ശ്രീനാരായണഗുരുവിനെ താറടിക്കുന്നത് ആര്?
വിശ്വഗുരുവെന്നു പ്രകീര്‍ത്തിക്കപ്പെട്ട ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ ആരംഭിച്ച ഓപണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനം വര്‍ഗീയവിവാദമാക്കി മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുകയാണല്ലോ. ശ്രീനാരായണഗുരു സ്ഥാപിക്കുകയും മരണം വരെ ആ മഹാനുഭാവന്‍ തന്നെ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്ത ശ്രീനാരായണ ധര്‍മ പരിപാലന യോഗം തന്നെയാണ് ആ നിയമനത്തിനെതിരേ പ്രധാനമായും രംഗത്തുവന്നിരിക്കുന്നത്.
ശ്രീനാരായണഗുരുവിന്റെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാലയുടെ കടിഞ്ഞാണ്‍ ഒരു മുസ്‌ലിമിന്റെ കൈകകളില്‍ ഏല്‍പ്പിച്ച പിണറായി സര്‍ക്കാര്‍ കരിവാരിത്തേച്ചിരിക്കുന്നത് ഗുരുവിന്റെ യശസ്സിലും പ്രതിച്ഛായയിലുമാണെന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം. ദീര്‍ഘകാലം എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും സര്‍വാധികാരിയായി വിരാചിക്കുന്ന വെള്ളാപ്പള്ളിയുടെ വാക്കുകളെ എതിര്‍ത്തുകൊണ്ട് ഒരു ശ്രീനാരായണീയനും രംഗത്തുവരാത്തതിനാല്‍ അവരും ആ നിലപാടില്‍ തന്നെയാണെന്നു വിശ്വസിക്കുന്നു.
ഈഴവ ഗുരുവായ ശ്രീനാരായണന്റെ പേരില്‍ ആരംഭിച്ച സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഈഴവന്‍ തന്നെയാകണം എന്നാണ് വെള്ളാപ്പള്ളിയുടെ വാദം. അദ്ദേഹം വ്യക്തമായി പറഞ്ഞില്ലെങ്കിലും ക്രിസ്ത്യന്‍ സര്‍വകലാശാലയുടെ വി.സിയായി ക്രിസ്ത്യാനിയെയും ഇസ്‌ലാമിക സര്‍വകലാശാലയുടെ അധിപനായി മുസ്‌ലിമിനെയും വച്ച് സാമുദായിക പ്രീണനം നടത്തുമായിരുന്നില്ലേ എന്ന ധ്വനി ആ വാക്കുകള്‍ക്കിടയില്‍ വായിക്കാം. പ്രോ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഈഴവനുണ്ടല്ലോ എന്ന മറുചോദ്യം മുന്‍കൂട്ടി തടയാനായിരിക്കണം അങ്ങനെ രണ്ടാമനായി ഈഴവനെ വച്ചതും തന്റെ സമുദായത്തെ അവഹേളിക്കലായി എന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
വെള്ളാപ്പള്ളിയുടെ വാദം ശരിയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുനിന്ദ നടത്തിയവനും പാഠം പഠിപ്പിക്കപ്പെടേണ്ടവനും തന്നെയാണ്.
ഒരു സത്യം ആദ്യം അറിയണം. പേര് ശ്രീനാരായണഗുരുവിന്റേതാണെങ്കിലും ഇതു ഗുരുസന്ദേശം പഠിപ്പിക്കുന്ന സ്ഥാപനമല്ല. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയുമൊക്കെ പോലെ പേരു മാത്രമേയുള്ളു. (എങ്കിലും, ഗുരുവിന്റെ പേരുപയോഗിച്ചു ശ്രീനാരായണീയവോട്ടുകള്‍ സ്വന്തമാക്കാന്‍ തന്നെയാണു പിണറായി സര്‍ക്കാര്‍ ആ നീക്കം നടത്തിയെന്നതില്‍ ഇതെഴുതുന്നയാള്‍ക്കു സംശയമില്ല. അതിലെ അപകടം മണത്തു വേവലാതിയിലായിരുന്നു പ്രതിപക്ഷമെന്നതിലും സംശയമില്ല.)
പക്ഷേ, ഇവിടെ ഒരു സംശയമുള്ളത് വെള്ളാപ്പള്ളി നയിക്കുന്ന പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നിലപാടുപോലെ ജാതിവാദിയും മതദ്വേഷക്കാരനുമായിരുന്നോ ശ്രീനാരായണഗരു എന്നതിലാണ്. അതൊന്നു തികച്ചും നിഷ്പക്ഷമായി വിശകലനം ചെയ്യാന്‍ ഗുരുവിന്റെ വാക്കുകളെയും പ്രവൃത്തിയെയും തന്നെ ആശ്രയിക്കുകയാണ്. ഗുരു ജാതി, മതഭ്രാന്തനായിരുന്നോ എന്നു കണ്ടെത്തണമല്ലോ.
മുസ്‌ലിമിനെ ശ്രീനാരായണഗുരു സര്‍വകലാശാലയുടെ വി.സിയാക്കിയതാണല്ലോ ആരോപണവിഷയം. അതിനാല്‍ മതം തന്നെ ആദ്യമെടുക്കാം.
പലമതസാരവുമേകം എന്ന അതിമഹത്തായ സിദ്ധാന്തത്തിന്റെ വക്താവായിരുന്നു ഗുരു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാ: ക്രിസ്തുവിന്റെ ഉപദേശം നല്ലതല്ലേ. മുഹമ്മദ് നബിയുടെ ഉപദേശവും നല്ലതല്ലേ. മനുഷ്യന്‍ നന്നാവണമെന്നുതന്നെയാണല്ലോ അതിന്റെയൊക്കെ സാരം. മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അധഃപതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം.
എസ്.എന്‍.ഡി.പി യോഗമൊക്കെ രൂപീകരിക്കുന്നതിനു മുമ്പാണ് ഗുരു അരുവിപ്പുറത്ത് ആദ്യത്തെ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. അതിന്റെ പ്രവേശന കവാടത്തില്‍ ഗുരു തന്നെ എഴുതിവയ്പ്പിച്ച ഒരു മഹാവാക്യമുണ്ട്, ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന്. ആ വാക്കിന്റെ മാധുര്യവും അര്‍ത്ഥഗരിമയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മനുഷ്യനും അന്യമതക്കാരനെ ഗുരു സ്മാരക സര്‍വകലാശാലയുടെ അമരക്കാരനാക്കിയതിനെ പഴിക്കില്ല.
മതദ്വേഷത്തിന് അറുതി വരുത്താന്‍ സ്വന്തം നിലയില്‍ സര്‍വമതസമ്മേളനം വിളിച്ചു ചേര്‍ത്തയാളാണ് ശ്രീനാരായണഗുരു. മതപ്പോര് ഇല്ലാതാക്കാന്‍ എല്ലാവരും എല്ലാ മതങ്ങളെയും സമഭക്തിയോടെയും സമബുദ്ധിയോടെയും പഠിക്കണമെന്ന് ആഹ്വാനം ചെയ്തയാളാണ്. ഹിന്ദുക്കള്‍ ആവശ്യപ്പെട്ടതു കൊണ്ട് ക്ഷേത്രങ്ങള്‍ നിര്‍മിച്ചു നല്‍കിയപോലെ ഇതരമതക്കാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ആരാധനാലയങ്ങളും ഉണ്ടാക്കി കൊടുക്കാന്‍ സന്തോഷമേയുള്ളു എന്നു പറഞ്ഞയാളാണ്. മതം മാറി ഹൈന്ദവരാകാന്‍ സ്വമേധയാ തയാറായ മുസ്‌ലിം ശിഷ്യനോടും ക്രിസ്ത്യന്‍ ശിഷ്യനോടും അതതു മതങ്ങളില്‍ തുടരാന്‍ ഉപദേശിച്ചയാളാണ്.
ജാതിയുടെ കാര്യത്തിലാണെങ്കില്‍ അങ്ങേയറ്റം കാര്‍ക്കശ്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു ഗുരു. തീവണ്ടിയാത്രക്കിടയില്‍ ജാതി ചോദിച്ച സവര്‍ണനോട് കണ്ടാല്‍ അറിയില്ലെങ്കില്‍ കേട്ടാല്‍ അറിയുന്നതെങ്ങനെ എന്ന ഗുരുവിന്റെ മറുചോദ്യം ഏറെ പ്രശസ്തമാണ്. ജാതി ചിന്തയ്‌ക്കെതിരേയായിരുന്നു ഗുരുവിന്റെ പ്രധാനപോരാട്ടം. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്നു തുറന്നു പറഞ്ഞയാള്‍. ജാതി നിരോധിക്കാനും വ്യക്തികളുടെ പേരിനൊപ്പം ജാതിപ്പേരുകള്‍ ഉപയോഗിക്കുന്നതു തടയാനും ഭരണകൂടം നിയമം പാസാക്കണമെന്നു ശഠിച്ച മഹാന്‍.
എന്നിട്ടും തന്നെ ജാതിക്കൂട്ടിലും മതഭേദക്കൂട്ടിലും അടച്ചിടാന്‍ സ്വശിഷ്യര്‍ തന്നെ ശ്രമിച്ചപ്പോള്‍ താന്‍ ജാതി മതങ്ങള്‍ ഉപേക്ഷിച്ചിട്ടു കുറേ നാളായെന്നു പത്രപരസ്യം കൊടുത്തു ശ്രീനാരായണ ഗുരു. എന്നിട്ടും ജാതി, മതക്കോമരങ്ങളായ ശിഷ്യന്മാര്‍ തന്നെ വിടാന്‍ ഭാവമില്ലെന്നു കണ്ട് മനം മടുത്ത് താന്‍ രൂപീകരിച്ച എസ്.എന്‍.ഡി.പി യോഗത്തെ മനസ്സുകൊണ്ടും വാക്കുകൊണ്ടു ം തള്ളിപ്പറയുകയും ജാതി, മത ഭ്രാന്തന്മാരുടെ ശല്യമൊഴിവാക്കാന്‍ ആദ്യം തമിഴ്‌നാട്ടിലേയ്ക്കും പിന്നീട് ശ്രീലങ്കയിലേയ്ക്കും നാടുവിടുകയും ചെയ്യേണ്ടിവന്നു ഗുരുവിന്. തന്റെ ജീവിതം ഇലവു കാത്ത കിളിയെപ്പോലെ അര്‍ത്ഥശൂന്യമായി എന്നു വിലപിക്കേണ്ടി വന്നു ഗുരുവിന്.
ഗുരുവിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാര്‍ ശിവലിംഗദാസ സ്വാമി, ആനന്ദതീര്‍ത്ഥന്‍, ധര്‍മതീര്‍ത്ഥന്‍, സ്വാമി സത്യവ്രതന്‍, ചൈതന്യസ്വാമികള്‍, സ്വാമി ശുഭാനന്ദ തുടങ്ങിയവരായിരുന്നു. അവരാരും ഈഴവകുലത്തില്‍ ജനിച്ചവരായിരുന്നില്ല. രണ്ടു ബ്രാഹ്മണരുള്‍പ്പെടെ എട്ടു സവര്‍ണര്‍, രണ്ടു ദലിതന്മാര്‍, ഒരു യൂറോപ്യന്‍ ക്രിസ്ത്യാനി. ഒപ്പം ഈഴവകുലത്തില്‍ പിറന്നവരും. ധര്‍മസംഘം നിയമാവലി എഴുതലുള്‍പ്പെടെയുള്ള സുപ്രധാന ചുമതലകള്‍ ഗുരു ഏല്‍പ്പിച്ചത് ഇവരെയായിരുന്നു.
ജാതി, മത ഭേദ ചിന്തകളില്ലാത്ത ഈ ശിഷ്യരിലൂടെയാണ് താന്‍ ആഹ്വാനം ചെയ്ത ധര്‍മസിദ്ധാന്തങ്ങള്‍ പരിപാലിക്കപ്പെടേണ്ടതെന്ന ആത്മാര്‍ത്ഥ മോഹം കൊണ്ടാണ് ഗുരു വില്‍പ്പത്രം തയാറാക്കിയത്. അതറിഞ്ഞു ക്ഷുഭിതരായ അന്നത്തെ യോഗം നേതാക്കള്‍ പറഞ്ഞ വാചകങ്ങള്‍ ചരിത്രത്താളുകളില്‍ മായാതെ കിടപ്പുണ്ട്. ഞങ്ങളെ വേണ്ടാത്തഗുരുവിനെ ഞങ്ങള്‍ക്കും വേണ്ട എന്നതായിരുന്നു ആ വാക്കുകള്‍.
ഗുരുവിനെ സ്വന്തമാക്കേണ്ടതും ഗുരുവിന്റെ യശസ്സു നിലനിര്‍ത്തേണ്ടതും ഗുരുവിന്റെ ആദര്‍ശങ്ങള്‍ സഫലമാക്കിയാണ്, ജാതിയും മതവും പറഞ്ഞ് സ്ഥാനം നേടാന്‍ ശ്രമിച്ചല്ല. ഗുരുവിന്റെ പേരില്‍ മതദ്വേഷം വളര്‍ത്തുന്നവര്‍ മതഭ്രാന്തന്മാര്‍ക്കു പരവതാനി വിരിക്കുന്നവരാണ്, സംശയമില്ല.
എസ്.എന്‍.ഡി.പി യോഗത്തിന്റെ മഞ്ഞപ്പതാകയില്‍ വളരെ വ്യക്തമായി ചില വാക്കുകള്‍ എഴുതിയിട്ടുണ്ട്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതാണത്. ദയവായി, അതൊന്നു വായിച്ചു മനസില്‍ പകര്‍ത്താന്‍ ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."