നാട്ടില്‍ പാര്‍സ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ പകരം പുതിയ സംവിധാനവുമായി സഊദി ജവാസാത്ത്
ജിദ്ദ: സഊദി പ്രവാസികള്‍ അവധിയില്‍ നാട്ടിലായിരിക്കെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ സംവിധാനം ഒരുക്കി ജവാസാത്ത് അധികൃതര്‍. ഇനി മുതല്‍ പുതിയ പാസ്‌പോര്‍ട്ടും പോലിസ് റിപ്പോര്‍ട്ടുമായി സഊദിയിലെ വിമാനത്താവളങ്ങളിലിറങ്ങിയാല്‍ ഇമിഗ്രേഷന്‍ പൂര്‍ത്തീകരിച്ച് രാജ്യത്ത് പ്രവേശിക്കാം. പിന്നീട് ജവാസാത്തിനെ സമീപിച്ച് പുതിയ പാസ്‌പോര്‍ട്ടില്‍ വിസ ചേര്‍ത്താല്‍ മതിയാകും.
നാട്ടില്‍ പോകുമ്പോള്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമേ മടങ്ങി വരാനാകുമായിരുന്നുള്ളു. ഇതിനാണ് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് പോലിസില്‍ പരാതി നല്‍കലാണ്. പോലിസ് റിപ്പോര്‍ട്ട് ലഭ്യമാക്കി പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിച്ചാല്‍ വേഗം പാസ്‌പോര്‍ട്ടുമെടുക്കാം. ഈ രണ്ട് രേഖകളുമായി സഊദി വിമാനത്താവളങ്ങളിലിറങ്ങിയാല്‍ ഇമിഗ്രേഷന്‍ വകുപ്പ് പ്രവേശന അനുമതി നല്‍കും.
പഴയ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും വിരലടയാളവും നല്‍കിയാല്‍, ഇമിഗ്രേഷന്‍ വകുപ്പിന്റെ കംപ്യൂട്ടറില്‍ യഥാര്‍ഥ പാസ്‌പോര്‍ട്ട് ഉടമയാണോ വന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കും. ഇക്കാര്യം ഉറപ്പായാല്‍, പോലിസ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അവര്‍ രാജ്യത്തേക്ക് റീ എന്‍ട്രി അനുവദിക്കും. റിപ്പോര്‍ട്ടിന്റെ അറബി തര്‍ജമ ഉണ്ടെങ്കില്‍ കാര്യം എളുപ്പമാണ്. പിന്നീട് ജവാസാത്ത് വകുപ്പിനെ സമീപിച്ച് പുതിയ പാസ്‌പോര്‍ട്ടില്‍ വിസ ചേര്‍ക്കുന്നതോടെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ പുതിയ പാസ്‌പോര്‍ട്ട് ഉള്‍പ്പെടുത്തും.
പുതിയ പാസ്‌പോര്‍ട്ട് ബന്ധപ്പെട്ട രാജ്യത്തെ സഊദി കോണ്‍സുലേറ്റില്‍ ഹാജരാക്കി വിസ പതിപ്പിച്ച് റീ എന്‍ട്രി വിസ നേടിയശേഷം മാത്രമായിരുന്നു ഇതുവരെ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് പുനഃപ്രവേശനം അനുവദിച്ചിരുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."