എരുമേലി മുക്കടയില്‍ സത്യഗ്രഹ സമരവുമായി ഭൂസമര മുന്നണി
എരുമേലി: മുക്കടയില്‍ ഭൂസമര മുന്നണി ഇന്നു മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് തുടക്കം കുറിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും ഭൂരഹിത കര്ഷകജനതകളോടും തോട്ടം തൊഴിലാളികളോടും വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഹാരിസണിന്റെയും കെ.പി.യോഹന്നാന്റെയും അനധികൃത ഭൂമി കച്ചവടത്തെ സാധൂകരിക്കുവാന്‍ കേരള സര്‍ക്കാര്‍ വഴിവിട്ടു ശ്രമം നടത്തുകയാണ്. അതിനുദാഹരണമാണ് വികസനത്തിന്റെ മറവില്‍ വിമാനത്താവളം നിര്‍മ്മിക്കുവാനുള്ള ശ്രമമെന്നും ഭാരവാഹികള്‍ ആരോപിച്ചു.
പതിനഞ്ചേക്കറിലധികം ഭൂമി കൈവശം വെച്ചു കൊണ്ടിരിക്കുന്നവരില് നിന്നും ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സത്യഗ്രഹം ,നിരാഹാര സത്യഗ്രഹം. ഭൂമി പിടിച്ചെടുക്കല്‍ തുടങ്ങിയ സമരമുറകള്‍ ആവിഷ്ക്കരിച്ച് ഭൂസമര മുന്നണി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും മേയ് 10ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സത്യഗ്രഹ സമരം ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്യുമെന്നും വിവിധ സംഘടനാ നേതാക്കള്‍ അഭിവാദ്യം ചെയ്തു സംസാരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഭൂസമര മുന്നണി നേതാക്കളായ കെ.കെ.എസ്.ദാസ് ,രമേശ് അഞ്ചലശേരി, എം.ജെ ജോണ്‍ കാണക്കാരി, കെ.കെ.രാജു കുഴിമണ്ണില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."