നോട്ടയാണ് താരം; 13 സീറ്റില്‍ നാലാമന്‍
ജലീല്‍ അരൂക്കുറ്റി
കൊച്ചി: ത്രികോണ മത്സരം അരങ്ങുതകര്‍ത്ത തെരഞ്ഞെടുപ്പില്‍ വില്ലന്മാരാകാനെത്തിയ അപരന്മാര്‍ക്കും സ്വതന്ത്രന്മാര്‍ക്കും നിറംമങ്ങിയ പ്രകടനമായിരിരുന്നു. എന്നാല്‍ ഇക്കുറിയും സ്വതന്ത്രരെയും ചെറുപാര്‍ട്ടികളെയും പിന്നിലാക്കി നോട്ട താരമായി തിളങ്ങി.
കേരളത്തിലെ 20 സീറ്റില്‍ 13 സീറ്റിലും മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പിന്നിലായി നോട്ട നാലാം സ്ഥാനം ഉറപ്പിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ ആരും സ്വീകാര്യമല്ലെങ്കില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് നോട്ട എന്നതിനാല്‍ വളരെ പ്രസക്തമാണ് നോട്ടയുടെ വോട്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയ വോട്ട് പല മണ്ഡലങ്ങളിലും നോട്ടയ്ക്ക് ഇത്തവണ ലഭിച്ചില്ലെങ്കിലും ചെറുപാര്‍ട്ടികളും സ്വതന്ത്രരും പേരിന് മാത്രമായതോടെ നോട്ട ഇത്തവണയും ലീഡ് നിലനിര്‍ത്തി.
ചാലക്കുടി, കാസര്‍കോട്, തൃശൂര്‍, ഇടുക്കി, മാവേലിക്കര, തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, ആലത്തൂര്‍, ആറ്റിങ്ങല്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളിലാണ് നോട്ട നാലാംസ്ഥാനം ഉറപ്പിച്ചത്. ആലത്തൂരിലും ചാലക്കുടിയിലുമാണ് നോട്ട ഇത്തവണ കൂടുതല്‍ വോട്ട് നേടിയത്.
ഏറ്റവും കൂടുതല്‍ വോട്ട് നോട്ടക്ക് ഇത്തവണയും ആലത്തൂരിലാണ്. ആലത്തൂരില്‍ 7,722 ഉം ചാലക്കുടിയില്‍ 7,578 ആണ്് നോട്ടയുടെ വോട്ട് സമ്പാദ്യം. എന്നാല്‍ ഇത് 2014നെ അപേക്ഷിച്ച് വളരെ കുറവുമാണ്. 21,417 വോട്ട് ആലത്തൂരിലും 10,552 വോട്ട് ചാലക്കുടിയിലും മുന്‍തെരഞ്ഞെടുപ്പില്‍ നോട്ട നേടിയിരുന്നു.
2014ല്‍ വയനാട്ടില്‍ 10,735 വോട്ട് നേടി നാലാം സ്ഥാനത്ത് നിലകൊണ്ടിരുന്ന നോട്ട ഇത്തവണ 2,155 വോട്ട് മാത്രം നേടി പത്താം സ്ഥാനത്തേക്ക് പോയി. കാസര്‍കോട് ( 4,417), തൃശൂര്‍ ( 4,253), ഇടുക്കി (5,317), മാവേലിക്കര (5,754), തിരുവനന്തപുരം ( 4,580), കൊല്ലം (6,018), എറണാകുളം ( 5,378), ആലപ്പുഴ( 61,04), കോഴിക്കോട് ( 3,473), പാലക്കാട് (6,665), ആറ്റിങ്ങല്‍ ( 5,685) എന്നിങ്ങനെയാണ് വോട്ട് നില.
കോട്ടയം ( 7,191), പത്തനംതിട്ട ( 3,352), വടകര (3,415), മലപ്പുറം ( 4,480), കണ്ണൂര്‍ (3,828) എന്നിവിടങ്ങളില്‍ നോട്ട അഞ്ചാം സ്ഥാനത്താണ്.
പൊന്നാനിയില്‍ (6,231) മാത്രം അഞ്ചാം സ്ഥാനമേ ലഭിച്ചുള്ളു. 2014ല്‍ പത്ത് സീറ്റുകളില്‍ 10,000ത്തിലധികം വോട്ട് നേടാന്‍ നോട്ടയ്ക്ക് കഴിഞ്ഞിരുന്നു. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ചതും അപരന്മാരെ പ്രധാന കക്ഷികളുടെ സ്ഥാനാര്‍ഥികള്‍ക്ക് താഴെയായി ഇടം നല്‍കിയതും അപരന്മാരെ വലച്ചു. ഇത്തവണ പത്തു മണ്ഡലങ്ങളിലായിരുന്നു അപരന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നത്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ വയനാട് മണ്ഡലത്തിലായിരുന്നു.
22 സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഇവിടെ 11 സ്വതന്ത്രരും കൂടി നേടിയത് 18,462 വോട്ടാണ്. 7,06,367 വോട്ട് നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ചരിത്രം തിരുത്തിക്കുറിച്ച രാഹുല്‍ ഗാന്ധിയുടെ അപരന്മാരായി എത്തിയ രാഹുല്‍ ഗാന്ധി കെ.ഇ 2,196 ഉം രാഹുല്‍ ഗാന്ധി കെ. 845 വോട്ടും മാത്രമാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."