സി.പി.എം കേരളത്തിലും അപ്രസക്തമാകുന്നോ?
പൊന്നാനി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.വി അന്‍വറിനെ രണ്ടു ലക്ഷത്തിനടുത്ത ഭൂരിപക്ഷത്തിനു തോല്‍പിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ആദ്യപ്രതികരണം സി.പി.എം കേരളത്തിലും അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു. പശ്ചിമബംഗാളിനും ത്രിപുരയ്ക്കും ശേഷം കേരളത്തിലും സി.പി.എമ്മിനുണ്ടായ കനത്ത പരാജയം ഇത്തരമൊരു ചിന്ത അനിവാര്യമാക്കുന്നുമുണ്ട്.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുകളിലുണ്ടാകുന്ന പരാജയമല്ല തകര്‍ച്ചയ്ക്കു കാരണമാകുന്നത്. നീണ്ടുപോകുന്ന ഒരുപ്രക്രിയയിലൂടെ സംഭവിക്കുന്നതാണത്. ഇ.പി ജയരാജന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ ഒരു വാചകം സി.പി.എമ്മിന്റെ കേരളത്തിലെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. എല്ലാ കാലവും കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടിയെ വളര്‍ത്താനാവില്ല എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. അതായത് പാര്‍ട്ടിയുടെ ആശയം എല്ലാ കാലത്തും ഒരേപോലെ മുറുകെപിടിച്ച് മുന്നോട്ടുപോകാനാവില്ലെന്ന്. അതൊരു ആശയവ്യതിയാനമായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ സാധ്യതകളായിരുന്നു സി.പി.എം അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ജയരാജന്റെ വാക്കുകളിലൂടെ വ്യക്തമായി. പ്രായോഗിക രാഷ്ട്രീയം മുതലാളിത്ത വ്യാപനത്തിന്റെ മറ്റൊരു രൂപമാണ്. ഇതാണ് പശ്ചിമബംഗാളില്‍ സി.പി.എം പയറ്റിയതും അവസാനം കുഴിതോണ്ടിയതും. പിണറായി വിജയനെപ്പോലുള്ള, കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള നേതൃത്വം പ്രായോഗിക രാഷ്ട്രീയ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ടാണ് സി.പി.എം നേതാവ് കുഞ്ഞാലിയുടെ കോട്ടകൊത്തളമായിരുന്ന നിലമ്പൂരില്‍ പി.വി അന്‍വറെന്ന ധനാഢ്യനെ മത്സരിപ്പിച്ചത്. അതിനാല്‍ തന്നെയാണ് അതേ അന്‍വറിനെ ഇ.ടി മുഹമ്മദ് ബഷീറിനെതിരേ പൊന്നാനിയിലും മത്സരിപ്പിച്ചത്. തിരൂരിലും അതുതന്നെ സി.പി.എം അനുവര്‍ത്തിച്ചു.
പാര്‍ട്ടിക്കുവേണ്ടി ചോരയും നീരും ഒഴുക്കിയവര്‍ തഴയപ്പെട്ടു. മുതലാളിത്ത വ്യവസ്ഥിതിയോട് സി.പി.എം സമരസപ്പെടുന്നതിന്റെ അടുത്തകാലത്തെ ഉദാഹരണങ്ങളാണിത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരിലാണ് ഇതെല്ലാം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് കട്ടന്‍ചായയും പരിപ്പുവടയും ഇപ്പോള്‍ സി.പി.എമ്മിന് മാറ്റിവക്കയ്‌പ്പെടേണ്ട ഭക്ഷണമായത്. ഈ പാതയിലൂടെയാണ് ഇനിയും സി.പി.എമ്മിന്റെ സഞ്ചാരമെങ്കില്‍ കേരളത്തില്‍ ഒരുതിരിച്ചുവരവ് അസാധ്യമാകും. ബി.ജെ.പിയെ തടുക്കുന്നത് സി.പി.എമ്മാണെന്ന പതിവ് പല്ലവി അതോടെ അവസാനിക്കും. സി.പി.എമ്മിന്റെ സ്ഥാനത്ത് ബി.ജെ.പി എത്തുകയും ചെയ്യും.
1980 മുതല്‍ 2019 വരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ബി.ജെ.പി അധികാരത്തില്‍ വന്നിട്ടില്ലെങ്കിലും അവരുടെ വോട്ടുകള്‍ ഒരോ മണ്ഡലത്തിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാവില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ എ.കെ.ജി മന്ദിരത്തിലിരുന്ന് തോല്‍വിയുടെ കാരണങ്ങള്‍ ചികയുന്നതില്‍ അര്‍ഥമില്ല. സി.പി.എം ആര്‍ക്കുവേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിച്ചുവോ ആ അടിസ്ഥാന വര്‍ഗമായ കര്‍ഷകര്‍, കര്‍ഷിക തൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ എന്നിവര്‍ പാര്‍ട്ടിയെ കൈയൊഴിയുകയാണ്. ഈ തകര്‍ച്ചയാണ് 34 വര്‍ഷത്തെ ഇടതു ഭരണത്തിന് ബംഗാളില്‍ അന്ത്യംകുറിച്ചത്.
ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ തൊഴിലാളിവര്‍ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അവരുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നും അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍, കേരളത്തിലെ സി.പി.എം എന്താണ് ചെയ്യുന്നത് ഹൈക്കോടതി പറഞ്ഞിട്ടുപോലും പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുന്നില്ല. പിന്നെ എങ്ങനെ അടിസ്ഥാനവര്‍ഗം ഈ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കും സി.പി.എം നേതൃത്വത്തോടുള്ള വിശ്വാസരാഹിത്യമാണ് പാര്‍ട്ടിയിലെ സാധാരണക്കാരില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഉത്തരകേരളത്തിലെ പാര്‍ട്ടിഗ്രാമങ്ങള്‍ പോലും തിരിച്ചു ചിന്തിക്കുന്നത് അതുകൊണ്ടാണ്.
ആശയം സംഘടനാരൂപം കൈക്കൊള്ളുമ്പോള്‍ ഉണ്ടാകുന്ന ജീര്‍ണത സ്വാഭാവികമാണ്. അത് എല്ലാ പാര്‍ട്ടികളെയും ബാധിക്കും. പക്ഷെ അതിനപ്പുറമുള്ള അഴുകലാണ് സി.പി.എമ്മിനെ ബാധിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ ഏക്കര്‍കണക്കിന് കൃഷിഭൂമി അവരില്‍നിന്നും ബലമായി പിടിച്ചെടുത്തു ബംഗാളില്‍ സലിം ഗ്രൂപ്പിനും ടാറ്റയ്ക്കും പതിച്ചുനല്‍കാന്‍ ബംഗാള്‍ സി.പി.എമ്മിനുണ്ടായ ചേതോവികാരം വര്‍ഗരാഷ്ട്രീയത്തില്‍ നിന്ന് എത്രയോ കാതം അകലെയാണ്. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകന് വേണ്ടി ശബ്ദിച്ച പാര്‍ട്ടി അവന്റെ മണ്ണ് തട്ടിയെടുക്കാന്‍ അവന്റെ നെഞ്ചിലേക്കാണ് നിറയൊഴിച്ചത് ടാറ്റയ്ക്കു വേണ്ടി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബംഗാളിലെ സി.പി.എമ്മിന്റെ ചിതയുടെ അവസാനത്തെ പുകയും അടങ്ങി. ബംഗാളില്‍നിന്ന് ഇനി ആരെങ്കിലും ലോക്‌സഭയില്‍ ഇനി എത്തണമെങ്കില്‍ വേറൊരു സി.പി.എം അവിടെ ജന്മമെടുക്കണം. ഇതു തന്നെയായിരുന്നു ത്രിപുരയിലും സംഭവിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ കനത്ത പരാജയം ഒരു തെരഞ്ഞെടുപ്പ് പരാജയമായി മാത്രം കാണുന്നത് യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കലാണ്. അങ്ങേയറ്റത്ത് എ.കെ ഗോപാലനെ കണ്ട് വളര്‍ന്ന സി.പി.എം ഇങ്ങേയറ്റത്ത് പാലൊളി മുഹമ്മദ്കുട്ടിയില്‍ ആ കാഴ്ച അവസാനിപ്പിച്ചു. കടക്ക് പുറത്ത്, മാറിനില്‍ക്കങ്ങോട്ട് എന്ന പത്രപ്രതിനിധികളോട് ഗര്‍ജിക്കുമ്പോള്‍ ഒരു ജനതയുടെ അറിയാനുള്ള അവകാശം നിരാകരിക്കുമാത്രമല്ല ചെയ്യുന്നത്. ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ മാറുന്ന മുഖത്തെകൂടിയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
ഒരു ജനതയോടുള്ള പ്രതിബദ്ധത വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനം കൈയൊഴിയുമ്പോള്‍ ജനത മറുവഴി തേടുമെന്നത് സ്വാഭാവികം. അതാണ് കേരളത്തിലും സി.പി.എമ്മിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എതിരാളികളെ വ്യക്തിഹത്യ നടത്തിയും സംഘികളാക്കിയും കൊന്നും കൊലവിളി നടത്തിയും എത്രകാലം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു നിലനില്‍ക്കാനാകും
ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായതും ശബരിമല വിഷയം തിരിച്ചടിച്ചതും പരാജയ കാരണമായി വ്യാഖ്യാനിക്കാം. എന്നാല്‍ പാര്‍ട്ടി കോട്ടകളും ഗ്രാമങ്ങളും പാര്‍ട്ടിയെ കൈയൊഴിഞ്ഞതിന് എന്തു വ്യാഖ്യാനമാണ് നല്‍കുക പാര്‍ട്ടിയെ പുനരുദ്ധരിക്കാനും സ്വയം നവീകരിക്കാനും സി.പി.എം സന്നദ്ധമാവുന്നില്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും വിധി തന്നെയാണ് അവരെ കേരളത്തിലും കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."