രാഷ്ട്രപതി തെരഞ്ഞെടുപ്പ് കൊഴുക്കുന്നു
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായ് 25ന് അവസാനിക്കാനിരിക്കേ അടുത്ത രാഷ്ട്രപതിക്കായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഭരണ പക്ഷവും തിരക്കിട്ട ആസൂത്രണത്തിലാണ്. കലാമിനെപ്പോലെ രാഷ്ട്രീയക്കാരനല്ലാത്ത രാഷ്ട്രപതിയെ ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുക വയ്യ. എങ്കിലും അത്തരത്തിലൊരു നീക്കം ഏതെങ്കിലും മുന്നണിയില്‍നിന്നുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതുമില്ല.
ഭരണ പക്ഷം
രാഷ്ട്രപതി സ്ഥാനത്തേയ്ക്കു പരിഗണിക്കാന്‍ നിരവധി പേരുകളാണു ഭരണപക്ഷത്തിനു മുന്നിലുള്ളത്. ബി.ജെ.പിക്കാര്‍ക്കിടയില്‍ സര്‍വാദരണീയനായി വാജ്‌പേയി ഉണ്ടെങ്കിലും അദ്ദേഹം ഓര്‍മ നശിച്ച അവസ്ഥയിലായതിനാല്‍ പരിഗണിക്കാനാവില്ല. പ്രധാനമന്ത്രി സ്ഥാനം മോഹിച്ചുകിട്ടിയില്ലെങ്കിലും രാഷ്ട്രപതിസ്ഥാനം സ്വപ്നം കണ്ട എല്‍.കെ അദ്വാനിയും ബി.ജെ.പിയില്‍ അദ്ദേഹത്തോളം സീനിയറായ മുരളി മനോഹര്‍ ജോഷിയും അയോധ്യ കേസിന്റെ കുരുക്കിലാണ്. അതിനാല്‍ അവരെ പരിഗണിക്കുക അസാധ്യം.
പാര്‍ട്ടിയില്‍ നിന്നൊരു രാഷ്ട്രപതിയെ കണ്ടെത്തിയേ തീരൂവെങ്കില്‍ ബി.ജെ.പിക്കു മുന്നില്‍ പരിഗണിക്കാനുള്ള സീനിയര്‍ നേതാക്കളില്‍ പ്രമുഖ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ്. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവും സാധ്യതാ പട്ടികയില്‍ ഉള്ളവരാണ്. പ്രായവും പക്വതയും തലയെടുപ്പും നോക്കാതെ പാര്‍ട്ടിയില്‍ നിന്ന് ഒരാളെ കണ്ടെത്തുകയെന്ന സാഹസത്തിനു ബി.ജെ.പി തയാറാകുമോ എന്നറിയില്ല.
ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന അബ്ദുല്‍ കലാം സമന്വയ സ്ഥാനാര്‍ഥിയായി രാഷ്ട്രപതിയായത് ബി.ജെ.പിയുടെ ഭരണകാലത്താണ്. രാജ്യത്തിന് ആദ്യ വനിതാരാഷ്ട്രപതി ഉണ്ടായത് കോണ്‍ഗ്രസ് ഭരണകാലത്ത്. രാജ്യത്ത് ആദ്യമായി ഒരു ഗോത്ര വനിത രാഷ്ട്രപതിയാകുമെങ്കില്‍ അത് ഇത്തവണയായിരിക്കണം. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവിനു സാധ്യത തെളിയുന്നത് ഇവിടെയാണ്.
പ്രതിപക്ഷം
രാജ്യത്തിന്റെ പ്രഥമ പൗരന്‍ തങ്ങള്‍ നിര്‍ദേശിക്കപ്പെട്ടയാളാകണമെന്ന തീവ്രാഭിലാഷത്തിലും അതിനുള്ള കഠിനപ്രയത്‌നത്തിലുമാണു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം. പക്ഷേ, അതത്ര എളുപ്പമല്ല. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏകമനസ്സായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒറ്റക്കെട്ടായി നില്‍ക്കുേമ്പാഴാണല്ലോ വിലപേശല്‍ ശക്തിയായി വളരാനാകുക. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തേയ്ക്കു രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അദ്ദേഹവുമായി ഇടപെടാന്‍ ഇപ്പോഴും വൈഷമ്യമുണ്ട്. രാഹുല്‍ഗാന്ധിയുടെ പക്വതയില്ലായ്മയാണ് അതിനു കാരണമെന്നാണ് ബിഹാറിന്റെ അധിപന്‍ നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ നിര്‍ണായകമായ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ശാരീരികാസ്വാസ്ഥ്യം മാറ്റിവച്ചു ചര്‍ച്ചക്കിറങ്ങേണ്ട ഗതികേടിലാണു സോണിയാ ഗാന്ധി.
എന്‍.സി.പിയുടെ ശരദ്പവാര്‍, സി.പി.എമ്മിന്റെ യെച്ചൂരി, ആര്‍.ജെ.ഡിയുടെ ലാലുപ്രസാദ് യാദവ് തുടങ്ങി ഒട്ടുമിക്ക നേതാക്കളുമായും അവര്‍ സംസാരിച്ചുകഴിഞ്ഞു. രണ്ടുവര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള പ്രതിപക്ഷ ഐക്യകാഹളമാകണം രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കൂട്ടായ്മയെന്നാണു യെച്ചൂരി ഉപദേശിച്ചിരിക്കുന്നത്.
എങ്കിലും, മമതാ ബാനര്‍ജി 2012ല്‍ കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായിരുന്ന പ്രണബ് മുഖര്‍ജിയെ എതിര്‍ത്തതുപോലെ ഇത്തവണയും രംഗത്തുവരുമോയെന്ന് ആശങ്കയില്ലാതില്ല. ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ അകലുകയും തദ്ദേശതെരഞ്ഞെടുപ്പില്‍ വേറിട്ടു മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് ഐക്യത്തില്‍ വിള്ളലുണ്ടാക്കിയേക്കുമെന്ന സൂചനയുണ്ട്. മഹാസഖ്യമുണ്ടാക്കണമെന്ന ആഹ്വാനവുമായി ബി.എസ്.പിയുടെ മായാവതി രംഗത്തുണ്ടെന്നത് കോണ്‍ഗ്രസിന് ആശ്വാസമേകുന്ന കാര്യമാണ്.
ചേരിചേരാപക്ഷം
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറമേ ഇത്തവണ ചേരിചേരാപക്ഷമെന്ന ഒരു പക്ഷം കൂടി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്. രാഷ്ട്രീയ അന്തഃഛിദ്രത്തില്‍ തളര്‍ന്ന പാര്‍ട്ടികളും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്ന പാര്‍ട്ടികളും ഇക്കൂട്ടത്തിലുണ്ട്. തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെയും ഒഡിഷയിലെ ബിജു ജനതാദളും, തെലങ്കാനയിലെ തെലങ്കാന രാഷ്ട്രസമിതിയും ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും, ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയും ഹരിയാനയിലെ ഐ.എന്‍.എല്ലുമൊക്കെ ഈ ചേരിയിലുണ്ട്.
ഇവരുടെ വോട്ടുകളാണു വിധി നിര്‍ണയിക്കുക. ഇതില്‍ അണ്ണാ ഡി.എം.കെയെ ചാക്കിടാന്‍ ബി.ജെ.പി തന്ത്രമൊരുക്കിക്കഴിഞ്ഞു. വൈ.എസ്.ആറിനെയും ടി.ആര്‍.എസിനെയും വെറുപ്പിക്കാത്തതും ഈ തന്ത്രത്തിന്റെ ഭാഗമാണ്. ബിജു ജനതാദളിന്റെ പിന്തുണയും അവര്‍ പ്രതീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പ് രീതി
രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതു ലോക്‌സഭാംഗങ്ങളും രാജ്യസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ നിയസഭാംഗങ്ങളുമാണ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ ആകെ എണ്ണം 776 ആണ്. സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെ ആകെ എണ്ണം 4114. ഇതനുസരിച്ച് എം.എല്‍.എമാരുടെ ആകെ വോട്ട്മൂല്യം 549474 ആണ്. എം.പി വോട്ട് മൂല്യം 549408. രണ്ടും കൂടി 1098882 വോട്ട് മൂല്യമാണുണ്ടാവുക. അതായത് 549441 വോട്ടു മൂല്യം (50 ശതമാനം) നേടുന്ന സ്ഥാനാര്‍ഥി ജയിക്കും.
1974ല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് ഒരു പ്രത്യേക ഫോര്‍മുല ഉപയോഗിച്ചാണ് വോട്ടുകള്‍ തിട്ടപ്പെടുത്തുന്നത്. ഇതുപ്രകാരം ഒരു എം.പിയുടെ വോട്ടിന് 708 ആണ് മൂല്യം. എം.എല്‍.എയുടെ വോട്ട് മൂല്യം അതതു സംസ്ഥാനത്തെ ജനസംഖ്യയുടെയും നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശ്‌പോലുള്ള വലിയ സംസ്ഥാനത്തെ ഒരു എം.എല്‍.എയുടെ വോട്ടിന് 208 ആണ് മൂല്യമെങ്കില്‍ സിക്കിമില്‍ നിന്നുള്ള എം.എല്‍.എയുടെ വോട്ട് മൂല്യം ഏഴു മാത്രമാണ്.
ജയസാധ്യത
നിലവിലുള്ള വോട്ട് മൂല്യമനുസരിച്ചു സഖ്യകക്ഷികളുടെ വോട്ട് മുഴുവന്‍ നേടാന്‍ ബി.ജെ.പിക്കു കഴിഞ്ഞാല്‍ വോട്ട് മൂല്യം 532037 ആകും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എം.എല്‍.എമാരുടെ 241757 വോട്ടുമൂല്യവും എം.പിമാരുടെ 290280 വോട്ടുമൂല്യവുമുള്‍പ്പെടെയാണിത്. ചേരിചേരാകക്ഷികളില്ലാത്ത പ്രതിപക്ഷപാര്‍ട്ടികള്‍ക്കെല്ലാംകൂടി സംസ്ഥാനങ്ങളില്‍നിന്ന് 218987 വോട്ട് മൂല്യവും എം.പിമാരുടേതായി 173460 വോട്ടുമൂല്യവുമാണു സമാഹരിക്കാനാവുക. അതായത് 391739 വോട്ട് മൂല്യം. 17404 വോട്ട് മൂല്യത്തിന്റെ കുറവാണ് ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ രാഷ്ട്രപതിയെ ഏകപക്ഷീയമായി അവരോധിക്കാന്‍ ഭരണസഖ്യത്തിനു കുറവുള്ളത്.
ഈ കുറവാണ് അവര്‍ ചേരിചേരാപക്ഷത്തുനിന്നു പ്രതീക്ഷിക്കുന്നത്. ചേരിചേരാപക്ഷത്തിന് എം.എല്‍.എമാരുടേതായി 71495 വോട്ടുമൂല്യവും എം.പിമാരുടേതായി 72924 വോട്ടുമൂല്യവും ഉള്‍പ്പെടെ 144302 വോട്ടുമൂല്യമാണുള്ളത്. ഇവരില്‍നിന്നു ജയിക്കാന്‍വേണ്ടത്ര വോട്ട് നേടിയെടുക്കുകയാണു ഭരണപക്ഷത്തിന്റെ ലക്ഷ്യം. ചേരിചേരാപക്ഷം പ്രതിപക്ഷത്തിനൊപ്പം കൂടിയാല്‍ പ്രതിപക്ഷത്തിന്റെ ആകെ വോട്ട് 536041 ആകും.
എന്‍.ഡി.എ സഖ്യത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ പല നയങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേന. അതിനാല്‍ കോണ്‍ഗ്രസിനു സേനയില്‍ ഒരു കണ്ണുണ്ട്. മുന്‍പ് രണ്ടുതവണ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നപ്പോഴും കോണ്‍ഗ്രസിന് ശിവസേനയുടെ മൗനം അനുകൂലമായി തിരിക്കാന്‍ സാധിച്ചിരുന്നു. പ്രതിഭാപാട്ടീല്‍ രാഷ്ട്രപതി ആയപ്പോഴും പ്രണബ് മുഖര്‍ജി ആയപ്പോഴും ശിവസേന കോണ്‍ഗ്രസിനൊപ്പം വോട്ട് ചെയ്ത് എന്‍.ഡി.എയില്‍ പിളര്‍പ്പുണ്ടാക്കിയിരുന്നു.
25893 വോട്ട് മൂല്യമാണ് ശിവസേനയ്ക്കുള്ളത്. ശിവസേനയുടെ മനസ്സു കണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അങ്കത്തിനിറക്കുന്നതെങ്കില്‍ ഒരുപക്ഷേ അത് എന്‍.സി.പിയുടെ മറാത്തി ശക്തന്‍ ശരത്പവാറായേയ്ക്കും. എന്നാല്‍ ചേരിചേരാപക്ഷത്തിന്റെ മനസിലിരുപ്പു കണ്ടാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെങ്കില്‍ അതു മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങാവാനാണു സാധ്യത. ജെ.ഡി.യുവിന്റെ ശരദ് യാദവും മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറും ലിസ്റ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."