ഭാരത ബന്ദിനെ തള്ളി ഇന്ധന വില വീണ്ടും കുതിക്കുന്നു
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ഭാരത ബന്ദ് ആഹ്വാനം തള്ളി ഇന്നലെയും വിലയില്‍ വന്‍ വര്‍ധന. ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 80.50 രൂപയായപ്പോള്‍ ഡീസല്‍ ലിറ്ററിന് 72.61 രൂപയായിട്ടുണ്ട്. മുംബൈയില്‍ പെട്രോളിന് 87.89 രൂപയും ഡീസലിന് 77.09 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയെ പഴിചാരുന്ന കേന്ദ്ര സര്‍ക്കാരാകട്ടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേന്ദ്രം ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയാല്‍ തന്നെ വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രിക്കാമെന്നിരിക്കെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില 100 കടക്കാന്‍ അധികനാള്‍ വേണ്ടി വരില്ല.
സ്ഥിരതയും അതിവേഗത്തില്‍ വളരുന്നതുമായ സാമ്പത്തിക വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പറയുമ്പോഴും വിലക്കയറ്റം നിയന്ത്രിക്കാനുതകുന്ന നടപടിയുണ്ടാകാത്തത് വലിയ പ്രതിഷേധത്തിനാണ് വഴിവയ്ക്കുന്നത്.
ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 13.55 രൂപയുമാണ് കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ചുമത്തുന്നത്. സംസ്ഥാനങ്ങള്‍ വാറ്റും ചുമത്തുന്നുണ്ട്. ഏറ്റവും കുറവ് വില്‍പന നികുതി ചുമത്തുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. പെട്രോളിനും ഡീസലിനും ആറ് ശതമാനമാണ് ഇവിടെ നികുതി ഈടാക്കുന്നത്. ഓഗസ്റ്റ് മധ്യത്തോടെയാണ് പെട്രോളിനും ഡീസലിനും ക്രമാതീതമായ വിലക്കയറ്റമുണ്ടായത്. ഇതുവരെ പെട്രോളിന് 3.24 രൂപയും ഡീസലിന് 3.74 രൂപയുമാണ് വര്‍ധിച്ചത്.
പ്രതിദിനം ഇന്ധന വില പരിഷ്‌കരിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രഖ്യാപനം വന്ന ശേഷം ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റത്തെയാണ് ഇപ്പോള്‍ നേരിടുന്നത്.
രാജ്യത്ത് കാര്‍ഷിക മേഖലയില്‍ വന്‍തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി കര്‍ഷകരെയും കാര്‍ഷിക മേഖലയേയും രക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഇക്കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ മൗനം പാലിക്കുകയാണ്. രൂപയുടെ മൂല്യം വന്‍തകര്‍ച്ചയെയാണ് നേരിടുന്നത്.
ഇത് രാജ്യത്തെ ജനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്. ഇതിനിടയിലാണ് ഇന്ധന വില ക്രമാതീതമായി ഉയരുന്നത്.
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെ, ആര്‍.ജെ.ഡി, പവന്‍ കല്യാണിന്റെ ജന സേനാ പാര്‍ട്ടി, ഇടതുപാര്‍ട്ടികളായ സി.പി.എം, സി.പി.ഐ, സി.പി.ഐ-എം.എല്‍, എസ്.യു.സി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും ഭാരത ബന്ദിനെ അനുകൂലിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."