ബിജെപിയുടെ പ്രചാരണങ്ങള്‍ സ്വാധീനിച്ചില്ല; പഞ്ചാബില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്
അമൃത്‌സര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങളടക്കം ബി.ജെ.പി വ്യാപക പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിനെ തുണച്ച് പഞ്ചാബ്. ഈ മാസം 23ന് അവസാന ഘട്ടത്തിലായിരുന്നു പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ് കൂടിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കമുള്ള നെഹ്‌റു കുടുംബാംഗങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളായിരുന്നു തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയത്. 1984 സിഖ് കൂട്ടക്കൊലയ്ക്ക് രാജീവ് ഗാന്ധിയാണ് ആഹ്വാനം ചെയ്തതെന്ന വാദവും ഇതിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ മുന്നോട്ട് വച്ചു. സിഖ് ഭൂരിപക്ഷ സംസ്ഥാനമായ പഞ്ചാബിലെ വോട്ടുകള്‍ കോണ്‍ഗ്രസിനെതിരേ തിരിക്കാനാണ് ബി.ജെ.പിയുടെ ഈ തന്ത്രമെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിയുടെ ഇത്തരം പ്രചാരണങ്ങള്‍ക്ക് പഞ്ചാബിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് വ്യക്തമാകുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ തിരിച്ചടി നേരിട്ടപ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്നത് കേരളവും തമിഴ്‌നാടും പഞ്ചാബുമാണ്. ഇതില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. വോട്ടെണ്ണല്‍ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളില്‍ എട്ടിടത്താണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 2014ല്‍ 3 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. 2009ല്‍ എട്ട് സീറ്റുകളിലും 2004ല്‍ രണ്ടു സീറ്റുകളിലുമാണ് പാര്‍ട്ടി ജയിച്ചത്. ഒന്നിടവിട്ട തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന പാറ്റേണാണ് പഞ്ചാബിലെ വോട്ടര്‍മാര്‍ പിന്തുടരുന്നതെന്നാണ് 15 വര്‍ഷത്തിനിടയിലെ നാല് തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുക.
ശിരോമണി അകാലിദള്‍ 2, ബി.ജെ.പി 2, എ.എ.പി 1 എന്നിങ്ങനെയാണ് ഇത്തവണ മറ്റു കക്ഷികളുടെ ലീഡ് നില. 2014ല്‍ നാലു സീറ്റുകള്‍ നേടിയ എ.എ.പിക്ക് ഇത്തവണ നഷ്ടം സംഭവിച്ചു. 2004ല്‍ എട്ടും, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ നാല് വീതവും സീറ്റ് നേടിയ ശിരോമണി അകാലിദളിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് നഷ്ടത്തിന്റേതാണ്. 2014ല്‍ ബിജെപി ഒരു സീറ്റും നേടിയിരുന്നില്ല. 2009ല്‍ ഒരു സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്ക് നേടാനായത്. ഇത്തവണത്തെ ഫലവുമായി തട്ടിച്ചുനോക്കുമ്പോള്‍ 2004ലാണ് ബിജെപിക്ക് ഇതിനു മുന്‍പ് പഞ്ചാബില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. മൂന്നു സീറ്റുകളിലായിരുന്നു ദേശീയ തലത്തില്‍ യു.പി.എ വിജയിച്ച 2004ല്‍ പഞ്ചാബില്‍ ബിജെപിക്ക് വിജയിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."