ഓപോസിഷന്‍ പ്രതിഭാസം: ചൊവ്വാഴ്ച 'ചൊവ്വ'യെ തെളിഞ്ഞുകാണാം
മഞ്ചേരി: ചൊവ്വാ ഗ്രഹത്തെ കൂടുതല്‍ ശോഭയോടെ കാണാന്‍ ചൊവ്വാഴ്ച മാനത്തേക്ക് കണ്ണുംനട്ടിരിക്കാം. ഓപ്പോസിഷന്‍ പ്രതിഭാസത്താല്‍ ചൊവ്വാ ഗ്രഹത്തെ കൂടുതല്‍ തെളിഞ്ഞുകാണാം. ഇനി തെളിമയില്‍ ചൊവ്വയെ കാണണമെങ്കില്‍ 2035 വരെ കാത്തിരിക്കേണ്ടി വരും.
ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിര്‍ദിശകളിലും നേര്‍രേഖയില്‍ വരുന്ന പ്രതിഭാസമാണ് ഓപ്പോസിഷന്‍. ഈ ദിവസം ഓപ്പോസിഷന്‍ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിക്കും. പാതിരാത്രിയോടെ ഉച്ചിയിലെത്തും. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ സൂര്യോദയ സമയത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. ഇതോടെ രാത്രി മുഴുവന്‍ അധിക ശോഭയില്‍ ചൊവ്വയെ നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാനാകും. സൂര്യാസ്തമയത്തോടെ കിഴക്കുദിക്കുമെങ്കിലും ചക്രവാള ശോഭ മായുകയും ചൊവ്വ അല്‍പം ഉയരുകയും ചെയ്താലേ നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകൂ. ഒരു മണിക്കൂറില്‍ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12ഓടെ ഉച്ചിയിലെത്തും. ഈ ദിവസം രാത്രി സമയത്ത് ചൊവ്വയോളം തിളക്കമുള്ളതൊന്നും ആകാശത്തുണ്ടാകില്ല. രക്തചുവപ്പിനോട് സമാനമായ നിറത്തിലാകും ചൊവ്വയെ കാണുക. ഇതു വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.
ഓപ്പോസിഷന്‍ പ്രതിഭാസം നടക്കുന്ന ദിവസങ്ങളില്‍ ഗ്രഹങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗം പൂര്‍ണമായും ഭൂമിക്ക് അഭിമുഖമായി വരും. പ്രതിഭാസം നടക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലും ഗ്രഹങ്ങളുടെ തെളിച്ചം വര്‍ധിച്ച് കൊണ്ടിരിക്കും. ഒക്ടോബര്‍ രണ്ട്, മൂന്ന് വാരങ്ങളില്‍ ചൊവ്വക്ക് തിളക്കം കൂടുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. ചൊവ്വയുടെ ഓപ്പോസിഷന്‍ അത്യപൂര്‍വ പ്രതിഭാസമല്ലെങ്കിലും ചൊവ്വ സൂര്യനെ ചുറ്റുന്ന തലവും ഭൂമി സൂര്യനെ ചുറ്റുന്ന തലവും തമ്മിലുള്ള ചെരിവു കാരണം കൃത്യമായ ഓപ്പോസിഷന്‍ വിരളമായേ വരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."