പച്ചക്കപ്പ വില കുതിക്കുന്നു; വിപണിയില്‍ ക്ഷാമം
അടിമാലി: കപ്പയുടെ വില കുതിക്കുന്നു. മാത്രമല്ല, കപ്പയ്ക്കു വിപണിയില്‍ ക്ഷാമവും അനുഭവപ്പെടുന്നു. രണ്ടാഴ്ച മുമ്പ് 15 മുതല്‍ 20 രൂപ വരെ വിലയുണ്ടായിരുന്ന പച്ചക്കപ്പയുടെ ഇപ്പോഴത്തെ വില 25 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
കപ്പയുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു മൂന്നു കിലോ കപ്പയ്ക്കു 50 രൂപയായിരുന്നു വില. ഇതാണിപ്പോള്‍ ഇരട്ടിയിലധികം വിലയായിരിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ വന്‍തോതില്‍ കര്‍ഷകര്‍ കപ്പക്കൃഷി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വന്‍ വിലത്തകര്‍ച്ച നേരിട്ടതോടെ കര്‍ഷകര്‍ കൃഷിയില്‍നിന്നു പിന്തിരിഞ്ഞതാണു വിപണിയില്‍ ക്ഷാമം അനുഭവപ്പെടാന്‍ കാരണം.
അതേസമയം, വില വര്‍ധന കര്‍ഷകര്‍ക്ക് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 14 മുതല്‍ 18 രൂപയ്ക്കുവരെയാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് കപ്പ വാങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ശരാശരി എട്ടു രൂപയ്ക്കു താഴെ മാത്രമായിരുന്നു കര്‍ഷകര്‍ക്ക് ഒരു കിലോ കപ്പയ്ക്കു ലഭിച്ചിരുന്ന വില.
ഏക്കറുകണക്കിനു സ്ഥലത്ത് കപ്പക്കൃഷി ചെയ്ത കര്‍ഷകരെ ഇത് കടക്കെണിയിലുമാക്കിയിരുന്നു. വിലയിടിവിനേത്തുടര്ന്ന് ചില കര്‍ഷകര്‍ കപ്പക്കൃഷിയില്നിന്ന് പിന്തിരിയുകയും ചെയ്തിരുന്നു.വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ കപ്പ വരവ് കൂടുമെന്നും വില ഇടിയുമെന്നും ചില വ്യാപാരികള്‍ കണക്കുകൂട്ടുന്നു.
അതേസമയം, വെള്ളം കയറി നശിക്കുന്നതിനുമുമ്പേ ചിലര്‍ കപ്പ പറിച്ചാലും പിന്നീട് വില ഉയരുമെന്നു തന്നെയാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍. വില വീണ്ടും ഉയര്‍ന്നതോടെ കൂടുതല്‍ കര്‍ഷകര്‍ കപ്പക്കൃഷി ചെയ്യാന്‍ രംഗത്തെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."