തങ്കശേരിയില്‍ നിര്‍മിച്ച പുലിമുട്ടിന്റെ പല ഭാഗങ്ങളും തകര്‍ച്ചയില്‍
കൊല്ലം: പരമ്പരാഗത മത്സ്യതൊഴിലാളികളെ കൂറ്റന്‍ തിരമാലയില്‍ നിന്ന് സംരക്ഷിക്കാനായി തങ്കശേരിയില്‍ നിര്‍മിച്ച പുലിമുട്ടിന്റെ പല ഭാഗങ്ങളും തകര്‍ച്ചയില്‍. അടുക്കിയ പാറകള്‍ ഇടിഞ്ഞ് കടലിലേക്ക് പോയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് പാറകള്‍ തകര്‍ന്ന് തുടങ്ങിയതെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പോ ബന്ധപ്പെട്ട പോര്‍ട്ട് അധികൃതരോ തയാറായിട്ടില്ല. കാഴ്ചയ്ക്ക് ആനന്ദം പകരുകയും ടൂറിസ്റ്റ് കേന്ദ്രമായി വികസിക്കുകയും ദിവസവും കാല്‍നട സവാരിക്കാര്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കല്‍ക്കെട്ടിന്റെ പല ഭാഗങ്ങളും ഇളകി കടലിലേക്ക് പതിച്ചിട്ടുണ്ട്. തിരമാലകളെ ഭയക്കാതെ കടലില്‍ വള്ളം ഇറക്കാനും മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരാനും മത്സ്യതൊഴിലാളികള്‍ക്ക് അനുഗ്രഹമായ പുലിമുട്ട് തീരത്തെ വലിയൊരളവില്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
സുനാമി ഉണ്ടായ 2004 ഡിസംബറിലും തങ്കശേരി പുലിമുട്ടിന് കേടുപാട് സംഭവിച്ചിരുന്നു. അന്ന് 10.57 കോടി രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. സുനാമിയിലുണ്ടായ കനത്ത തിരമാലകളെ തുടര്‍ന്ന് 2100 മീറ്റര്‍ നീളമുള്ള പുലിമുട്ടിനും അതിന് മുകളിലൂടെയുള്ള റോഡിനും കനത്ത നാശമുണ്ടായതിനെ തുടര്‍ന്ന് എ.ഡി.ബിയുടെ സഹായത്തോടെ സുനാമി ദുരന്ത സഹായ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയായിരുന്നു അറ്റകുറ്റപ്പണികള്‍. ഇതിനായി എട്ട് ടണ്‍ ഭാരമുള്ള 3240 ടെട്രാപോഡുകള്‍ ഉപയോഗിച്ച് 300 മീറ്റര്‍ നീളത്തിലും മൂന്ന് ടണ്‍ ഭാരമുള്ള 850 ടെട്രാപോഡുകള്‍ ഉപയോഗിച്ച് 170 മീറ്റര്‍ നീളത്തിലും പുലിമുട്ട് ബലപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇക്കുറി പുലിമുട്ട് ഇടിഞ്ഞ് കടലില്‍ പതിച്ചിട്ടും ക്രിയാത്മകമായ നടപടികള്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് കൈക്കൊണ്ടിട്ടില്ല. കാലവര്‍ഷം ഇപ്പോഴും സജീവമായതിനാല്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ പുലിമുട്ടിന് കൂടുതല്‍ ബലക്ഷയം ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."