'ഗവേഷണപടു'ക്കളായ സര്‍ക്കാര്‍ സെക്രട്ടറിമാര്‍
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ സാഹിത്യകാരന്മാരും കലാകാരന്മാരും ഉണ്ടായിരുന്നുവെന്നു നേരത്തെ തന്നെ കേരളീയസമൂഹത്തിന് അറിവുള്ള കാര്യമാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി.പി നായര്‍, ജെ.ലളിതാംബിക, ഡി. ബാബുപോള്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. എന്നാല്‍, തലമൂത്ത ഐ.എ.എസ് ഓഫിസര്‍മാരായ അഡിഷനല്‍ ചീഫ് സെക്രട്ടറിമാരില്‍ ഗവേഷണപടുക്കളുണ്ടെന്ന വിവരം അഡിഷനല്‍ ചീഫ് സെക്രട്ടറിയും കൃഷിവകുപ്പ് സെക്രട്ടറിയുമായ പി.എച്ച് കുര്യന്‍ തന്റെ ദീര്‍ഘകാലത്തെ ഗവേഷണഫലം ഒരു പൊതുപരിപാടിയില്‍ അവതരിച്ചപ്പോഴായിരിക്കും പൊതുസമൂഹം അറിഞ്ഞിട്ടുണ്ടാവുക. അതു പൊതുസമൂഹത്തിന്റെ കുറ്റമല്ല. തന്റെ നിരന്തരമായ പ0ന ഗവേഷണ ഫലമായി അദ്ദേഹം കണ്ടെത്തിയ മഹത്തായ, കണ്ടുപിടുത്തം പുറത്തറിയിക്കാനുള്ള അവസരം ഇപ്പോഴാണു കിട്ടിയതെന്നു മാത്രം.
കുട്ടനാട്ടില്‍ പ്രളയമുണ്ടാകുന്നതിനു കാരണം നെല്‍കൃഷിയാണെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. തന്റെ പ0നത്തിന്റെയും നിരന്തരമായ അന്വേഷണത്തിന്റെയും ഫലമായായിരിക്കണം അദ്ദേഹം ഈ നിഗമനത്തിലെത്തിയിട്ടുണ്ടാവുക. മാത്രവുമല്ല, കുട്ടനാടിനെ രക്ഷിക്കുവാന്‍ അദ്ദേഹം ഒരു ഫോര്‍മുലയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ടൂറിസം വന്നാല്‍ മാത്രമേ കുട്ടനാട് പ്രളയക്കെടുതിയില്‍ നിന്നു മോക്ഷം പ്രാപിക്കുകയുള്ളൂവെന്നും അല്ലാതെ കൃഷിമന്ത്രി മോക്ഷപ്രാപ്തിക്കുവേണ്ടി നടത്തുന്ന കൃഷിയജ്ഞം വൃഥാവിലാവുകയേയുള്ളുവെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
കുട്ടനാടിനെ ടൂറിസം മേഖലയാക്കാന്‍ മുന്‍മന്ത്രി തോമസ്ചാണ്ടി അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. കായല്‍ കഴിയാവുന്നിടത്തോളം മണ്ണിട്ടു നികത്തി അദ്ദേഹം റിസോര്‍ട്ട് പണിതത് ഈയൊരു ലക്ഷ്യസാക്ഷാത്ക്കാരത്തിനു വേണ്ടിയായിരുന്നു. എന്നാല്‍, അനുപമയെപ്പോലുള്ള യുവകലക്ടര്‍മാര്‍ക്കു തോമസ്ചാണ്ടിയെപ്പോലുള്ള വികസന തല്‍പ്പരരുടെ വിശാലമായ കാഴ്ച്ചപ്പാട് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല.
അത്തരം സംഭവങ്ങളായിരിക്കണം ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ പി.എച്ച്.കുര്യനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അല്ലാതെ റിസോര്‍ട്ട് മുതലാളിമാര്‍ക്കും ഭൂമാഫിയ കള്‍ക്കും വേണ്ടിയുള്ള ഒരു വാദമായിരിക്കില്ല അദ്ദേഹത്തിന്റെ ഗവേഷണ കണ്ടെത്തല്‍. അടുത്തൂണ്‍ പറ്റാറായ 'ഇരുത്തം' വന്ന ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടാന്‍ ഇത്തരം പൊടിക്കൈകള്‍ നടത്താറുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പി.എച്ച് കുര്യനെപ്പോലുള്ള ഗവേഷണ കുതുകികളെ പുറകോട്ടു വലിക്കും.
കുട്ടനാട്, ആലപ്പുഴ എന്നൊക്കെ കേള്‍ക്കുമ്പോള്‍ത്തന്നെ ഏതൊരു മലയാളിയുടെയും മനസ്സില്‍ തെളിയുക കൃഷിയും അതിനോടനുബന്ധിച്ചുള്ള ജീവിതവ്യത്തിയുമായിരിക്കും. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം കൃഷി വെറുമൊരു തൊഴില്‍ എന്നതിനപ്പുറം അവരുടെ സംസ്‌കാരവും കൂടിയാണ്. അതറിയണമെങ്കില്‍ അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ വര്‍ണപ്പൊലിമകള്‍ മാറ്റിവച്ചു മണ്ണില്‍ പാദമൂന്നണം. ഞാറില്‍ പുതഞ്ഞു കിടക്കുന്ന ചേറിന്റെ മണം അറിയണം.അതറിയാന്‍ പാടില്ലാത്തവര്‍ക്കു നീണ്ടു വിശാലമായിക്കിടക്കുന്ന നെല്‍വയലുകള്‍ കാണുമ്പോള്‍ അവിടെ ഉയര്‍ന്നു വരേണ്ട ടൂറിസമായിരിക്കും മനസ്സില്‍ കാണുക.
അടുത്തൂണ്‍ പറ്റാറാകുമ്പോള്‍ ഔദ്യോഗിക കാലത്തുണ്ടാക്കിയെടുത്ത രാഷ്ട്രീയ,വ്യവസായി ബന്ധം ഉപയോഗപ്പെടുത്താനും അവര്‍ക്കുവേണ്ടി സേവനത്തിന്റെ അവസാനകാലങ്ങളില്‍ കുഴലൂത്തു നടത്തുവാനും തിടുക്കപ്പെടുന്നവര്‍ ഏറെയുണ്ട്. കുട്ടനാട് നെല്‍വയലുകള്‍ പ്രളയഹേതുവായിത്തീരുന്നതു മാത്രമായിരുന്നില്ല പി.എച്ച് കുര്യന്റെ ഗവേഷണവിഷയങ്ങളെന്നു തോന്നുന്നു. കുട്ടനാട്ടില്‍ 300 ഏക്കറില്‍ മത്സ്യകൃഷി നടത്തിയാല്‍ രാജ്യം മത്സ്യസമ്പന്നമാകുമെന്നു നേരത്തേ തന്നെ അദ്ദേഹം കണ്ടെത്തിയതാണത്രെ.
ഈ കാര്യം അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ശ്രദ്ധയില്‍ വളരെ ഗൗരവത്തില്‍ തന്നെ പെടുത്തിയതുമാണ്. കര്‍ഷകത്തൊഴിലാളികള്‍ തൊഴില്‍രഹിതരാകുമെന്നു പറഞ്ഞു വി.എസ് കുര്യന്റെ ചിന്തകളെ വേറിട്ടതാക്കി മാറ്റിനിര്‍ത്തി. എന്നാല്‍, അതുകൊണ്ടും അഡിഷനല്‍ ചീഫ് സെക്രട്ടറി അടങ്ങിയിരുന്നില്ലെന്നുവേണം കരുതാന്‍. അന്നു വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തെ സമീപിച്ചു തന്റെ മറ്റൊരു ഗവേഷണ സിദ്ധാന്തം അവതരിപ്പിക്കുകയുണ്ടായി. ഒരു നില കെട്ടിടമല്ല ബഹുനില കെട്ടിടങ്ങളാണു കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ആവോളം ശ്രമിച്ചതാണ്. പക്ഷേ ബിനോയ് വിശ്വം അനങ്ങിയില്ല.
തുടര്‍ന്ന്, യു.ഡി.എഫ് ഭരണം വന്നപ്പോഴും അദ്ദേഹം തന്റെ പഠന ഗവേഷണം തുടര്‍ന്നുവെന്നു വേണം കരുതാന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 'ഭൂരഹിതരില്ലാത്ത കേരളം' തട്ടിപ്പായിരുന്നുവെന്ന് അങ്ങനെയായിരിക്കണം അദ്ദേഹം കണ്ടെത്തിയിട്ടുണ്ടാവുക. ഇതെല്ലാം അദ്ദേഹം തന്നെ നേരിട്ടു വെളിപ്പെടുത്തിയപ്പോഴല്ലേ സമൂഹം അറിഞ്ഞത്. ഇത്തരം കണ്ടെത്തലുകളും നിഗമനങ്ങളും അന്വേഷണഫലങ്ങളും ക്രോഡീകരിച്ചു തിസീസാക്കി ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കാവുന്നതാണ്. എത്രയെത്ര ഐ.എ.എസ് ഓഫിസര്‍മാര്‍ ഇതര മേഖലകളിലും അവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.
ഗ്രഹണ കാലത്തു ഞാഞ്ഞൂളും തലപൊക്കുമെന്നു കേട്ടിട്ടുണ്ട്. പ്രളയകാലത്തും അതുണ്ടാകുമെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."