തൃക്കരിപ്പൂര്‍ പോളി: സമരം നടത്തി എസ്.എഫ്.ഐ വെട്ടിലായി
തൃക്കരിപ്പൂര്‍: യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സമരത്തിന്റെ പേരില്‍ ഒരു ദിവസം പോലും അധ്യായനം മുടങ്ങാത്ത തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്നിക് കോളജ് എസ്.എഫ്.ഐ സമരത്തിന്റെ പേരില്‍ ഇടതു സര്‍ക്കാറിന്റെ തുടക്കത്തില്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത് എസ്.എഫ്.ഐക്ക് വിനയായി. ഏറെ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെട്ട കോഴ്സുകളുമുള്ള കോളജ് ഇത്തരത്തില്‍ എത്തിച്ചതില്‍ വിദ്യാര്‍ഥി സംഘടനക്കെതിരേ കോളജിലെ ഇടത് ആഭിമുഖ്യമുള്ള അധ്യാപകരും ക്ഷുഭിതരാണ്.
കോളജ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച മുറി മറ്റു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെ അക്രമിക്കാനും ഗുണ്ടാപ്രവര്‍ത്തനം നടത്താനും ഉപയോഗിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൂട്ടിയത്. കൂടാതെ വളരെ അസൗകര്യമുള്ള മുറിയിലുള്ള കോളജ് കോ ഓപ്പറേറ്റിവ് സ്റ്റോര്‍, യൂനിയന്‍ പ്രവര്‍ത്തിച്ച മുറിയിലേക്കു മാറ്റുകയും കോ ഓപ്പറേറ്റിവ് സ്റ്റോറായി ഉപയോഗിച്ച മുറി പുതുതായി ആരംഭിച്ച ബയോ മെഡിക്കല്‍ വിഭാഗം അധ്യാപകര്‍ക്കു നല്‍കുകയും ചെയ്തു.
കോളജ് അനിശ്ചിതകാല േത്തക്ക് അടച്ചിട്ടതോടെ സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് അനുകൂലമായ സമീപനം കിട്ടാതെ വന്നതോടെയാണ് എസ്.എഫ്.ഐക്കാര്‍ വെട്ടിലായത്. കോ ഓപ്പറേറ്റിവ് സ്റ്റോര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നു മറ്റു വിദ്യാര്‍ഥി സംഘടനകള്‍ പ്രിന്‍സിപ്പലിനു നിവേദനം കൊടുത്തതോടെയാണു മുറി അനുവദിച്ചുതരണമെന്നും യൂനിയന്‍ മുറിയില്‍ ആരംഭിച്ച സ്റ്റോര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് എസ്.എഫ്.ഐ സമര പ്രഖ്യാപനം നടത്തിയത്. ഇതു സംഘര്‍ഷത്തില്‍ എത്തുമെന്ന് കണ്ടതോടെയാണ് പ്രിന്‍സിപ്പല്‍ അനിശ്ചിതകാലത്തേക്ക് കോളജ് അടച്ചിട്ടത്. 27നു നടക്കുന്ന പി.ടി.എ ജനറല്‍ ബോഡിയോഗത്തിനു ശേഷമേ കോളജ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."