ലൈഫ് മിഷന്: വകയിരുത്തിയ തുക ചെലവഴിക്കുന്നതിലും അലംഭാവം
തിരുവനന്തപുരം: എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടു വച്ചു നല്‍കുന്നതിനായി ലൈഫ്മിഷന് കൈമാറുന്ന തുക ചെലവഴിക്കുന്നതില്‍ അലംഭാവമെന്ന് കണക്കുകള്‍. 2019-20 വര്‍ഷത്തില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വകയിരുത്തിയ തുകയില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
2018-19 നു ശേഷം എസ്.സി, എസ്.ടി വകുപ്പുകളില്‍ ഭവനരഹിതര്‍ക്കു വീട് വച്ചു കൊടുക്കാന്‍ സ്റ്റേറ്റ് പ്ലാനിങില്‍ വകയിരുത്തുന്ന തുക ലൈഫ് മിഷന് കൈമാറുകയും അവര്‍ വീട് വച്ചു കൊടുക്കുകയും ആണ് ചെയ്യുന്നത്. അതനുസരിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എസ്.സി വിഭാഗത്തിനായി 400 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ അതില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. 2019-20 ല്‍ തന്നെ എസ്.ടി വിഭാഗത്തിനായി 102 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍ നിന്നും ഒരു രൂപയും ചെലവഴിച്ചിട്ടില്ല.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ ഒന്‍പത് വരെയുള്ള കണക്കനുസരിച്ച് എസ്.ടി വിഭാഗത്തിനായി വകയിരുത്തിയ 140 കോടിയിലും ഒരു രൂപയും ചെലവഴിച്ചിട്ടില്ല. എസ്.സി വിഭാഗത്തിനായി വകയിരുത്തിയ 300 കോടിയില്‍ ഇതുവരെ നൂറ് കോടി മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നേരത്തേ വിവിധ വകുപ്പുകള്‍ നടപ്പാക്കി വന്നിരുന്ന ഭവന പദ്ധതികളൊക്കെ ഏകോപിപ്പിച്ചാണ് ലൈഫ്മിഷന് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. അതിനായി സ്റ്റേറ്റ് വകയിരുത്തുന്ന തുക ലൈഫ്മിഷനിലേക്ക് കൈമാറുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."