ഇടുക്കി മെഡിക്കല്‍ കോളജ് നഷ്ടമാക്കരുത്: റോഷി അഗസ്റ്റിന്‍.
തൊടുപുഴ : ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് 2019 വരെ മരവിപ്പിക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും ഇടുക്കിയിലേക്ക് നിയമിച്ചിരുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും തിരികെ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 50 വിദ്യാര്‍ഥികളുടെ പ്രവേശനം 2014 ലും 2015 ലും നടത്തിയിരുന്നു. ഇടുക്കിയില്‍ നിയമിച്ച അദ്ധ്യാപക ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തുന്ന രോഗികളെക്കൂടി പരിശോധിക്കുന്നതിന് ഒ.പി. വിഭാഗത്തിലിരിക്കുവാന്‍ തുടങ്ങിയതോടെ ചികിത്സാരംഗത്ത് സാധാരണക്കാര്‍ക്ക് വളരെയേറെ ആശ്വാസകരമായി മാറിയിരുന്നു.
എന്നാല്‍ 2016-ല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളെ പഠനസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയത്.
അതോടൊപ്പം ഇടുക്കിയില്‍ ജോലി ചെയ്തിരുന്ന അദ്ധ്യാപക ഡോക്ടര്‍മാരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കും മാറ്റുകയുണ്ടായി. ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയായിവരികയാണ്.
ഈ സെപ്റ്റംബര്‍ മാസത്തോടെ വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവരുന്നതിനും അടുത്ത അധ്യയനവര്‍ഷം മുതല്‍ തുടര്‍ പ്രവേശം എടുത്തുന്നതിനും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും കൂട്ടായ പ്രവര്‍ത്തനവും നടത്തിവരുന്ന സമയത്തുള്ള ഈ തീരുമാനം വേദനാജനകമാണ്. സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരികയാണ് വേണ്ടത്.
ഏതാനും വര്‍ഷങ്ങള്‍ കോളേജിനെ മരവിപ്പിച്ചാല്‍ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കുക പ്രയാസകരമാണ്. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കണെന്നും ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."