അമ്പലമുക്ക് മുട്ടറ റോഡില്‍ 17ന് ടാറിങ് തുടങ്ങും; പൈപ്പുകള്‍ പൊട്ടുമെന്ന് ആശങ്ക
പേരൂര്‍ക്കട: ഒരുകാലത്ത് ചതുപ്പു പ്രദേശമായ അമ്പലമുക്ക്-മുട്ടട റോഡ് കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരന്തരം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ജനങ്ങളുടെ സൈ്വര്യം വീണ്ടും കെടുത്തിത്തുടങ്ങിയ റോഡില്‍ പഴയ പ്രിമോ പൈപ്പുകള്‍ പൂര്‍ണമായും മാറ്റിയശേഷമാണ് ഡക്‌റ്റൈല്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എട്ടു കോടിയോളം രൂപ മൊത്തം ചെലവിട്ടു കഴിഞ്ഞു. ഒന്നരകിലോമീറ്ററോളം വരുന്ന റോഡ് ടാറിങ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് പി.ഡബ്ല്യു.ഡി ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ ഇവിടെ നിരന്തരം ഹൗസ്‌കണക്ഷനുകള്‍ പൊട്ടുന്നതിനാല്‍ റോളര്‍ ഉപയോഗിച്ച് ടാറിങ് ആരംഭിച്ചാല്‍ പൈപ്പ് പൊട്ടല്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വീണ്ടുമൊരു പൊട്ടലുണ്ടായാല്‍ ലക്ഷങ്ങളുടെ നഷ്ടമാകും വാട്ടര്‍അതോറിറ്റിക്ക് ഉണ്ടാകാന്‍ പോകുന്നത്. വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് നിരന്തരം പൊട്ടാന്‍ തുടങ്ങിയതോടെയാണ് അമ്പലമുക്ക് ജങ്ഷനില്‍ ഇന്റര്‍ലോക്കിട്ടത്. ഇപ്പോള്‍ അതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മുട്ടട ജങ്ഷന്‍ തകര്‍ന്ന നിലയിലാണ്. പൈപ്പിലെ ചോര്‍ച്ച പൂര്‍ണമായി മാറ്റിയശേഷം പരുത്തിപ്പാറ ഭാഗത്തെ കുഴി മൂടുമെന്നും പൈപ്പ് പൊട്ടലുകള്‍ വരുന്ന 15നുള്ളില്‍ പരിഹരിക്കുമെന്നും വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
റോഡ് എത്രയും വേഗം ടാര്‍ ചെയ്യാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് തിരിയുമെന്നാണ് മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ ഗീതാ ഗോപാല്‍ പറയുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ജനങ്ങള്‍ പൊടിതിന്നും അലര്‍ജി രോഗങ്ങള്‍ സഹിച്ചുമാണ് കഴിഞ്ഞുവരുന്നത്. ഇതിനൊരു പരിഹാരം എത്രയും വേഗം ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
പൈപ്പുകളുടെ ചോര്‍ച്ചകള്‍ പരിഹരിക്കുന്നതിനുള്ള കാലാവധിക്കൊപ്പം റോഡ് ടാറിങ് ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്കും യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സുരേഷ്ചന്ദ്രന്‍ വ്യക്തമാക്കുന്നു. ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
വാട്ടര്‍അതോറിറ്റി ചോര്‍ച്ച പരിഹരിക്കാന്‍ ചോദിച്ചിരിക്കുന്ന ഇനിയുള്ള 5 ദിവസം നിര്‍ണായകമാണ്. അതിനുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ രണ്ടുവകുപ്പുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനും ജനങ്ങള്‍ സമരത്തിലേക്ക് ഇറങ്ങുന്നതിനും അതു കാരണമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."