സമ്പൂര്‍ണ 'ഇരുട്ടു മേഖലയിലാണ് ' ശെന്തില്‍കുമാറിന്റെ കുടുംബം
പുതുനഗരം: സമ്പൂര്‍ണ വൈദ്യുതീകരണ മേഖലയായിട്ടും ഇരുട്ടില്‍ കഴിയുകയാണ് ശെന്തില്‍കുമാറിന്റെ കുടുംബം.മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിലാണ് ആനുകൂല്യങ്ങള്‍ ഇല്ലാതെ നരകയാതനയില്‍ നിര്‍ദ്ധന കുടുംബം കഴിയുന്നത്. അഞ്ച് വര്‍ഷം മുമ്പ് തെങ്ങില്‍ നിന്നും വീണുണ്ടായ അപകടത്തില്‍ നട്ടെല്ലിന് തകരാറ് സംഭവിച്ച് ചലനശേഷിയില്ലാതായശെന്തില്‍ കുമാറിന്റെ കുടുംബമാണ് മറ്റു വഴികളില്ലാതെ പ്രതിസന്ധിയിലായിട്ടുള്ളത്.
നാല് മക്കളുടെ അച്ഛനായശെന്തില്‍കുമാര്‍ കിടപ്പിലായത് കുടുംബ ജീവിതത്തിനെ താറുമാറാക്കി. പരസഹായമില്ലാതെ അനങ്ങുവാന്‍ പോലും സാധിക്കാത്ത ശെന്തില്‍കുമാറിന്റെ കുടുംബത്തിന് ഒരു ഓല കുടില്‍ മാത്രമാണ് സ്വന്തമായുള്ളത്. നാട് മുഴുവനും സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തില്‍ വെളിച്ചം വീശുമ്പോഴും ശെന്തില്‍കുമാറിന്റെ കുടില്‍ ഇരുട്ടില്‍ തന്നെയാണ്. പ്ലസ് വണ്‍ പഠിക്കുന്ന മൂത്ത മകള്‍ മുതല്‍ വിദ്യാര്‍ഥികളായ നാല് മക്കള്‍ തെരുവുവിളക്കിലും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തുമാണ് പഠിക്കുന്നത്.
ഭാര്യ കവിതകൂലി പണിയെടുത്താണ് ആറു പേരടങ്ങുന്ന കുടുംബം കഴിയുന്നത്. ശെന്തില്‍ കുമാറിന് സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഒരാനുകൂല്യവും ലറ്റിക്കുന്നില്ല. ആദിവാസി മലസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ശെന്തില്‍കുമാറിന്റെ കുടുംബത്തിന്റെ പരാധീനതകള്‍ നിരവധി തവണ ഗ്രാമസഭകളില്‍ ഉന്നയിക്കാറുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
ആദിവാസി പ്രമോര്‍ട്ടര്‍മാര്‍ കൃത്യമായി മോണിറ്ററിങ്ങ് നടത്താത്തതിനാല്‍ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്ന് ശെന്തില്‍ കുമാര്‍ കവിത ദമ്പതികള്‍ പറയുന്നു. ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വൈദ്യുതി അനുവദിക്കുകയും ചെയ്താല്‍ മക്കളുടെ പഠനത്തിന് സഹായകമാകുമെന്ന് നിര്‍ദ്ധനരായ കുടുംബം ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."