ബി.ജെ.പിക്കൊപ്പം നിന്ന് കര്‍ണാടക
മംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ വരിച്ച് കര്‍ണാടക. സംസ്ഥാനത്ത് കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യം ചേര്‍ന്ന് മത്സരിച്ചെങ്കിലും നേട്ടം കൊയ്തില്ല. ഫലം കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ രാഷ്ട്രീയമായി ഐ.സി.യുവിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെയുള്ള 28 സീറ്റുകളില്‍ 25ലും ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ്, ജെ.ഡി.എസ്, സ്വതന്ത്രര്‍ എന്നിവര്‍ക്ക് ഒരോ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തുംകൂര്‍ മണ്ഡലത്തില്‍ ദള്‍ ദേശീയ അധ്യക്ഷനും മുന്‍ പ്രധാന മന്ത്രിയുമായ ദേവഗൗഡ 13,339 വോട്ടിനാണ് ബി.ജെ.പിയിലെ ജി.എസ്.ബസവരാജിനോട് തോല്‍വി ഏറ്റു വാങ്ങിയത്.
മൈസൂര്‍ മാണ്ഡ്യയില്‍ മുഖ്യമന്ത്രി എച്.ഡി കുമാര സ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമി 1,25417 വോട്ടിനാണ് ബി.ജെ.പി സ്വതന്ത്ര സുമലതയോട് പരാജയം ഏറ്റുവാങ്ങിയത്. ബംഗളൂരു റൂറലില്‍ കോണ്‍ഗ്രസിന്റെ ഡി.കെ.സുരേഷ് ബി.ജെ.പിയുടെ അശ്വത് നരേനെ 2.5 ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന് സംസ്ഥാനത്തുണ്ടായ ആകെ നേട്ടം. ഹാസന്‍ മണ്ഡലത്തില്‍ ദേവഗൗഡയുടെ മറ്റൊരു മകന്‍ രേവണ്ണയുടെ പുത്രനായ പ്രജ്വല രേവന്ന 1,41,324 വോട്ടിനു ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പച്ചതോടെ ജെ.ഡി.എസിനും ഒരു സീറ്റ് ലഭിച്ചു.
ചിക്കബെല്ലാപൂരില്‍ കോണ്‍ഗ്രസിന്റെ വീരപ്പ മൊയ്‌ലി, ബെല്ലാരിയില്‍ കോണ്‍ഗ്രസിന്റെ വി.എസ്. ഉഗ്രപ്ര, കല്‍ബുര്‍ഗിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ലോക്‌സഭാകക്ഷിനേതാവുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കോലാറില്‍ മുന്‍ കേന്ദ്ര മന്ത്രി കെ.എച്. മുനിയപ്പ എന്നിവരുള്‍പ്പെടെ പരാജയം രുചിച്ചു.
ദക്ഷിണ കന്നഡ, ഉഡുപ്പി ചിക്കമഗളൂരു,ബാഗല്‍കോട്ട്,ബംഗളൂരു സെന്‍ട്രല്‍,ബംഗളൂരു നോര്‍ത്ത്, ബംഗളൂരു സൗത്ത്,ബെല്‍ഗാവി,ബെല്ലാരി,
ബിദര്‍,വിജയപുരം,ചാമരാജ്‌നഗര്‍,ചിക്കബല്ലാപ്പൂര്‍,ചിക്കോടി,ചിത്രദുര്‍ഗ,ദാവണഗരെ,ധാര്‍വാഡ്,കല്‍ബുര്‍ഗി,ഹവേരി,കോലാര്‍,കൊപ്പല്‍
റായ്ച്ചൂര്‍,ശിവമോഗ,തുംകൂര്‍,ഉത്തര കന്നഡ എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.
ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സംസ്ഥാനത്ത് സഖ്യം രൂപീകരിച്ചു ഭരണം നടത്തി വരികയാണ്. കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതാക്കള്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നതോടെ തോല്‍വിക്ക് കാരണം പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള നീക്കംനടത്തി വരികയായിരുന്നു. ഈ സാഹചര്യത്തില്‍ നേരത്തെ തന്നെ മന്ത്രിസഭയില്‍ ഭിന്നതനിലനില്‍ക്കുന്ന കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവിയും അനിശ്ചിതത്വത്തിലാവും. തമിഴ്‌നാട്ടിലും കേരളത്തിലും രാഹുല്‍ തരംഗം ആഞ്ഞടിച്ചപ്പോഴും കര്‍ണ്ണാടകയില്‍ ഇതൊന്നും ഏശിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."