മേഖലായോഗങ്ങളില്‍ പങ്കെടുക്കാതെ മുന്‍നിര നേതാക്കള്‍; ബി.ജെ.പിയില്‍ കലഹം തീരുന്നില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ സ്ഥാനമേല്‍ക്കുകയും കൃഷ്ണദാസ് പക്ഷത്തെ സംസ്ഥാന ഭാരവാഹി നിര്‍ണയത്തില്‍ വെട്ടിയൊതുക്കുകയും ചെയ്തതോടെ ബി.ജെ.പിയില്‍ രൂക്ഷമായ ആഭ്യന്തര കലഹം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്തും തൃശൂരും നടന്ന മേഖലാ യോഗങ്ങളില്‍ മുന്‍നിര നേതാക്കളായ ശോഭ സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും സി.കെ പത്മനാഭനും പങ്കെടുത്തില്ല. ഇവരുടെ അസാനിധ്യം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തി പുകയുന്നത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.
കൃഷ്ണദാസ് പക്ഷത്തുനിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ആകെ നിലനിര്‍ത്തിയ എം.ടി രമേശിനെ ഇപ്പോള്‍ നിര്‍ണായക ഘട്ടങ്ങളില്‍ സുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ തഴയുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വി. മുരളീധരന്റെ പക്ഷത്തു നിന്നുള്ള ഭാരവാഹികള്‍ക്കു മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്നാണ് വിമര്‍ശനം.
എ.പി അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ്പ്രസിഡന്റാക്കി രംഗത്തിറക്കിയതും കൃഷ്ണദാസ് പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയെ ഉയര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ മുരളീധര പക്ഷത്തിന്റെ ചരടുവലിയാണെന്നും തങ്ങളെ വീണ്ടും ഒതുക്കാനുള്ള നീക്കമാണെന്നുമാണ് അവരുടെ ആരോപണം. സംസ്ഥാനതലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ കൃഷ്ണദാസ് പക്ഷത്തുള്ളവര്‍ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."