മാനം വിറ്റു വേണോ പരീക്ഷയെഴുതാന്‍
കാണം വിറ്റും ഓണമുണ്ണണമെന്നു പറയാറുണ്ട്. ഓണമെന്ന ഐതിഹ്യത്തോടുള്ള വിശ്വാസവും അഭിനിവേശവം മൂലമാണത്. കാലംമാറിയപ്പോള്‍ മാനം വിറ്റും പരീക്ഷയെഴുതണമെന്ന തലത്തിലേയ്ക്കു വിധിവിലക്കുകള്‍ വഴിമാറുകയാണ്. അതിന് ഉദാഹരണമാണ് സി.ബി.എസ്.ഇ, എന്‍ട്രന്‍സ്, നീറ്റ് പരീക്ഷകള്‍.
പരീക്ഷാഹാളിനു നല്‍കുന്ന പരിരക്ഷ രാജ്യസുരക്ഷയ്ക്കുപോലും നല്‍കാത്ത തരത്തിലാണോയെന്നു സംശയിച്ചുപോകുന്ന തരത്തിലാണു പരിശോധനകള്‍. പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ മുട്ടിനു താഴെ മുറിച്ചു മാറ്റുക, അടിവസ്ത്രം അഴിച്ചുമാറ്റുക, സ്‌കാര്‍ഫ് നിര്‍ബന്ധമായും നിരോധിക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് വര്‍ഷംതോറും അരങ്ങേറുന്നത്.
ഇതെല്ലാം എന്തിനുവേണ്ടി. വിശ്വാസപരമായി സ്‌കാര്‍ഫും മുട്ടിനു താഴെയുളള വസ്ത്രഭാഗവും പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണ്. പരീക്ഷ നടത്തിപ്പുകാരുടെ നിയമപ്രകാരം പരീക്ഷാഹാളില്‍ അവ അഴിച്ചുവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് അറിയാം. അതേസമയം, പെണ്‍കുട്ടികളുടെ അടിവസ്ത്രത്തില്‍ തൊട്ടുകളിക്കുന്ന ഈ ഏര്‍പ്പാടുണ്ടല്ലോ, അത് അനുവദിക്കാനാവില്ല. എന്തിന്റെ പേരിലായാലും.
ഇതൊക്കെ ചെയ്യുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. എന്തിനെയാണു നിങ്ങള്‍ ഇത്ര ഭയക്കുന്നത്.
മുസ്‌ലിം പെണ്‍കുട്ടികളുടെ കൈമുട്ടിനുതാഴെയുളള വസ്ത്രത്തെയും അവരുടെ ശിരോവസ്ത്രത്തെയും എന്തിനു ഭയക്കുന്നു.
അവരുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച് അവരെ മാനസികമായി തകര്‍ക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്താണ്.
സ്ത്രീപീഡനങ്ങളുടെ പരമ്പര അരങ്ങേറുകയാണ് ആധുനികലോകത്ത്. സ്ത്രീകള്‍ ഭയപ്പാടോടെ മാത്രം പുറത്തിറങ്ങേണ്ട അവസ്ഥ. മാറിവരുന്ന സര്‍ക്കാരുകളും സന്നദ്ധസംഘടനകളും സ്ത്രീകള്‍ക്കുവേണ്ടി അലമുറയിട്ടിട്ടും അതിഭീകരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് ഇരയാകാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീകള്‍. നവംബര്‍ 25 അന്താരാഷ്ട്ര സ്ത്രീപീഡന നിവാരണദിനമായി ആചരിക്കുന്നതു കൊണ്ടു ഫലമൊന്നുമുണ്ടാകുന്നില്ല.
''സ്ത്രീകള്‍ക്കുനേരേയുള്ള അക്രമം ആഗോളപ്രതിഭാസമാണ്. ഇക്കാര്യത്തില്‍ എല്ലാ സമുദായക്കാരും സംസ്‌കാരക്കാരും തുല്യരാണ്. ദേശഭേദമന്യേ എല്ലാ വര്‍ഗത്തിലും വംശത്തിലും സാമൂഹ്യപാശ്ചാത്തലത്തിലും പെട്ട സ്ത്രീകള്‍ അതിന് ഇരയാകുന്നു.'' ഇത് മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫിഅന്നന്റെ വാക്കുകളാണ്.
തെക്കേഅമേരിക്കയിലെ ഒരു രാജ്യത്ത് 23 ശതമാനം സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹികാക്രമണത്തിനു വിധേയരാകുന്നുവെന്ന് ഹോളണ്ടിലെ ഒരു സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലെ സ്ത്രീകളില്‍ കാല്‍ഭാഗവും കുടുംബത്തിനുള്ളിലെ അക്രമം സഹിച്ചു ജീവിക്കുന്നുവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഓരോ ആഴ്ചയിലും ശരാശരി 2 സ്ത്രീകള്‍ തന്റെ പങ്കാളിയാല്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പു വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ല. രാമരാജ്യത്തിലും സ്ത്രീപീഡനം നടന്നിരുന്നുവെന്നു യു.പിയിലെ ഡി.ജി.പി ജഗ്‌മോഹന്‍ യാദവ്. കരളലിയിപ്പിക്കുന്ന ഭരണസിരാകേന്ദ്രത്തിലെ നിര്‍ഭയകേസ്, ജിഷ പീഡനം.... ഈ പട്ടിക നീണ്ടതാണ്. അതിനിടയിലും നീതിയുടെ വെട്ടം പരത്തുന്ന പ്രതീക്ഷയുടെ വെള്ളിവെളിച്ചം കൂടുതല്‍ പേര്‍ക്ക് ആശ്വാസമേകട്ടെ! നിര്‍ഭയകേസിന്റെ നിര്‍ണായക വിധി പീഡനങ്ങള്‍ക്കറുതി വരുത്തട്ടെ!
സുപ്രിംകോടതിയുടെ പരാമര്‍ശം ഗൗരവതരമായതുപോലെ അവര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും പാലിക്കപ്പെടണം.സ്ത്രീകളോടുള്ള ബഹുമാനവും സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനവും പവിത്രതയും ബോധ്യപ്പെടുത്തുകതന്നെ വേണം. അത് ഉള്‍ക്കൊണ്ടാല്‍ പരിധിവരെ പീഡനങ്ങള്‍ കുറഞ്ഞേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."