ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യ വിശിഷ്ടാതിഥി രാഷ്ട്രമാകും ഫെസ്റ്റ് അടുത്ത ഫെബ്രുവരിയില്‍
ജിദ്ദ: അടുത്ത ഫെബ്രുവരി രണ്ടിന് സഊദിയില്‍ നടക്കുന്ന 32ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യ വിശിഷ്ടാതിഥി രാഷ്ട്രമായി പങ്കെടുക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. രണ്ടാഴ്ചയിലധികം നീളുന്ന ആഘോഷം റിയാദിലെ നാഷനല്‍ ഗാര്‍ഡനിലാണ് നടക്കുക.
ഇന്ത്യയും സഊദിയും തമ്മില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല സൗഹൃദത്തിന്റെയും സാംസ്‌കാരിക ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും പരിഗണിച്ചിട്ടുണ്ട്. ഇന്ത്യന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിന് പ്രത്യേക പവലിയന്‍ മേളയിലുണ്ടാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക നായകരും കലാകാരന്മാരും ചിന്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ 13 മേഖലകളെ പ്രതിനിധീകരിക്കുന്ന കാലാ,സാംസ്‌കാരിക പരിപാടികളും അരങ്ങേറും.സെമിനാറുകള്‍,പ്രഭാഷണങ്ങള്‍, കവിയരങ്ങുകള്‍,പ്രദര്‍ശനങ്ങള്‍,എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും പ്രത്യേക പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടും.
സഊദി സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ റിയാദില്‍ വര്‍ഷം തോറും നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും മുന്‍പ് ഇന്ത്യയെ അതിഥി രാജ്യമായി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെസ്റ്റിലെ അതിഥിരാജ്യം ഈജിപ്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."