യു.എ.പി.എ: ശിക്ഷിക്കപ്പെട്ടത് 33 ശതമാനം പേര്‍ മാത്രം
ന്യൂഡല്‍ഹി: കടുത്ത വകുപ്പുകളുള്ള യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ടവരില്‍ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത് 23 ശതമാനം പേരെ മാത്രം. അറസ്റ്റിലായവരില്‍ 67 ശതമാനം പേരെയും നിരപരാധികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു വിട്ടയക്കുകയായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
2016ല്‍ യു.എ.പി.എ ചുമത്തിയ കേസുകളില്‍ 33 എണ്ണത്തിലാണ് വിചാരണ പൂര്‍ത്തിയായത്. ഇതില്‍ 22 കേസുകള്‍ (67 ശതമാനം) തെളിവുകളുടെ അഭാവത്തില്‍ കോടതി റദ്ദാക്കുകയോ, ആരോപണ വിധേയരെ വെറുതെവിടുകയോ ആയിരുന്നു.
2015ല്‍ യു.എ.പി.എ ചുമത്തിയ 75 കേസുകളിലാണ് വിചാരണ പൂര്‍ത്തിയായത്. ഇതില്‍ 65 കേസുകളില്‍ പ്രതികളെ വെറുതെ വിടുകയാണുണ്ടായതെന്നും നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഭരണകൂട വിമര്‍ശകരായ ആക്ടിവിസ്റ്റുകള്‍ക്കെതിരേ യു.എ.പി.എ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ കണക്ക് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിപ്ലവ കവി വരവര റാവു, അഡ്വ. സുധ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെ കഴിഞ്ഞയാഴ്ച പൂനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിനും സുപ്രിംകോടതിയുടെ വിമര്‍നത്തിനും ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന 'നഗര മാവോയിസ്റ്റുകള്‍' എന്നായിരുന്നു അറസ്റ്റിലായവരെ പൊലിസ് വിശേഷിപ്പിച്ചത്.
രാജ്യത്ത് യു.എ.പി.എ കേസുകള്‍ ചുമത്തുന്നത് വര്‍ദ്ധിക്കുകയാണ്. 2014ല്‍ യു.എ.പി.എ ചുമത്തിയ 2,549 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. 2015ല്‍ അത് 3,040ഉം 2016ല്‍ 3,548ഉം ആയി വര്‍ധിച്ചു.
2014ല്‍ ഒന്‍പതു പേരെയും(27 ശതമാനം), 2015ലും 2016ലും 11 പേരെ വീതവും(യഥാക്രമം 14.33 ശതമാനം) ശിക്ഷിച്ചു. എന്നാല്‍ 2014ല്‍ 24ഉം 2015ല്‍ 65ഉം 2016ല്‍ 22ഉം പേരെ കോടതി വെറുതെവിടുകയുംചെയ്തു. 2016ലെ കണക്കു പ്രകാരം 1,455 കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. 2016ല്‍ 414ഉം 2015ല്‍ 404ഉം 2014ല്‍ 276ഉം യു.എ.പി.എ കേസുകളാണ് പൊലിസ് തീര്‍പ്പാക്കുകയോ, ഒഴിവാക്കുകയോ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."