കുടിവെള്ള പ്രശ്നം: അടുത്തമാസം ഉന്നതതല യോഗം
കാസര്‍കോട്: വേനല്‍ കാലങ്ങളില്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കാസര്‍കോട്ടെ മന്ത്രി എന്ന നിലയില്‍ ഇതിന്റെ എല്ലാ ഗൗരവവും ജലവിഭവമന്ത്രി മാത്യു ടി തോമസുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് അറിയിച്ചു.
അടുത്തമാസം കാസര്‍കോട്ട് ജലവിഭവ വകുപ്പിന്റെ ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ജലവിഭവവകുപ്പ് മന്ത്രിയും താനും യോഗത്തില്‍ പങ്കെടുക്കുമെന്നും ഇ ചന്ദ്രശേഖരന് പറഞ്ഞു.
ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ എത്തുമെന്നും ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാറിന്റെ ബജറ്റില്‍ 735 കോടി രൂപ നഗരസഭകളുടെ കുടിവെള്ള പാക്കേജിനാണ്. അതിനാല്‍ തന്നെ ഏഴുപതോ അതില്‍ കൂടുതലോ കോടി രൂപ ചെലവിട്ടായാലും പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ബാവിക്കരയില്‍ റഗുലേറ്റര്‍ പണിയാനും പയസ്വിനി പുഴയില്‍ വെള്ളം കെട്ടിനിര്‍ത്തി പമ്പ് ചെയ്തു ശുദ്ധീകരിച്ചു വിതരണം ചെയ്യാനുമുള്ള സംവിധാനം ആരംഭിക്കാനായി കാല്‍നൂറ്റാണ്ടായി ശ്രമങ്ങള്‍ നടന്നുവരുന്നു. നിലവില്‍ പമ്പിങ് സംവിധാനമുണ്ടെങ്കിലും റഗുലേറ്റര്‍ ഇല്ലാത്തതിനാല്‍ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം ഒലിച്ചിറങ്ങുന്നതാണു പ്രശ്നം ഉണ്ടാക്കുന്നത്. കൂടാതെ വേനല്‍ക്കാലങ്ങളില്‍ ജലസ്രോതസ്സ് വറ്റിപ്പോകുന്നത് കാസര്‍കോട്ടെ കുടിവെള്ളം മുട്ടാന്‍ കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."