കൂടംകുളം വൈദ്യുതി ഉടനില്ല; മറ്റ് വഴികള്‍തേടി കെ.എസ്.ഇ.ബി
തൊടുപുഴ: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കൂടംകുളം ആണവനിലയം തുറക്കുന്നത് നീളുമെന്ന് ഉറപ്പായതോടെ വൈദ്യുതിക്ഷാമം നേരിടാന്‍ മറ്റ് വഴികള്‍ തേടി കെ.എസ്.ഇ.ബി. പ്രളയത്തില്‍ തകരാറിലായ പന്നിയാര്‍, ലോവര്‍ പെരിയാര്‍, പൊരിങ്ങല്‍കുത്ത് അടക്കമുള്ള നിലയങ്ങളില്‍ ഉല്‍പാദനം നീളുന്നത് പ്രതിസന്ധി രൂക്ഷമാക്കും.
270 മെഗാവാട്ട് വൈദ്യുതി ഇങ്ങനെ കുറവുവന്നിട്ടുണ്ട്. കൂടംകുളം അടച്ചതോടെ കേന്ദ്രപൂളില്‍ നിന്നുള്ള 266 മെഗാവാട്ട് വൈദ്യുതിയാണ് കുറവുവന്നിരിക്കുന്നത്.
ഇന്ന് ചെന്നൈയില്‍ നടക്കുന്ന സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഓപ്പറേറ്റിങ് കോഓര്‍ഡിനേറ്റിങ് കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍ മറ്റ് മാര്‍ഗങ്ങള്‍ ആരായും. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ വി. കേശവദാസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.ആര്‍ ആനന്ദ് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്രപൂള്‍ വൈദ്യുതി കൂടുതല്‍ ലഭ്യമാകുമോയെന്നാണ് പരിശോധിക്കുന്നത്.
ഒഡിഷയിലെ താള്‍ച്ചര്‍ നിലയത്തില്‍ നിന്നുള്ള കേന്ദ്രവിഹിതം അടുത്ത ദിവസംതന്നെ 400 മെഗാവാട്ടായി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയില്‍ 80 മെഗാവാട്ട് കൂടുതല്‍ ലഭ്യമാക്കാന്‍ ധാരണയായിട്ടുണ്ട്. ഇത് യൂനിറ്റിന് 3.75 - 4.25 നിരക്കില്‍ ലഭിക്കും.
കൂടംകുളത്തെ തകരാര്‍ കേരളത്തിനുപുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവനിലയത്തിലെ തകരാര്‍ പരിഹരിക്കാന്‍ കുറഞ്ഞത് ഒരുമാസമെങ്കിലും വേണമെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ആണവനിലയത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള പണികള്‍ നടത്തുന്നത് റഷ്യന്‍ സാങ്കേതിക വിദഗ്ധരാണ്. കൂടംകുളത്ത് നിന്ന് 13 ശതമാനം ഓഹരിയാണ് കേരളത്തിന് അവകാശപ്പെട്ടത് (260 മെഗാവാട്ട്). എന്നാല്‍, 266 മെഗാവാട്ട് വരെ കേരളത്തിന് ലഭിച്ചിരുന്നു.
തമിഴ്‌നാട്- 925 മെഗാവാട്ട്, കര്‍ണാടക- 442 മെഗാവാട്ട്, ആന്ധ്ര- 300 മെഗാവാട്ട്, പുതുച്ചേരി- 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം. 180 മെഗാവാട്ടിന്റെ ലോവര്‍ പെരിയാര്‍ നിലയവും 32.4 മെഗാവാട്ടിന്റെ പന്നിയാര്‍ നിലയവും തകരാറിലായതാണ് കെ.എസ്.ഇ.ബിക്ക് കനത്ത തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ പീക് ലോഡ് ആവശ്യം നിര്‍വഹിച്ചിരുന്നത് പന്നിയാര്‍ നിലയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."