പത്തനാപുരം സംഭവം അഭയാ കേസിന് സമാനമായി മാറുമെന്ന് വിലയിരുത്തല്‍
കൊല്ലം: ഓര്‍ത്തഡോക്‌സ് സഭ പത്തനാപുരം മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യുവി(54)നെ കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം സിസ്റ്റര്‍ അഭയ കേസിന് സമാനമായി മാറുമെന്ന വിലയിരുത്തല്‍ ശക്തമായി.
ഇതിനാല്‍ തുടക്കത്തില്‍തന്നെ കേസില്‍ മതിയായ കരുതലുകള്‍ പൊലിസ് എടുക്കുന്നുണ്ട്. അഭയാ കേസ് ആദ്യം ലോക്കല്‍ പൊലിസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ചതാണ്. തുടര്‍ന്ന് കേസ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരേ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
2009 ജൂലായ് 17ന് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു മൂവരും വിടുതല്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സി.ബി.ഐ അടുത്തിടെ കുറ്റവിമുക്തനാക്കി. അതേസമയം, മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സി.ബി.ഐ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ പത്തനാപുരം സംഭവത്തില്‍
കന്യാസ്ത്രീ മഠവും സൂസന്‍ മാത്യുവിന്റെ ബന്ധുക്കളും ഒരുപോലെ ആത്മഹത്യയെന്ന വാദവുമായി രംഗത്തെത്തിയത് ദുരൂഹതയുടെ ആക്കം കൂട്ടിയിട്ടുണ്ട്. വാദിഭാഗം ശക്തമായി രംഗത്തുവരാത്തത് സഭയുടെ സമ്മര്‍ദമാണോയെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."