ആരുടെ താല്‍പര്യമാണ് വെള്ളാപ്പള്ളി സംരക്ഷിക്കുന്നത്?
ചെറിയൊരു ഇടവേളയ്ക്കു ശേഷം എസ്.എന്‍.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മറ്റൊരു മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡോ. മുബാറക് പാഷയെ ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ പ്രഥമ വി.സിയായി നിയമിച്ചതിനെതിരേയാണ് ഇത്തവണ വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. ഇടതുപക്ഷക്കാരായ ധാരാളം ഈഴവരുള്ളപ്പോള്‍ ഒരു മുസ്‌ലിമിനെ വി.സിയായി നിയമിച്ചത് അനീതിയാണ് എന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ നേര്‍ക്കുനേരെയുള്ള മലയാളം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ പിറകെ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. വെള്ളാപ്പള്ളി പറയുന്നത് ഇത് പിന്നാക്കസമൂഹത്തോടുള്ള അവഗണനയാണ് എന്നാണ്. മലബാറുകാരനായ ഒരാളെ തിരു - കൊച്ചിയില്‍ വി.സിയാക്കിയതും അദ്ദേഹത്തിനു ഇഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ എന്താണ് ഇക്കാര്യത്തിലെ വസ്തുത? കേരളത്തില്‍ ഒരു ഓപണ്‍ സര്‍വകലാശാല തുടങ്ങുന്നതിന്റെ സാഹചര്യമാണ് നാം ആദ്യം പരിശോധിക്കേണ്ടത്. റെഗുലര്‍ പഠനത്തിനു അവസരം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളാണ് വിദൂരവിദ്യാഭ്യാസം വഴി പഠനം പൂര്‍ത്തിയാക്കുന്നവരില്‍ മഹാഭൂരിപക്ഷവും. നിലവില്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്ന കാലിക്കറ്റ്, മഹാത്മാഗാന്ധി, കേരള എന്നീ സര്‍വകലാശാലകളിലെ കണക്കെടുത്താല്‍ കാലിക്കറ്റ് സര്‍വകാലാശാലക്ക് കീഴിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിദൂരവിദ്യാഭ്യാസം വഴി പഠനം നടത്തുന്നത്. അതിന്റെ കാരണം ജനസംഖ്യാനുപാതികമായി മലബാറില്‍ കോളജുകളോ ഡിഗ്രി, പി.ജി സീറ്റുകളോ അനുവദിച്ചിട്ടില്ല എന്നതാണ്. മലബാറിലെ ഈഴവരും മുസ്‌ലിംകളും ദലിതരും ആദിവാസികളും അടങ്ങുന്ന പിന്നാക്ക ജനസമൂഹങ്ങളിലെ വിദ്യാര്‍ഥികളാണ് ഈ വിവേചനത്തിന്റെയും പ്രധാന ഇരകള്‍. പ്ലസ് ടു സീറ്റിന്റെ കാര്യത്തിലടക്കം ഈ വിവേചനം പ്രകടമാണ്. സ്വാഭാവികമായും കേരളാ ഓപണ്‍ സര്‍വകലാശാലയിലും ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടാവുക മലബാറില്‍ നിന്നാവും. ആ നിലക്ക് ഓപണ്‍ സര്‍വകലാശാല സംസ്ഥാനത്തിന്റെ ഒരറ്റത്തുള്ള കൊല്ലം ജില്ലയില്‍ സ്ഥാപിച്ചതിലായിരുന്നു വെള്ളാപ്പള്ളി നടേശനെ പോലെ പിന്നാക്ക സമൂഹത്തിന്റെ നേതാവായ ഒരാള്‍ ആദ്യം പ്രശ്‌നം കാണേണ്ടിയിരുന്നത്.
രണ്ടാമത് അദ്ദേഹം പറയുന്നത്, അവിടെ ഈഴവനെ വി.സിയായി നിയമിച്ചില്ല എന്നതാണ്, പകരമായി നിയമിച്ചതോ ഒരു മുസ്‌ലിമിനെയും. കേരളത്തില്‍ നാല് വര്‍ഷത്തിലധികമായി ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ സര്‍വകലാശാലകളിലെ വി.സി, പി.വി.സി, രജിസ്ട്രാര്‍, ഫിനാന്‍സ് ഹെഡ് തസ്തികകളിലെ നിയമനങ്ങള്‍ പരിശോധിച്ചാല്‍ തുറന്ന വിവേചനമാണ് പിന്നാക്ക സമൂഹങ്ങളോട്, വിശേഷിച്ചും മുസ്‌ലിം, ദലിത്, ആദിവാസി സമുദായങ്ങളോട് ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ചതെന്നു വ്യക്തമാകും. ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ പതിമൂന്ന് സര്‍വകലാശാലകളിലായി ഒരു മുസ്‌ലിമോ ദലിതനോ വി.സിയായി നിയമിക്കപ്പെട്ടിട്ടില്ല. ഈ സമുദായങ്ങളില്‍നിന്നു പി.വി.സിയായി നിയമിക്കപ്പെട്ടത് ആകെ ഒരോരുത്തര്‍ വീതവും. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നു വരുന്ന മുസ്‌ലിം സമുദായത്തോടു പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിച്ച അനീതിയുടെ പ്രശ്‌നം വെള്ളാപ്പള്ളി നടേശന് മനസിലാകാതിരിക്കില്ല. ഞങ്ങള്‍ മതം നോക്കാറില്ല എന്ന പതിവ് പല്ലവിയോടെ ഈ സവര്‍ണ ദാസ്യം തുടരാന്‍ ഒരുപക്ഷേ ഇടതുപക്ഷ സര്‍ക്കാരിനോ സി.പി.എമ്മിനോ സാധിച്ചേക്കും. പിന്നാക്ക സമൂഹങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കണമെന്നു നിലപാടുള്ള വെള്ളാപ്പള്ളി നടേശനോ ഈഴവ സമൂഹത്തിനോ അതുകൊണ്ടണ്ടു എന്താണ് ഗുണം? കാലിക്കറ്റ് സര്‍വകലാശാലയില്‍ പിന്നാക്ക വിഭാഗങ്ങളുടെ ബാക്ക്‌ലോഗ് നികത്താതെയുള്ള അധ്യാപക നിയമന ശ്രമങ്ങളൊന്നും വെള്ളാപ്പള്ളി അറിഞ്ഞ ഭാവം പോലും നടിച്ചിട്ടില്ല. ഈഴവ സമൂഹത്തിന്റെ ഉന്നമനത്തില്‍ അല്‍പ്പമെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയ പിണറായി വിജയന്‍ സര്‍ക്കാറിനെതിരേ ഇതര പിന്നാക്കസമൂഹങ്ങളോടൊപ്പം പ്രക്ഷോഭം നയിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ചെയ്യേണ്ടിയിരുന്നത്.
ഇതാദ്യമായല്ല വെള്ളാപ്പള്ളി നടേശന്‍ ഇത്തരത്തിലുള്ള മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുമായി രംഗത്തുവരുന്നത്. കോഴിക്കോട് നൗഷാദ് എന്ന ഓട്ടോ ഡ്രൈവര്‍ മാന്‍ഹോളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ചു, തന്റെ ജീവന്‍ നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു പ്രഖ്യാപിച്ച ധനസഹായം വരെ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാനുള്ള അവസരമായെടുത്തയാളാണ് വെള്ളാപ്പള്ളി നടേശന്‍. സംഘ്പരിവാര്‍ അഴിച്ചുവിട്ട ലൗ ജിഹാദ് നുണപ്രചാരണത്തിലും വെള്ളാപ്പള്ളി തന്റെ പങ്കുവഹിച്ചു. എല്ലാ കാലത്തും ഈഴവരടക്കമുള്ള പിന്നാക്ക സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരുനിന്ന എന്‍.എസ്.എസിനോടു കൂട്ടു ചേരുന്നതിനും വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചതിന്റെ പ്രധാന കാരണം മുസ്‌ലിം വിരുദ്ധത തന്നെ. ബി.ഡി.ജെ.എസ് രൂപീകരിച്ചപ്പോഴും കേരളീയ പൊതുമണ്ഡലത്തില്‍ മുസ്‌ലിം വിരുദ്ധത വാരി വിതറിയാണ് സംഘ്പരിവാറിന്റെ ആലയിലേക്ക് അദ്ദേഹം ഈഴവ സമൂഹത്തേയും എസ്.എന്‍.ഡി.പിയെയും കൊണ്ടു ചെന്നു കെട്ടാന്‍ ശ്രമിച്ചത്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കൂടുന്നു എന്നു തുടങ്ങി മുസ്‌ലിംകള്‍ അനര്‍ഹമായത് നേടുന്നു എന്നുവരെ വെള്ളാപ്പള്ളി വിവിധ സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
യഥാര്‍ഥത്തില്‍ എല്ലാകാലത്തും ഭരണകൂടങ്ങളില്‍നിന്നു അവഗണനനേരിട്ട വിഭാഗമാണ് മുസ്‌ലിംകള്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ഭരണപങ്കാളിത്തത്തിലെ വിവേചനത്തിനു പുറമെ തുറന്ന മുസ്‌ലിംവേട്ട നടത്തുന്ന പൊലിസ് സംവിധാനം അടക്കം എല്ലാതലത്തിലും സമുദായ വിരുദ്ധമായ നിലപാടുകള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചു. സാധാരണ കാലിക്കറ്റ് സര്‍വകാലാശാലയില്‍ എങ്കിലും വി.സി നിയമനത്തില്‍ പ്രാതിനിധ്യം നല്‍കാറുണ്ടെങ്കില്‍ ഇത്തവണ അതുമുണ്ടായില്ല. അതിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരിക്കണം ഓപണ്‍ സര്‍വകാലശാലയിലെങ്കിലും വി.സി നിയമനത്തില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കൂട്ടത്തില്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ പ്രായപരിധി സംബന്ധിച്ച ചട്ടം ലംഘിച്ചു വെള്ളാപ്പള്ളിയുടെ നോമിനിയെ പ്രോ വി.സിയായി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിനു മുസ്‌ലിം സമുദായത്തില്‍ നിന്നൊരാള്‍ വി.സിയാകുന്നത് ഇഷ്ടപ്പെടുന്നില്ല.
ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ക്ക് ശ്രീനാരായണഗുരുവിനെ കൂട്ടുപിടിക്കുന്നതാണ് വെള്ളാപ്പള്ളി ചെയ്യുന്ന ഏറ്റവും വലിയ പാതകം. ശ്രീനാരായണീയ ധര്‍മങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ഒരാളെ വി.സിയാക്കണമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമനങ്ങളില്‍ ജനസംഖ്യാനുപാതികമായി ഈഴവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ന്യായമായ ആവശ്യം പൊതുവായി ഉന്നയിക്കാന്‍ ധൈര്യം കാണിക്കാതെ വളഞ്ഞ വഴിയില്‍ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നതോ മുസ്‌ലിം സമുദായത്തിനു അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്നതോ ശ്രീനാരായണ ഗുരുദേവന്റെ ധര്‍മമാണോ എന്നതാണ് വെള്ളാപ്പള്ളി നടേശന്‍ ആലോചിക്കേണ്ടത്. സവര്‍ണ താല്‍പര്യങ്ങളും ന്യൂനപക്ഷ വിരുദ്ധതയും അടിസ്ഥാന രാഷ്ട്രീയമായ സംഘ്പരിവാറിനോടു മുന്നണി ബന്ധമുണ്ടാക്കിയവര്‍ക്ക് ശ്രീനാരായണഗുരുവുമായി എന്തു ബന്ധമാണുള്ളത്?
വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്നു കാണുന്ന, ബി.ജെ.പിയുടെ ഘടകകക്ഷി നേതാവായ മകനെ വിദേശത്തെ സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ രക്ഷപ്പെടുത്താനും ഇടപെടുന്ന പിണറായി വിജയന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ ഈഴവ സമുദായം അടക്കമുള്ള സംവരണീയ സമുദായങ്ങളോടു കടുത്ത അനീതി ചെയ്തു സാമ്പത്തിക സംവരണം എങ്ങനെ നടപ്പായി എന്നതാണ് വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമുദായത്തോടു വിശദീകരിക്കേണ്ടത്. വ്യക്തിപരവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി സമുദായ താല്‍പര്യങ്ങളും ശ്രീനാരാണഗുരുവിന്റെ മൂല്യങ്ങളും ഉപേക്ഷിച്ചു അന്യമത വിദ്വേഷവും ഭിന്നതയും സൃഷ്ടിക്കുന്ന നിലപാട് തിരുത്താനാണ് വെള്ളാപ്പള്ളി നടേശന്‍ തയാറാവേണ്ടത്.
നടേശന്റെ പ്രസ്താവന ബി.ജെ.പി നേതൃത്വംകൂടി ഏറ്റെടുത്തതോടെ കേരളീയ പൊതുസമൂഹത്തില്‍ മുസ്‌ലിംകള്‍ അനര്‍ഹമായത് നേടുന്നുവെന്ന വ്യാജ പ്രചാരണത്തിനു വീണ്ടും അവസരമൊരുങ്ങിയിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്തേതു പോലുള്ള അവഗണന ഈ അടുത്ത കാലത്തൊന്നും മുസ്‌ലിം സമുദായം നേരിടേണ്ടി വന്നിട്ടില്ല എന്ന വസ്തുത പൊതുസമൂഹത്തില്‍ ഉന്നയിച്ചും എന്തുകൊണ്ടു ഈ അനീതിയും അവഗണനയും എന്ന് വിശദീകരിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെയും മാത്രമേ അതിനെ മറികടക്കാനാവൂ. സവര്‍ണ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ഭരണകൂടത്തിനെതിരേ ഇതര പിന്നാക്കസമൂഹങ്ങളോടൊപ്പം തോള്‍ചേര്‍ന്നു പ്രക്ഷോഭം നയിക്കാന്‍, വെള്ളാപ്പള്ളിയെ പോലെയുള്ള വംശീയ നിലപാടുള്ളവരെ വകഞ്ഞു മാറ്റി മുന്നോട്ടുവരാന്‍ ഈഴവസമൂഹത്തിനും സാധിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."