ഇതെന്താ ഇത്ര വോട്ട്, ഞെട്ടിത്തരിച്ച് യു.ഡി.എഫ്
കോഴിക്കോട്: ചരിത്രം കാണാത്ത ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒന്നടങ്കം ജയിച്ചുകയറിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നിലെ ചാലകശക്തി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ന്യൂനപക്ഷങ്ങളുടെ വികാരവും രാഹുല്‍ തരംഗവുമാണ് ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടി നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലത്തിനു വഴിവച്ചത്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ മലബാറിലെ മിക്ക മണ്ഡലങ്ങളിലും ഇത്തവണ മുക്കാല്‍ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പി. ജയരാജന്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഏറ്റവും ശക്തരായ സ്ഥാനാര്‍ഥികള്‍ പോലും ഈ വോട്ടുകുത്തൊഴുക്കില്‍ അടിതെറ്റി. മുസ്‌ലിം വോട്ടുകളുടെ ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ലീഡ് പിന്നാക്കം പോയില്ലെന്നത് ശ്രദ്ധേയമാണ്.
മുസ്‌ലിം സംഘടനകളില്‍ ഭൂരിഭാഗവും യു.ഡി.എഫ് അനുകൂല നിലപാടായിരുന്നു തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. യു.ഡി.എഫ് ആവശ്യപ്പെടാത്ത സംഘടനകളും സ്വമേധയാ പിന്തുണയുമായി രംഗത്തു വന്നു. എല്‍.ഡി.എഫിനെ പിന്തുണച്ചു പോന്നിരുന്ന ചില സംഘടനകളുടെ വോട്ടുകളും ഇത്തവണ വിഭജിച്ചു യു.ഡി.എഫിന് ലഭിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത് മലബാറിലാണ്. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വയനാട്ടില്‍ വിജയിച്ച രാഹുല്‍ ഗാന്ധി ( ഭൂരിപക്ഷം4,03,012 ) യുടെയും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി (ഭൂരിപക്ഷം 2,60050)യുടെയും വിജയത്തിനു പിന്നില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ഏകീകരണമാണ്.
മലപ്പുറത്ത് പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടു ചെയ്യാത്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ട് ചെയ്‌തെന്നു വേണം കരുതാന്‍. 1.87 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്. വടകരയില്‍ 84,942 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. മുരളീധരന്‍ വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചത് സ്ഥാനാര്‍ഥികള്‍ പോലും സ്വപ്നം കാണാത്ത ഭൂരിപക്ഷത്തിനാണ്. തെക്കന്‍ കേരളത്തിലും ഇതേവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുസ്‌ലിം, ക്രിസ്ത്യന്‍ മേഖകളിലെല്ലാം ഇത്തവണ കനത്തപോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.
പോളിങ് ശതമാനം ഉയര്‍ന്നു നിന്ന മണ്ഡലങ്ങളില്‍ 20 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം 20,000 വരെയെത്തി. മോദി സര്‍ക്കാറിനോടുള്ള കടുത്ത പ്രതിഷേധവും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുമാണ് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടാന്‍ ഇടയാക്കിയത്. തങ്ങളെ ബാധിക്കുന്ന ബില്ലുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചില നിലപാടുകള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പരമ്പരാഗത മതാചാരങ്ങളോട് സി.പി.എം പുലര്‍ത്തിയ പുതിയ നിലപാടും തിരിച്ചടിയായി. മോദിയുടെ തുടര്‍ഭരണം തടയുകയെന്ന ന്യൂനപക്ഷങ്ങളുടെ ഉറച്ചമനസും യു.ഡി.എഫിന്റെ വിജയം എളുപ്പമാക്കി. ദേശീയതലത്തില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ സി.പി.എമ്മിന് റോളില്ലെന്ന യു.ഡി.എഫ് പ്രചാരണത്തെ മറികടക്കാന്‍ സി.പി.എമ്മിനായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ ബി.ജെ.പിയില്‍ ചേരുമെന്ന യുക്തിരഹിത പ്രചാരണമാണ് ഇതിനു ബദലായി സി.പി.എം നടത്തിയത്. ഇത് പ്രബുദ്ധരായ വോട്ടര്‍മാര്‍ ചെവിക്കൊണ്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."