വ്യാജ പ്രൊഫൈലുകള്‍ നിയന്ത്രിക്കണം,അല്ലെങ്കില്‍ സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും: അമിത് ഷായോട് സഞ്ജയ് റാവത്ത്
മുംബൈ: സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍കൈയെടുക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സേന മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം. ആദ്യം ശുദ്ധീകരിക്കേണ്ടത് സ്വന്തം പാര്‍ട്ടിയാണ്. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകള്‍ സര്‍ക്കാരിന് ഉടന്‍ തന്നെ തിരിച്ചടിയാകും- റാവത്ത് പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബി.ജെ.പി ജയിക്കാന്‍ കാരണം സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും സമൂഹ മാധ്യമങ്ങളില്‍ മോശക്കാരായി ചിത്രീകരിച്ചായിരുന്നു പ്രചരണമെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
അതേസമയം യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശിവസേനയ്ക്ക് വേറേ സംവിധാനങ്ങള്‍ ഉണ്ടെന്നും സഞ്ജയ് പറഞ്ഞു. മുംബൈ പൊലീസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഏകദേശം 80,000ത്തോളം അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു റാവത്തിന്റെ പ്രതികരണം. സൈബര്‍ ആര്‍മിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."