ഹിന്ദി ഹൃദയം പിടിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹിന്ദി ഹൃദയഭൂമിയിലെ മികച്ച പ്രകടനത്തോടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്.
ആകെയുള്ള 543 സീറ്റുകളില്‍ എന്‍.ഡി.എ 350നടുത്ത് സീറ്റുകള്‍ നേടി. എന്‍.ഡി.എക്ക് മികച്ച വിജയം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെയും തോല്‍പ്പിക്കുന്ന വിജയമാണ് ഇത്തവണ എന്‍.ഡിഎക്കുണ്ടായത്. 2014ലെ മോദി തരംഗത്തില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി ഇത്തവണ നേടി. 2014ല്‍ 334 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. നിലവില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം രണ്ടാമതും അധികാരത്തിലെത്തുന്നത്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ സീറ്റുകളുടെ കുറവുണ്ടാകുമെന്ന പ്രവചനങ്ങളാണ് തെറ്റിയത്. ഉത്തര്‍പ്രദേശില്‍ പോലും മഹാസഖ്യത്തിന്റെ സാന്നിധ്യം ബി.ജെ.പിക്ക് ചെറിയ കുറവ് വരുത്താനെ കഴിഞ്ഞുളളൂ. ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
2014ല്‍ ബി.ജെ.പിയെ മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ എട്ടു സംസ്ഥാനങ്ങള്‍ ഇത്തവണയും ബി.ജെ.പിക്കൊപ്പം നിന്നു. അതോടൊപ്പം പശ്ചിമ ബംഗാളിലും ഒഡിഷയിലും തെലങ്കാനയിലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.
ബംഗാളില്‍ ബി.ജെ.പിയെ ശക്തമായി ചെറുത്തു നിന്ന മമതക്കും അവരുടെ മുന്നേറ്റത്തെ തടയാനായില്ല. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കര്‍ണാടകയിലും ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ബി.ജെ.പിക്ക് ഒരവസരവും കൊടുക്കാതിരുന്നത്. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോലെ നേട്ടമുണ്ടാക്കാനായില്ല.
കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ ഏതാനും സീറ്റുകള്‍ വര്‍ധിച്ചെങ്കിലും യു.പി.എക്ക് സീറ്റുകളുടെ എണ്ണം നൂറ് കടത്താനായില്ല. 2014ന് ശേഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തെങ്കിലും അത് ലോക്‌സഭാ സീറ്റുകളാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും കോണ്‍ഗ്രസ് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രകടനം പ്രതീക്ഷിച്ചതിന് അല്‍പം അടുത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."