പാല ചങ്കെന്ന് കാപ്പന്‍; ചങ്കിടിച്ച് സി.പി.എം
കോട്ടയം: കെ.എം മാണിയ്ക്ക് 'ഭാര്യ'യായിരുന്നു പാലയെങ്കില്‍ തന്റെ 'ചങ്കാ'ണെന്ന് മാണി സി.കാപ്പന്‍. പാലായുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എയും എന്‍.സി.പിയും നിലപാട് കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന്റെ എല്‍.ഡി.എഫ് പ്രവേശനം പ്രതിസന്ധിയില്‍. ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിട്ടുവീഴ്ചയ്ക്കില്ലെന്ന കാപ്പന്റെ പ്രഖ്യാപനം. പാലായുടെ പേരില്‍ എന്‍.സി.പിയും കാഞ്ഞിരപ്പള്ളിയുടെ പേരില്‍ സി.പി.ഐയും ഉടക്കിട്ടതോടെ എത്രയും വേഗം ജോസ് കെ.മാണിയെയും കൂട്ടരെയും മുന്നണിയില്‍ എത്തിക്കാനുള്ള സി.പി.എം നീക്കത്തിനും തിരിച്ചടിയായി.
ജോസ് പക്ഷം മുന്നണിയില്‍ വരുന്നതിനെകുറിച്ചു ഇടതുമുന്നണിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും മാണി സി.കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോസ് വിഭാഗത്തിന്റെ വരവോ പാല സീറ്റ് സംബന്ധിച്ചോ ചര്‍ച്ച നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍ക്കു പ്രസക്തിയില്ല. എല്‍.ഡി.എഫിലെ ഘടകകക്ഷിയാണ് എന്‍.സി.പി. മുന്നണി ഒറ്റക്കെട്ടാണ്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാറില്ല. മൂന്നു തവണ പരാജയപ്പെട്ട ശേഷം ഇടതുമുന്നണി പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടു നേടിയ സീറ്റാണ്. പാലായുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഏറെ കരുതല്‍ കാണിക്കുന്നുണ്ട്.
എന്‍.സി.പിയുടേയും പാര്‍ട്ടി പ്രസിഡന്റെ് ശരദ്പവാറിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കും. പാല സീറ്റ് സംബന്ധിച്ചു വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ക്കും ആരെങ്കിലും പറയുന്ന ഊഹാപോഹങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യമില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
അതേസമയം, പാലായിലും കാഞ്ഞിരപ്പള്ളിയിലും സമവായം ഉണ്ടാക്കാമെന്ന ഉറപ്പാണ് ജോസ് പക്ഷത്തിന് സി.പി.എം നല്‍കിയിട്ടുള്ളത്. രണ്ടു മണ്ഡലങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് എന്‍.സി.പിയും സി.പി.ഐയും നല്‍കുന്നത്. എല്‍.ഡി.എഫ് തീരുമാനം എടുക്കും മുന്‍പേ തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റുകളില്‍ സമവായത്തില്‍ എത്താനുള്ള സി.പി.എം- ജോസ് പക്ഷ ചര്‍ച്ച ജില്ല തലങ്ങളില്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."