ഇല്ലാത്ത വാട്ടര്‍ കണക്ഷനു നോട്ടീസ് നല്‍കിയ അധികൃതര്‍ പിഴ അടയ്ക്കണമെന്നു ഹൈക്കോടതി
കൊച്ചി : ഇല്ലാത്ത വാട്ടര്‍ കണക്ഷനു നോട്ടീസ് നല്‍കിയ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പിഴ അടയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വാട്ടര്‍ കണക്ഷനില്ലാത്ത കെട്ടിടത്തിന് കുടിശ്ശിക നോട്ടീസ് നല്‍കി ഒമ്പതു വര്‍ഷം കേസു നടത്തിയ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ 10,000 രൂപ പിഴയടക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കുടിശ്ശിക നോട്ടീസ് സ്റ്റേ ചെയ്യാന്‍ ഹര്‍ജിക്കാരന്‍ കെട്ടിവച്ച 40,000 രൂപ ആറ് ശതമാനം പലിശയടക്കം വാട്ടര്‍ അതോറിറ്റി തിരിച്ചു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പൈപ്പ് കണക്ഷന്‍ ഇല്ലാതിരുന്നിട്ടും പണം നല്‍കണമെന്ന വാട്ടര്‍ അതോറിറ്റിയുടെ നോട്ടീസിനെതിരെ എറണാകുളം സ്വദേശി കെ.കെ സൂര്യനാരായണന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹരജിക്കാരന്റെ ഉടമസ്ഥതയിലുള്ള പത്ത് കടകള്‍ ഉള്‍പ്പെട്ട കെട്ടിടത്തിന് 2006 ലാണ് കുടിശ്ശിക നോട്ടീസ് നല്‍കിയത്. പിന്നീട് 2008 നവംബറില്‍ ഡിസ്‌കണക്ഷന്‍ നോട്ടീസും നല്‍കി. കെട്ടിടത്തിന് വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടില്ലെന്ന് സൂര്യനാരായണന്‍ മറുപടി നല്‍കിയെങ്കിലും വാട്ടര്‍ അഥോറിറ്റി നടപടിയുമായി മുന്നോട്ടു പോയി. തുടര്‍ന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച് 40,000 രൂപ കെട്ടിവച്ച് സ്റ്റേ സമ്പാദിച്ചു. പിന്നീട് മെഗാ ലോക് അദാലത്തിലും വാട്ടര്‍ അഥോറിറ്റിയുടെ അദാലത്തിലും പ്രശ്‌ന പരിഹാരത്തിനായി സൂര്യ നാരായണന്‍ അപേക്ഷ നല്‍കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം കെട്ടിവച്ച പണം സ്വീകരിച്ച് തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന അപേക്ഷയും വാട്ടര്‍ അഥോറിറ്റി തള്ളി. ഇതോടെ കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."