പാലക്കാടന്‍ കോട്ട തകര്‍ന്നതില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി: തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് എം.ബി രാജേഷ്, അട്ടിമറിക്ക് കാരണം താനല്ലെന്ന് പി.കെ ശശി എം.എല്‍.എ
പാലക്കാട്: സി.പി.എമ്മിന്റെ പാലക്കാടന്‍ കോട്ടകള്‍ തകര്‍ന്നതോടെ സി.പി.എമ്മിലും പൊട്ടലും ചീറ്റലും മറനീക്കി പുറത്തുവന്നു.
സമഗ്രവും ആഴത്തിലുള്ളതുമായ പരിശോധന വേണമെന്നാണ് എം.ബി രാജേഷ് തോല്‍വി സംബന്ധിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വളച്ചുകെട്ടില്ലാതെ പ്രതിഷേധവും നിരാശയും എം.ബി രാജേഷ് തുറന്നുപ്രകടിപ്പിച്ചത്.
സി.പി.എം-സി.പി.ഐ സ്വരച്ചേര്‍ച്ചയില്ലായ്മ, പി.കെ ശശി വിവാദം, ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫിസ് പീഡനവിവാദം എന്നിവയിലേക്ക് വിരല്‍ ചൂണ്ടിയാണ് രാജേഷിന്റെ പ്രതികരണം.
പാലക്കാട്ടെ പരാജയത്തിനു പിന്നില്‍ സ്വാശ്രയ കോളജ് മേധാവിയാണെന്ന് വ്യക്തമാക്കിയത് വിരല്‍ചൂണ്ടുന്നത് പി.കെ ശശിയിലേക്കാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശദീകരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലേക്ക് നീളുന്ന കടുത്ത ആരോപണമാണ് ഇതിലൂടെ എം.ബി രാജേഷ് നടത്തുന്നത്.
എന്നാല്‍ എം ബി രാജേഷിന്റെ തോല്‍വിയില്‍ പങ്കില്ലെന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി പ്രതികരിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും അട്ടിമറിക്ക് കാരണം താനല്ലെന്നും പി.കെ ശശി ആവര്‍ത്തിക്കുകയും ചെയ്യുന്നു.
രാജേഷിന്റെ തോല്‍വിക്ക് പിന്നില്‍ തന്റെ കരങ്ങളല്ലെന്നും മണ്ണാര്‍ക്കാട്ടെ നിയോജക മണ്ഡലത്തില്‍ എം.ബി രാജേഷിന് വോട്ട് കുറഞ്ഞതെങ്ങനെയെന്ന് അറിയില്ലെന്നും മണ്ണാര്‍ക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല തനിക്കായിരുന്നില്ലെന്നും പി. കെ ശശി പറഞ്ഞു.
തന്റെ മണ്ഡലമായ ഷൊര്‍ണൂരില്‍ രാജേഷിനായി പ്രവര്‍ത്തിച്ചുവെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ശക്തമായ അടിത്തറയുള്ള പാലക്കാട്ടെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്നും പി.കെ ശശി വ്യക്തമാക്കി.
പ്രമുഖ സ്വാശ്രയ കോളജ് മേധാവിക്കെതിരേയുള്ള ശക്തമായ ആരോപണം ഉന്നയിക്കുമ്പോള്‍ ആരോപണം പരോക്ഷമായെങ്കിലും പി.കെ ശശിക്കെതിരേ തിരിച്ചു വിടുകയാണ് എം.ബി രാജേഷ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നേരിട്ട പരാജയത്തില്‍ ഗൂഢാലോചനയും
രാജേഷ് ആരോപിക്കുന്നു. ന്യൂനപക്ഷങ്ങളുടെ ഏകീകരണമുണ്ടായി, തിരിച്ചടി ഇത്ര വലുതാവുമെന്ന് പ്രതീക്ഷിച്ചില്ല. അതേസമയം, തന്നെ തോല്‍പ്പിക്കാന്‍ മണ്ഡലത്തില്‍ ഗൂഢാലോചന നടന്നെന്നും എം.ബി രാജേഷ് ആരോപിക്കുന്നു.
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണം ഉള്‍പ്പെടെ കൈകാര്യം ചെയ്ത പാര്‍ട്ടി നിലപാടും, ഇതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതകളും പാര്‍ട്ടിക്ക് തിരിച്ചടി ആയെന്ന വിലയിരുത്തലിന് പിന്നാലെയാണ് തോല്‍വി സംബന്ധിച്ച ഗൂഢാലോചന ആരോപണവുമായി രാജേഷ് രംഗത്തെത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രാദേശിക പ്രശ്‌നങ്ങളും തിരിച്ചടിയായെന്ന് ഫലപ്രഖ്യാപനത്തിന് പിറകെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലെ ഒരു വലിയ സ്വാശ്രയ കോളജ് മേധാവിയാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫിസിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ഏകീകരണം എന്നുമാത്രം പറഞ്ഞു പരാജയം എഴുതി തള്ളാന്‍ കഴിയില്ലെന്നും രാജേഷ് വ്യക്തമാക്കി.
സ്വാശ്രയ കോളജ് ഉടമയെന്ന് രാജേഷ് തുറന്നടിച്ചത് പി.കെ ശശിയുമായി നല്ല ബന്ധമുള്ള നെഹ്‌റു ഗ്രൂപ്പ് ഉടമ പി.കെ കൃഷ്ണദാസിനെക്കുറിച്ചാണെന്ന് രാജേഷുമായി അടുപ്പമുള്ളവര്‍ പറയുന്നു. അടുത്തിടെ പി.കെ കൃഷ്ണദാസിനെ പിന്തുണച്ച ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ നടപടി ആവശ്യപ്പെട്ട് പാമ്പാടി നെഹ്‌റു കോളജിലെ എസ്.എഫ്.ഐ യൂണിറ്റും ജിഷ്ണുവിന്റെ അമ്മ മഹിജയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തയച്ചിരുന്നു.
നെഹ്‌റു മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള വാണിയംകുളത്തെ പി.കെ ദാസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം നടന്ന സി.ടി സ്‌കാന്‍ മെഷീന്‍ ഉദ്ഘാടന ചടങ്ങിനിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു കത്തയച്ചത്. ജിഷ്ണു പ്രണോയ് കേസ് പ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ പി. കൃഷ്ണദാസിനെ പരസ്യമായി ന്യായീകരിക്കുകയും സമരം ചെയ്ത കുടുംബത്തെയും എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും അപമാനിച്ചെന്നുമായിരുന്നു പരാതി.
എക്‌സിറ്റ് പോളുകള്‍ ഉള്‍പ്പെടെ എല്‍.ഡി.എഫിന് വലിയ വിജയം പ്രഖ്യാപിച്ച മണ്ഡലത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ അട്ടിമറി വിജയം നേടിയത്. കഴിഞ്ഞതവണ എം.പി വിരേന്ദ്രകുമാറിനെതിരേ ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ രാജേഷ് വിജയിച്ചയിച്ചപ്പോള്‍ ഇത്തവണ 11637 വോട്ടുകള്‍ക്ക് പരാജയം രുചിക്കുകയായിരുന്നു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളില്‍ രാജേഷ് മുന്നിലെത്തിയെങ്കിലും പട്ടാമ്പി, പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ വി.കെ ശ്രീകണ്ഠന്റെ ലീഡിനെ മറികടക്കാന്‍ ആയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."