തുലാമഴയ്ക്കു മുന്‍പേ 'നിറയാന്‍' ഇടുക്കി അണക്കെട്ട്
തൊടുപുഴ: വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ പകുതിയിലധികം ഉള്‍ക്കൊള്ളുന്ന ഇടുക്കി തുലാമഴയ്ക്കു മുമ്പേ 'നിറയാന്‍' ഒരുങ്ങുന്നു. ഇന്നലെ വൈകിട്ട് 4 മണിയിലെ കണക്കുപ്രകാരം 2390.24 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇതു മൊത്തം സംഭരണശേഷിയുടെ (ഗ്രോസ് സ്‌റ്റോറേജ്) 89.29 ശതമാനമാണ്.
തുലാമഴയ്ക്കു മുമ്പേ ഇടുക്കിയില്‍ ഇത്രയും ജലം സംഭരിക്കുന്നത് സമീപ വര്‍ഷങ്ങളില്‍ ആദ്യമാണ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം 70 ശതമാനവും തുലാവര്‍ഷം 30 ശതമാനവും അണക്കെട്ട് നിറയ്ക്കണമെന്നതാണ് കെ.എസ്.ഇ.ബി യുടെ ജല തത്വം.
കേന്ദ്ര ജലക്കമ്മിഷന്‍ ഇടുക്കി അണക്കെട്ടില്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ തിട്ടപ്പെടുത്തിയിരിക്കുന്ന റൂള്‍ കര്‍വ് ലെവല്‍ 2398.85 അടിയാണ്. 2390.85 (ബ്ലൂ അലര്‍ട്ട്), 2396.85 (ഓറഞ്ച് അലര്‍ട്ട്), 2397.85 (റെഡ് അലര്‍ട്ട്) എന്നിങ്ങനെയാണ് നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇന്നലത്തെ കണക്കുപ്രകാരം 0.61 അടി കൂടി ജലനിരപ്പുയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് (അണക്കെട്ട് തുറക്കുന്നതിന്റെ ആദ്യ മുന്നറിയിപ്പ്) ലവലില്‍ എത്തും.
4140.252 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണ ശേഷി.ഇതില്‍ 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. 1867.22 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. 5.255 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ മൂലമറ്റത്ത് ഉത്പാദിപ്പിച്ചു. 2403 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. ഇടുക്കിക്കൊപ്പം മറ്റ് അണക്കെട്ടുകളെല്ലാം പൂര്‍ണ സംഭരണശേഷിയോട് അടുക്കുകയാണ്. ഷോളയാര്‍, കുണ്ടള, തരിയോട് അണക്കെട്ടുകള്‍ 90 ശതമാനവും പമ്പ, മാട്ടുപ്പെട്ടി, ഇടമലയാര്‍, പൊന്മുടി, അണക്കെട്ടുകള്‍ ശേഷിയുടെ 80 ശതമാനവും പിന്നിട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലമുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 18 നും - 24 നും ഇടയ്ക്ക് തുലാവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലാകും ഇക്കുറി തുലാമഴ കൂടുതല്‍ ലഭിക്കുക. വടക്കന്‍ ജില്ലകളില്‍ സാധാരണ മഴ ലഭിക്കുമോ എന്ന കാര്യത്തില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് സംശയമാണ്. തമിഴ്‌നാടിനെ അപേക്ഷിച്ച് കേരളത്തില്‍ തുലാമഴ കുറയാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.
സെപ്റ്റംബറില്‍ റെക്കോഡ് മഴ;
ഒക്ടോബറില്‍ കുറവ്
തൊടുപുഴ: സംസ്ഥാനത്ത് സെപ്റ്റംബറില്‍ റെക്കോഡ് മഴ ലഭിച്ചെങ്കിലും ഒക്ടോബറില്‍ മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്ര (ഐ.എം.ഡി) ത്തിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെവരെ 35 ശതമാനം മഴക്കുറവാണ്. 110.3 മി.മീ. ആണ് ശരാശരിയെന്നിരിക്കെ ലഭിച്ചത് 71.3 മി.മീ. മാത്രമാണ്. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെവരെ പ്രതീക്ഷിച്ചതിലും അല്‍പം കൂടുതല്‍ വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തി.
209.677 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എത്തുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ 213.248 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. മറ്റ് ജില്ലകളിലെല്ലാം മഴക്കുറവാണ് കഴിഞ്ഞ 11 ദിവസത്തെ കണക്ക് രേഖപ്പെടുത്തുന്നത്. മലപ്പുറം ജില്ലയില്‍ വന്‍ മഴക്കുറവും (66 ശതമാനം) രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."