അബ്ദുല്ല ഫാദില്‍ സ്ഥുതി പാടുമ്പോള്‍
സംഗീത ആസ്വാദക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സ്വരമാധുര്യം. തിരുനബിയുടെ മദ്ഹുകളും മാപ്പിളപ്പാട്ടുകളും ഉള്‍പ്പെടെ ആയിരത്തിലധികം അതിമനോഹര ഗാനങ്ങളാണ് അബ്ദുല്ല ഫാദില്‍ മൂടാലെന്ന ഈ അനുഗ്രഹീത ഗായകന്‍ ഇതിനകം ശ്രോതാക്കള്‍ക്ക് സമ്മാനിച്ചത്. പാശ്ചാത്തല സംഗീതങ്ങളുടെ കാതടപ്പിക്കുന്ന അകമ്പടികളില്ലെന്നതും ഈ കൊച്ചുഗായകന്റെ ഗാനാലാപനത്തെ വ്യത്യസ്തമാക്കുന്നു.
പതിനാലുകാരനായ ഫാദില്‍, മുഫ്‌ലിഹ് പാണക്കാടുമായി ചേര്‍ന്ന് ആലപിച്ച 'നബി... നബി... ഉലകില്‍ സലാം, സലാം...' എന്ന ഗാനം മാത്രം വിവിധ യൂട്യൂബ് ചാനലുകളിലായി പത്ത് മില്യണിലധികം ആളുകള്‍ കേട്ടും കണ്ടും ആസ്വദിച്ചുകഴിഞ്ഞു. ഒരു ചാനലില്‍ മാത്രം എഴുപത് ലക്ഷത്തിലധികം പേരാണ് ഈ ഗാനം ശ്രവിച്ചത്. മന്‍സൂര്‍ കിളിനക്കോടാണ് തരംഗമായ ഈ സ്തുതിഗീതത്തിന്റെ രചയിതാവ്.
കേട്ടുകൊ@േയിരിക്കുന്നു
വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന നിരവധി ഗാനങ്ങളിലൂടെ മലയാള നാടിന് സുപരിചിതനാണ് വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഫാദില്‍. ശ്രവണപഥത്തിലേക്ക് പ്രവാചകാനുരാഗത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങുന്ന അബ്ദുല്ല ഫാദിലിന്റെ മിക്ക ഗാനങ്ങളും യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. വാട്‌സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റുഫോമുകളിലും തിളങ്ങിനില്‍ക്കുന്നു.
ശബ്ദവിസ്മയത്താല്‍ മനസുകളില്‍ നവ്യാനുഭൂതി പകരുന്ന മിക്ക ഗാനങ്ങളും ലക്ഷക്കണക്കിനു പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രവാചകസ്തുതി ഗാനങ്ങളാണ് കൂടുതലും പാടി വൈറലായത്. വെള്ളിനിലാ പോല്‍... അംബരദീപം... തുടങ്ങിയവ ഫാദില്‍ ആലപിച്ചതില്‍ ചിലതു മാത്രം. ഒട്ടേറെ പ്രമുഖരായ ഗാനരചയിതാക്കളുടെ വരികള്‍ക്ക് ശബ്ദം നല്‍കിയ ഫാദില്‍ അടുത്തിടെ നൗഷാദ് ബാഖവി ചിറയിന്‍കീഴ് ചിട്ടപ്പെടുത്തിയ ഗാനവും ആലപിച്ചിരുന്നു.
സമസ്ത ഇസ്‌ലാമിക് കാലാമേള, എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം എന്നിവയില്‍ സംസ്ഥാന ജേതാവാണ് ഫാദില്‍. കൂടാതെ സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധി അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ഈ കൊച്ചുഗായകനെ തേടിയെത്തിയിട്ടുണ്ട്. കൊവിഡിനെ കുറിച്ച് പാടിയ പാട്ട് ഫേസ്ബുക്കില്‍ നടന്‍ സലിംകുമാര്‍ പങ്കുവയ്ക്കുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ അഭിനന്ദനവും ഈ മിടുക്കനെ തേടിയെത്തി.
പാഠ്യരംഗത്തും ശോഭിച്ചു
വളാഞ്ചേരി മര്‍ക്കസു തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ ഹിഫ്‌ള് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഫാദില്‍. വിശുദ്ധ ഖുര്‍ആന്‍ പഠനത്തോടൊപ്പം സാര്‍ഗാത്മക മേഖലയിലും നിറഞ്ഞുനില്‍ക്കുന്നുവെന്നതാണ് ഫാദിലെന്ന അതുല്യപ്രതിഭയെ വേറിട്ടുനിര്‍ത്തുന്നത്. പഠനത്തിലും മിടുക്കനായ ഫാദില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ച്, ഏഴ് പൊതുപരീക്ഷകളില്‍ ടോപ് പ്ലസ് ജേതാവാണ്. സ്‌കൂള്‍ പഠനത്തിലും മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്നു.
സമി യൂസുഫ്, മെഹര്‍ സൈന്‍ തുടങ്ങി രാജ്യാന്തര പ്രശസ്തരായ ഇസ്‌ലാമിക് ഗായകരെ പിന്തുടരലാണ് പ്രധാന ഹോബി. കലാപരമായ മേന്മയ്‌ക്കൊപ്പം കായികരംഗത്തും കരുത്തുതെളിയിച്ച് മുന്നേറുകയാണ് ഫാദില്‍. കാല്‍പന്തുകളിയില്‍ നിരവധി ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. കളിക്കുക മാത്രമല്ല, ഇതേക്കുറിച്ചുള്ള അന്തര്‍ദേശീയ മത്സരങ്ങളുടെയും ജേതാക്കളുടെയും താരങ്ങളുടെയും വിവരങ്ങളും ഫാദില്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചോദിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുകയും ചെയ്യും.
പഠിച്ചൊരു ഡോക്ടറാവണം
പഠനത്തിനിടെ ലഭിക്കുന്ന കുറഞ്ഞസമയം ഉപയോഗപ്പെടുത്തിയാണ് ഫാദില്‍ സ്റ്റുഡിയോകളിലും വേദികളിലുമെത്തി ഗാനരംഗത്ത് വ്യക്തിമുദ്ര ചാര്‍ത്തുന്നത്. ചെറിയ സമയത്തിനുള്ളില്‍ പാട്ട് പഠിക്കാനും പാടാനും പ്രത്യേക കഴിവ് ഫാദിലില്‍ കാണാമെന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നവരുടെ അനുഭവം.
കലയും കായികവും പഠനവുമെല്ലാം ഒരുപോലെ മുന്നോട്ടുകൊണ്ടുപോവുകയും അതില്‍ പ്രതിഭ തെളിയിക്കുകയും ചെയ്യുന്ന ഫാദിലിന്റെ ആഗ്രഹം ഡോക്ടറാകണമെന്നാണ്. ഗായകനായി തുടരുന്നതോടൊപ്പം ആത്മീയ ഔന്നത്യമുള്ള ആതുരശുശ്രൂഷകനായി മാറാനുള്ള പ്രയത്‌നമാണ് മുന്നോട്ടുള്ള വഴികളില്‍. കുടുംബവും ഈ ആഗ്രഹ സഫലീകരണത്തിനായി കൂടെയുണ്ട്. വളാഞ്ചേരി മൂടാല്‍ പാലക്കല്‍ അബ്ദുല്‍ ഹമീദ്- സീനത്ത് ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ശാദി ജ്യേഷ്ഠ സഹോദരനും ശഹദ ഇളയ സഹോദരിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."