ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര ഡാറ്റാ ബാങ്ക് ഒരുങ്ങുന്നു
മലപ്പുറം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച സമഗ്രമായ ഡാറ്റാ ബാങ്ക് ഒരുങ്ങുന്നു. മന്ത്രി ഡോ. കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനു പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളെയും മറ്റ് ഉന്നത കലാലയങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വിവരശേഖരണം നടത്തുന്നത്.
ഇതിനായി രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) റിസര്‍ച്ച് ഓഫിസര്‍ ഡോ. യു.സി ബിവീഷ്, കോളജ് വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് കോര്‍ഡിനേറ്റര്‍ എസ്.ജെ ഷാബു എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള, കാലിക്കറ്റ്, എം.ജി, കുസാറ്റ്, കണ്ണൂര്‍, മലയാള സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തുടങ്ങിയ സര്‍വകലാശാലകള്‍ക്കു പുറമേ വിവിധ ജില്ലകളിലെ ലോ കോളജുകള്‍, നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഡാറ്റാ ബാങ്ക് തയാറാക്കാന്‍ മൂന്നു മാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി വേഗത്തില്‍ പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നു സമിതി അംഗം സുപ്രഭാതത്തോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു സഹായം ലഭ്യമാക്കുന്ന റൂസ, കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മിഷനര്‍, എല്‍.ബി.എസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് സംസ്ഥാനത്താദ്യമായി ഇത്തരത്തില്‍ സമഗ്ര വിവരശേഖരണം നടക്കുന്നത്. ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളില്‍ ഒരോ സര്‍വകലാശാലകളിലും ലഭ്യമായ കോഴ്‌സുകളുടെ വിവരശേഖരണമാണ് പ്രധാനമായും നടക്കുക.
സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളില്‍ ഏതെല്ലാം കോഴ്‌സുകളാണുള്ളതെന്ന വിവരം ഇനംതിരിച്ച് ഒരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഭ്യമാക്കണം. ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ബിരുദ, ബിരുദാനന്തര, ഗവേഷണ രംഗത്ത് പഠിതാക്കളെ കണ്ടെത്തുന്നതിനു സര്‍വകലാശാലകളും മറ്റു സ്ഥാപനങ്ങളും സ്വീകരിക്കുന്ന പ്രവേശന മാനദണ്ഡങ്ങളും നിയമങ്ങളും എന്തെല്ലാമാണെന്നും ആരായുന്നുണ്ട്്. വിവിധ കോഴ്‌സുകള്‍ക്ക് ഒരോ ജില്ലയിലും പ്രതിവര്‍ഷം ലഭിക്കുന്ന അപേക്ഷകരുടെ എണ്ണം എത്രയെന്നും സംവരണ, ജനറല്‍ വിഭാഗങ്ങളില്‍ എത്രപേര്‍ അപേക്ഷകരായുണ്ടെന്നും ഡാറ്റാ ബാങ്കിലുണ്ടാകും. വിവിധ ജില്ലകളില്‍ പുതിയ കോളജുകളും കോഴ്‌സുകളും അനുവദിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കും പുതിയ പഠനം ഏറെ സഹായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."