എലം സ്റ്റോറില്‍ മോഷണം: ക്ഷേത്രം പൂജാരി അറസ്റ്റില്‍
രാജകുമാരി: ഏലം സ്റ്റോറില്‍ അതിക്രമിച്ച് കയറി രണ്ട് തൊഴിലാളികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് മയക്കികിടത്തി രണ്ട് പോത്തിന്‍കുട്ടികളെയും കാര്‍ഷികോപകരണങ്ങളും മോഷ്ടിച്ചെന്ന പരാതിയെതുടര്‍ന്ന് ക്ഷേത്രം പൂജാരിയെ പൊലിസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ നന്ദിക്കര സ്വദേശി ചേരിമലയില്‍ ബിജു ശാന്തി (46) യാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ ശാന്തമ്പാറ പൊലിസ് കേസെടുത്തിട്ടുണ്ട്.
ബിജു ശാന്തിയെ ഇരിങ്ങാലക്കുട പൊലിസ് അറസ്റ്റ് ചെയ്ത് ശാന്തമ്പാറ പൊലിസിന് കൈമാറുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. തൊട്ടിക്കാനം വാഴാട്ട് ജോജിയുടെ ഉടമസ്ഥതിയിലുള്ള കള്ളിപ്പാറയിലെ ഏലം എസ്റ്റേറ്റില്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കയറി അവിടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ മര്‍ദ്ദിക്കുകയും മദ്യം വായിലൊഴിച്ച് കൊടുത്ത ശേഷം മോഷണം നടത്തുകയായിരുന്നുവെന്നാണ് കേസ്.
ഏലം സ്റ്റോറിലെ ജീവനക്കാരായ പാല്ച്ചാമി (60), മധ്യപ്രദേശ് സ്വദേശിയായ കീനു (36) എന്നിവരെയാണ് ബിജു ശാന്തിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തത്.
തുടര്‍ന്ന് എസ്റ്റേറ്റിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് പോത്തിന്‍കുട്ടികളെയും മരുന്ന് തളിക്കുന്ന മോട്ടോറും ഒരു ലക്ഷം രൂപ വിലവരുന്ന കാര്‍ഷികോപകരണങ്ങളും മോഷ്ടിച്ചു. കേസിലെ ഒന്നാം പ്രതിയായ ബിജു ശാന്തി ബൈസണ്‍വാലി സ്വദേശിയാണ്. വര്‍ഷങ്ങളായി ഇയാള്‍ തൃശൂര്‍ നന്ദിക്കരയിലാണ് താമസം. ഇയാള്‍ക്കെതിരെ മോഷണവും അടിപിടിയുമടക്കം വേറെയും കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ശാന്തമ്പാറ എസ്.ഐ .പി.എസ്. സുബ്രമണ്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."