ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കേരളം മാതൃക: യൂത്ത് ലീഗ്
മലപ്പുറം: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ കാണിച്ച രാഷ്ട്രീയ പ്രബുദ്ധത ഇന്ത്യക്ക് മാതൃകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷവും, ബി.ജെ.പിയെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അങ്ങേയറ്റം പരിഹാസമാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ഇത്തവണയും തടഞ്ഞത് യു.ഡി.എഫാണെന്ന് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 19 സീറ്റിലും പരാജയപ്പെട്ട ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നതിന് പകരം തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്നും പാഠം ഉള്‍ക്കൊള്ളാനാണ് തയാറാവേണ്ടത്.
അഴിമതിയും സ്വജനപക്ഷപാതവും നടത്തി പിടിക്കപ്പെട്ടിട്ടും മന്ത്രിസഭയില്‍ കടിച്ച് തൂങ്ങുന്നവര്‍ക്ക് ജനകീയ കോടതിയില്‍നിന്നും ലഭിച്ച ശിക്ഷയാണ് മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ അടക്കം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വമ്പിച്ച ഭൂരിപക്ഷം. ഈ ജനവിധി മാനിച്ച് മന്ത്രിമാര്‍ രാജിവയ്ക്കാന്‍ തയാറാവണം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും സ്വന്തം മണ്ഡലത്തിലെ ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത എം.എല്‍.എമാര്‍ മാന്യതയുണ്ടെങ്കില്‍ സ്ഥാനമൊഴിയാന്‍ തയാറാകണം. സഭ്യതക്ക് നിരക്കാത്ത വര്‍ത്തമാനങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തെ മലീമസമാക്കിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോയെന്ന് എല്‍.ഡി.എഫ് ഘടക കക്ഷികള്‍ പരിശോധിക്കണം. എല്‍.ഡി.എഫ് കണ്‍വീനറുടെ അസഭ്യ വര്‍ത്തമാനങ്ങള്‍ക്കുള്ള മുഖത്തടിയാണ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പ്രഹരമെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു.
അക്രമ രാഷ്ട്രീയത്തിന്റെ അംബാസഡര്‍ എന്ന് വിശേഷിപ്പിക്കുന്ന പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത് തെറ്റായിപ്പോയി എന്ന് ഏറ്റുപറയാന്‍ സി.പി.എം തയാറാവണം. മുതലാളിമാരെ കെട്ടിയിറക്കി ന്യൂനപക്ഷ വോട്ടുകള്‍ തട്ടാമെന്ന വ്യമോഹത്തിന് പൊന്നാനിയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."