കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം.പി
കോട്ടയം: കേന്ദ്രസഹായത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകണമെന്ന് ജോസ്. കെ .മാണി എം.പി . ഡിസ്ട്രിക്ട് ഡലവപ്പ്‌മെന്റ് കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിട്ടറിങ് സമിതിയുടെ ഹോട്ടല്‍ ഐഡയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് പദ്ധതികള്‍ രൂപീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാനദണ്ഡങ്ങളില്‍ മാറ്റം ആവശ്യമായി വന്നാല്‍ അക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.പി പറഞ്ഞു. വിവിധ പദ്ധതികള്‍ സമഗ്രമായി സംയോജിപ്പിച്ച് നടപ്പാക്കുകവഴി കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും എം.പി ചൂണ്ടിക്കാട്ടി.
സംസദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം താന്‍ പുതുതായി ദത്തെടുത്തിട്ടുളള തലനാട് ഗ്രാമപഞ്ചായത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജോയ് എബ്രഹാം എം.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ജില്ലയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി ഗ്രാമവികസന വകുപ്പ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ആകെ 2127000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിടത്ത് 2304000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ജില്ലയിലെ 1883 തൊഴിലാളികള്‍ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍ ആകെ 100.37 കോടി രൂപയാണ് ജില്ലയില്‍ കഴിഞ്ഞവര്‍ഷം ചെലവഴിച്ചത്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ 2016-17 വര്‍ഷം ജില്ലയില്‍ 1055 വീടുകള്‍ക്ക് ധനസഹായം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. പദ്ധതിക്ക് കീഴില്‍ ഒരു വീടിന് 1.20 ലക്ഷം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക.
ജില്ലയെ വെളിയിട വിസര്‍ജ്യ വിമുക്ത ജില്ലയാക്കുന്നതിനുളള നടപടിയുടെ ഭാഗമായി ആകെ 10536 ശുചിമുറികളാണ് നിര്‍മ്മിച്ചത്. ഇതില്‍ 9141 എണ്ണം ഗ്രാമീണ മേഖലയിലും 1395 എണ്ണം നഗരമേഖലയിലുമാണ്. ഒരു ശുചിമുറിക്ക് 12000 രൂപ നിരക്കിലാണ് പദ്ധതിക്ക് കീഴില്‍ കേന്ദ്ര സഹായം അനുവദിച്ചിട്ടുളളത്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനക്ക് കീഴില്‍ 17 പദ്ധതികളാണ് കഴിഞ്ഞ വര്‍ഷം നടപ്പാക്കാനുണ്ടായിരുന്നത്. ഇതില്‍ 2 എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി 15 പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍ പൂരോഗമിക്കുകയാണ്. 20.07 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പദ്ധതിക്ക് കീഴില്‍ ചെലവഴിച്ചത്.
വിവിധ വകുപ്പുകളോടനുബന്ധിച്ച് നടപ്പാക്കുന്ന ഏകദേശം 25 പദ്ധതികളാണ് യോഗത്തില്‍ അവലോകനം ചെയ്തത്. ജില്ലാ കലക്ടര്‍ സി.എ ലതയും സന്നിഹിതരായിരുന്നു. ഗ്രാമവികസന വകുപ്പ് പ്രോജക്ട് ഡയറക്ടര്‍ ജെ.ബെന്നി സ്വാഗതവും ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."