പരാജയം അംഗീകരിക്കുന്നു; പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയവും ബി.ജെ.പിയുടെ വിജയവും അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രണ്ട് ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നത്. അതില്‍ മോദി വിജയിച്ചു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി മാനിക്കുന്നു. അമേത്തിയിലെ ജനവിധിയും അംഗീകരിക്കുന്നതായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ല. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ല. നമ്മള്‍ പോരാട്ടം തുടരും. ഈ പ്രത്യയശാസ്ത്രത്തിന്റെ വിജയത്തിനായി നമ്മള്‍ തുടര്‍ന്നും പരിശ്രമിക്കും. തെരഞ്ഞെടുപ്പു തോല്‍വിയുടെ കാരണം വിലയിരുത്താനുള്ള ദിനമാണ് ഇതെന്നു ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്രമോദിയാണ് അവരുടെ പ്രധാനമന്ത്രിയെന്ന് വിധിയെഴുതിയിരിക്കുന്നു. ആ ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനും മാനിക്കുന്നു. അമേത്തിയിലെ ജനവിധിയും അംഗീകരിക്കുന്നു.
അവിടെ വിജയിച്ച സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങള്‍. അമേത്തിയിലെ ജനങ്ങളുടെ കാര്യത്തില്‍ സ്‌നേഹപൂര്‍വമുള്ള കരുതല്‍ വേണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതു താനും പാര്‍ട്ടിയും തമ്മിലുള്ള കാര്യമാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുല്‍ രാജിസന്നദ്ധത അറിയിച്ചു
തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും രാജി വയ്ക്കാന്‍ തയാറാണെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യം അടുത്ത ദിവസം നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.
എന്നാല്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഫലം പുറത്തുവന്നതിനു പിന്നാലെ രാഹുലിന്റെ വസതിയിലേക്ക് സോണിയയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."