിലനില്‍ക്കുന്നുണ്ടെന്നും ഇതു നിയന്ത്രിക്കുന്നത് ഒരു പ്രമാണി സംഘമാണെന്നും മാധ്യമവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞിരുന്നു.
മുതിര്‍ന്ന അഭിഭാഷക പദവി നല്‍കുന്നത് സംബന്ധിച്ച് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് സുപ്രിംകോടതി ബാര്‍ അസോസിയേഷന്റെയും ചില ഹൈക്കോടതി ബാര്‍ അസോസിയേഷനുകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകള്‍ നേരത്തെ ആരാഞ്ഞിരുന്നു. മുതിര്‍ന്ന അഭിഭാഷക പദവി നല്‍കണമെന്നാവശ്യപ്പെടുന്ന നിരവധി അഭ്യര്‍ഥനകളും ഇതിനകം വിവിധ അഭിഭാഷകരില്‍ നിന്ന് സുപ്രിംകോടതിയില്‍ എത്തിയിരുന്നു.
ജൂലൈ 20ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ബാര്‍ അസോസിയേഷനുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഹരജി പരിഗണിക്കുന്നതിനിടെ വിദേശരാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്ന് നിയമ ബിരുദം നേടിയതുകൊണ്ട് മാത്രം മുതിര്‍ന്ന അഭിഭാഷകരെന്ന പദവി ലഭിക്കില്ലെന്ന് മുന്‍ ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."