യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനല്‍
മിലാന്‍: ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നു. യുവേഫ ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരം ഇന്ന് യുവന്റസിന്റെ തട്ടകമായ ടൊറിനോയിലെ യുവന്റസ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ഫ്രഞ്ച് കരുത്തരായ മൊണാക്കോയാണ് യുവന്റസിന്റെ എതിരാളികള്‍. ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ 2-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് മാസിമിലിയാനോ അല്ലെഗ്രിയുടെ സംഘം ഇന്നിറങ്ങുന്നത്. ചരിത്രവും സാഹചര്യവും എതിരായി നില്‍ക്കുന്നതാണ് മൊണാക്കോയെ കുഴക്കുന്നത്. എവേ പോരാട്ടത്തില്‍ യുവന്റസിനെ അവരുടെ തട്ടകത്തില്‍ ചുരുങ്ങിയത് മൂന്ന് ഗോളിന്റെ വ്യത്യാസത്തില്‍ കീഴടക്കിയാല്‍ മാത്രമാണ് അവര്‍ക്ക് ഫൈനലിലേക്ക് കടക്കാന്‍ അവസരവമുള്ളു. ഏറെക്കുറേ അസാധ്യമായ ലക്ഷ്യത്തിലേക്കാണ് മൊണാക്കോ നോട്ടമിടുന്നത്.
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദ പോരാട്ടത്തില്‍ നിലവിലെ മികവിന്റെ അടുത്തെങ്ങുമെത്താന്‍ മൊണാക്കോയ്ക്ക് സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. തുടക്കം മുതല്‍ യുവന്റസിന്റെ പേരു കേട്ട പ്രതിരോധത്തെ ഭയക്കാതെ കടുത്ത ആക്രമണം അഴിച്ചുവിട്ട് കളിക്കുക മാത്രമായിരിക്കും അവര്‍ക്ക് മുന്നിലുള്ള ഏക വഴി. അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
നിലവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമാണ് യുവന്റസിന്റെ നിര. ബി.ബി.സി എന്നറിയപ്പെടുന്ന ബര്‍സാഗ്ലി, ബൊനൂചി, ചെല്ലിനി സഖ്യവും ഒപ്പം അധ്വാനിയായ ഡാനി ആല്‍വ്‌സിന്റെ സാന്നിധ്യവുമാണ് ഇറ്റാലിയന്‍ കരുത്തരുടെ മുതല്‍കൂട്ട്. ബാറിന് കീഴില്‍ പ്രായത്തെ കീഴടക്കുന്ന പോരാട്ട വീര്യവുമായി ഗോള്‍ കീപ്പറും നായകനുമായ ബുഫണിന്റെ സാന്നിധ്യവും അവരുടെ കരുത്തിന്റെ അടയാളമാണ്. ഒപ്പം മികച്ച ഫോമില്‍ നില്‍ക്കുന്നതും സ്വന്തം തട്ടകത്തില്‍ കളിക്കുന്നതും എവേ ഗോളിന്റെ ആനുകൂല്യവും തുടങ്ങി എല്ലാ സാഹചര്യവും അവര്‍ക്ക് മുന്നില്‍ അവസരത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ഗോള്‍രഹിത സമനില മാത്രം മതി ഓള്‍ഡ് ലേഡികളുടെ ഫൈനല്‍ പ്രവേശത്തിന്.
മുന്നേറ്റത്തില്‍ ആദ്യ പാദത്തില്‍ ഇരട്ട ഗോളുകള്‍ നേടി ഹിഗ്വയ്ന്‍ മികവ് അടയാളപ്പെടുത്തിയതും പ്രതിരോധത്തില്‍ നിന്ന് മുന്നേറ്റത്തിലേക്ക് കയറി കളിക്കുന്ന ആല്‍വ്‌സിന്റെ അത്യധ്വാന മനോഭാവവും അവരുടെ ആത്മവിശ്വാസമുയര്‍ത്തുന്നു. ആദ്യ പാദത്തില്‍ മൊണാക്കോയുടെ ശക്തമായ ആക്രമണത്തെ സമര്‍ഥമായി പൂട്ടാന്‍ സാധിച്ച അല്ലെഗ്രി ഇത്തവണ അവര്‍ക്കെതിരേ എന്ത് തന്ത്രമായിരിക്കും പ്രയോഗിക്കുക എന്നതാണ് കൗതുകകരമായി നില്‍ക്കുന്നത്.
സ്വന്തം തട്ടകത്തില്‍ ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ വഴങ്ങി ഒരു ടീമും ചാംപ്യന്‍സ് ലീഗിന്റെ കഴിഞ്ഞ പതിനാല് അവസരങ്ങളിലും ഫൈനലിലേക്ക് കടന്നിട്ടില്ല. യുവന്റസിന്റെ തട്ടകത്തിലെത്തി ഒരു ഫ്രഞ്ച് ടീമിനും ഇന്നു വരെ വിജയം സ്വന്തമാക്കാനും സാധിച്ചിട്ടില്ല.
സമീപ കാലത്ത് രണ്ട് തവണ യുവന്റസിന്റെ തട്ടകത്തില്‍ കളിച്ച ഏക ഫ്രഞ്ച് ടീം മൊണാക്കോയാണ്. 1997-98 കാലത്ത് ചാംപ്യന്‍സ് ലീഗ് സെമിയില്‍ തന്നെ യുവന്റസിനെ നേരിട്ട മൊണാക്കോ അന്ന് 4-1ന്റെ കനത്ത തോല്‍വിയാണ് വഴങ്ങിയത്. 2014-15 കാലത്ത് ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഫ്രഞ്ച് കരുത്തര്‍ 1-0ത്തിന് തോല്‍വി വഴങ്ങിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."