താമര വിരിഞ്ഞില്ല, ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിക്കു സാധ്യത: പിള്ളയുടെ സ്ഥാനം തെറിക്കും
തിരുവനന്തപുരം: ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയാതെപോയ സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിക്കു സാധ്യത. പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഉള്‍പ്പെടെയാകും ഇളക്കമുണ്ടാകാന്‍ പോകുന്നത്.
ശബരിമലയെ സുവര്‍ണാവസരമായി കണ്ടിട്ടും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും പടലപ്പിണക്കവും കാരണമാണ് ഒരു സീറ്റില്‍ പോലും വിജയിക്കാനാകാത്തതെന്ന പൊതുവികാരം ബി.ജെ.പിയിലുണ്ട്. നേതൃത്വമെന്ന നിലയില്‍ പ്രസിഡന്റിന്റെ വീഴ്ചകളും ഏകോപനത്തിലെ പോരായ്മകളും പിള്ളയുടെ സ്ഥാനത്തിന് വെല്ലുവിളിയാകും. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ മത്സരിക്കുന്നതിനായി നടത്തിയ നീക്കങ്ങളും അതിനുശേഷം നടത്തിയ വിവാദ പ്രസംഗങ്ങളും പിള്ളയുടെ നേതൃത്വത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു.
പുതിയ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളയെ കേന്ദ്രത്തിലെ ഏതെങ്കിലും കമ്മിഷന്റെയോ മറ്റോ ചുമതല നല്‍കി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള സാധ്യതയാണ് ഉള്ളത്. പകരം എം.ടി.രമേശ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നേക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ രമേശ് മാറിനിന്നത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനായിരുന്നു. പ്രസിഡന്റ് മാറുന്നതിനൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളും മാറിവരും.
പത്തനംതിട്ടയില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ കെ.സുരേന്ദ്രനെ കോന്നി മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരനും ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇവരെ നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ല. ആര്‍.എസ്.എസില്‍നിന്നു ബി.ജെ.പിയുടെ ചുമതലയുള്ള എം.ഗണേശിനെയും മാറ്റിയേക്കും. കൃഷ്ണദാസ് പക്ഷക്കാരനായി നിന്ന് ഒരു വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമുള്ളതിനാലാണ് ഗണേഷിനെ മാറ്റുന്നതിലേക്ക് എത്തിയത്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്.
നേതാക്കള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട ചുമതലകളിലേക്ക് കൊണ്ടുവരാനും തീരുമാനമുണ്ട്. നിലവിലുള്ള ചിലരെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് സംസ്ഥാനഘടകത്തെ പിടികൂടിയിരിക്കുന്ന ഗ്രൂപ്പിസത്തിന് കടിഞ്ഞാണിടുകയുമാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."