പ്രതിഷേധം ഒന്നിച്ച്; ഭാരത് ബന്ദിനെ പിന്തുണച്ച് മറ്റു പാര്‍ട്ടികളും, നേതൃത്വം നല്‍കി രാഹുല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രഖ്യാപിച്ച ഭാരത് ബന്ദിന് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും പിന്തുണ.എന്‍.സി.പി, ഡി.എം.കെ, എസ് തുടങ്ങി ഇരുപതിലേറെ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. സോണിയയും മന്‍മോഹന്‍ സിങ്ങുമുള്‍പെടെയുള്ള നേതാക്കള്‍ രാംലീല മൈതാനത്തില്‍ നടക്കുന്ന പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്. ശിവസേനയും ബന്ദിനെ പിന്തുണക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ധന വില കുറക്കുന്നതിനാവശ്യമായ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്ധനവില എക്കാലത്തെയും റെക്കോര്‍ഡുകള്‍ ഭേദിച്ച സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തീരുമാനിച്ചത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് കോണ്‍ഗ്രസിന്റേതെങ്കില്‍ ആറ് മുതല്‍ ആറ് വരെയാണ് ഇടത് പാര്‍ട്ടികളുടെ ബന്ദ്. പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും നിശ്ചയിച്ചിട്ടുണ്ട്. വാഹനങ്ങള്‍ തടയില്ല.
ഇന്ധനവില കുറക്കുന്നതിന് കേന്ദ്ര ഇടപെടല്‍ ഉടന്‍ വേണം, നിലവില്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും എക്‌സൈസ് നികുതിയായി ഈടാക്കുന്നത് കുറക്കണം, ഇന്ധന വില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണം തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍. ഡോളര്‍ കരുത്താര്‍ജിച്ചതും ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കൂട്ടാത്തതുമാണ് ഇന്ധന വില വര്‍ധനക്ക് കാരണമെന്നും ഒന്നും ചെയ്യാനാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."