പ്രളയം: വിദ്യാലയങ്ങളിലൂടെയുള്ള സംഭാവനയുടെ കണക്കെടുപ്പിന് 'സമ്പൂര്‍ണ'
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി.
ഓരോ സ്‌കൂളും ശേഖരിക്കുന്ന തുക നാളെ വൈകിട്ട് 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലാണ് രേഖപ്പെടുത്തേണ്ടത്. എസ്.ബി.ഐയുടെ പോര്‍ട്ടലില്‍ ഓണ്‍ലൈനായും ശാഖകള്‍വഴി ചലാന്‍ ഉപയോഗിച്ചും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കാം.
സംസ്ഥാനത്തെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ സ്‌കൂളുകളുടെയും (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തണമെന്നു നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ പോര്‍ട്ടല്‍വഴി നടത്താന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
www.sampoorna.stichool.gov.in പോര്‍ട്ടലിലാണ് ഫണ്ട് ശേഖരണ വിവരങ്ങള്‍ നല്‍കേണ്ടത്. പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് നിലവിലുള്ള 'സമ്പൂര്‍ണ' ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ക്ക് എച്ച്.എസ് ക്യാപില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും സമ്പൂര്‍ണ പോര്‍ട്ടലില്‍ പ്രവേശിക്കാം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ സംസ്ഥാന സിലബസിനു പുറമേയുള്ള സ്‌കൂളുകള്‍ സമ്പൂര്‍ണയില്‍ നല്‍കിയ ലിങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം.
പ്രളയബാധിത സ്‌കൂളുകളിലെ കെട്ടിടം, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ള വിതരണ സംവിധാനം, ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ചിത്ര സഹിതം ശേഖരിക്കുന്ന പ്രക്രിയ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകുമെന്നു കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
താല്‍പര്യമുള്ളവര്‍ക്കു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി സ്‌കൂളുകളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ബുധനാഴ്ചയോടെ പ്രസിദ്ധീകരിക്കും. സര്‍ക്കുലറുകള്‍ ംംം.ലറൗരമശേീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."