ബി.ജെ.പിക്കെതിരേ ദേശീയതലത്തില്‍ പ്രതിരോധനിരയുണ്ടാക്കാന്‍ കഴിഞ്ഞില്ല: ചെന്നിത്തല
തിരുവനന്തപുരം: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിരോധ നിരയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി രാഷ്ട്രീയം ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് മനസിലായിട്ടില്ല. മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത മനസിലാക്കാതെ എല്ലാവരും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് മോദിക്ക് വിജയമുണ്ടായതെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിന് കേരളത്തില്‍ ആധികാരിക വിജയമാണ് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ക്ക് പിന്തുണക്കാന്‍ കഴിയുന്ന മുന്നണി യു.ഡി.എഫ് ആണെന്ന് തെളിയിച്ചിരിക്കുകയാണ്. 1977ല്‍ 20ല്‍ 20 സീറ്റും ലഭിച്ചുവെങ്കിലും ഇത് പോലെ ലക്ഷങ്ങളുടെ ഭൂരിപക്ഷം യു.ഡി.എഫ് നേടിയിരുന്നില്ല. ഇത്തവണ 9 മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലേറെയാണ് ഭൂരിപക്ഷം. അതില്‍തന്നെ വയനാട്ടില്‍ ഭൂരിപക്ഷം നാലുലക്ഷവും മലപ്പുറത്ത് രണ്ടുലക്ഷവും കഴിഞ്ഞു. ഇത് ചരിത്രത്തിലാദ്യമാണ്. ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണല്ല കേരളം എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വോട്ട് നിലയിലുള്ള വ്യത്യാസം ഇത്തവണ 12 ശതമാനമാണ്. ഇതും ചരിത്രത്തിലാദ്യമാണ്.
സാധാരണ മൂന്ന് നാല് ശതമാനത്തിനപ്പുറം പോകാറില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ശതമാനമായിരുന്നു രണ്ടുമുന്നണികളും തമ്മിലുള്ള വോട്ട് നിലയിലെ വ്യത്യാസം. യു.ഡി.എഫ് മുന്നോട്ടുവച്ച നയങ്ങള്‍ക്കും പരിപാടികള്‍ക്കുമുള്ള അംഗീകാരം ആണ് ഈ തെരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഈ പരാജയത്തെ നല്ല നിലയില്‍ വിലയിരുത്താന്‍ പോലും എല്‍.ഡി.എഫിന് കഴിയുന്നില്ല. ഇപ്പോഴത്തെ ജനവിധിവച്ച് നോക്കുമ്പോള്‍ ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
123 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം കിട്ടിയിരിക്കുന്നത്. ഇപ്പോള്‍ ഭരണം നടത്തുന്ന ഇടതുമുന്നണിക്ക് 16 സീറ്റില്‍ മാത്രമെ ഭൂരിപക്ഷമുള്ളൂ. 75 സീറ്റുകളില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു.
ഇപ്പോള്‍ ഭരണം നടത്തുന്ന മന്ത്രിമാരില്‍ 16 പേര്‍ക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും അടക്കം ജനപിന്തുണയില്ലാത്തവരുടെ കൂടാരമായി ഇടതുമുന്നണി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."