ന്യൂനപക്ഷ വികസന പദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കള്‍ക്ക് ധാരണയില്ല: മന്ത്രി
കോഴിക്കോട്: ന്യൂനപക്ഷ വികസനത്തിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് പദ്ധതികളെ സംബന്ധിച്ച് ധാരണ പോലുമില്ലെന്നത് ഖേദകരമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കുറ്റിച്ചിറ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന നയീമന്‍സില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ മാറ്റിവച്ച് പല ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ അറിയാതെ പോകുന്നതിനാല്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യത്തില്‍നിന്ന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരത്തിലുള്ള സന്നദ്ധ സംഘടനകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികള്‍ തീരദേശത്തിന്റെ പട്ടാളമാണെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് അനേകം ജീവന്‍ രക്ഷിക്കാന്‍ കാരണക്കാരായത് കേരളക്കരയിലെ മത്സ്യത്തൊഴിലാളികളാണ്. ദുരന്തസമയത്ത് സര്‍ക്കാര്‍ ദുരന്ത സംവിധാനങ്ങളേക്കാള്‍ ഫലപ്രദമായി പ്രയത്‌നിച്ചത് ഈ മത്സ്യത്തൊഴിലാളികണാണെന്നുള്ളത് ഏറെ അഭിമാനപൂര്‍വം സ്മരിക്കുകയാണെന്നും എം.പി പറഞ്ഞു. മിഷന്‍ ഫോര്‍ എംപവര്‍മെന്റ് ഓഫ് തെക്കേപ്പുറം സൊസൈറ്റി (മെറ്റ്‌സ്) ചെയര്‍മാന്‍ കെ.വി സുല്‍ഫിക്കര്‍ അധ്യക്ഷനായി. സ്വജീവന്‍ പോലും പണയംവച്ച് പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ 15 മത്സ്യതൊഴിലാളികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകന്‍ അഫ്തര്‍ അറക്കലിനും എം.കെ രാഘവന്‍ എം.പി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ട്രോമ കെയര്‍ പാട്രോന്‍ ജയന്ത് കുമാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി സമ്മാനിച്ച തുക കൈമാറുകയും ചെയ്തു.
തങ്ങള്‍ക്ക് സമ്മാനമായി ലഭിച്ച തുക തങ്ങളുടെ പ്രദേശത്തെ നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹ ചെലവിലേക്കായി നല്‍കുമെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.
നയീ മന്‍സില്‍ പദ്ധതി കോഡിനേറ്റര്‍ അഹമ്മദ് സാജു, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ.പി.എം നിയാസ്, സി.പി ശ്രീകല, ഇ.വി ഉസ്മാന്‍ കോയ, കെ. മൊയ്തീന്‍ കോയ, പി.ടി ആസാദ്, സി.ഇ.വി അബ്ദുല്‍ ഗഫൂര്‍, ആര്‍. ജയന്ത് കുമാര്‍, പി. അബൂബക്കര്‍, വി.കെ ഫൈസല്‍, സി.സി ഹസ്സന്‍, എസ്.എം സാലിഹ് സംസാരിച്ചു. മെറ്റ്‌സ് ജനറല്‍ കണ്‍വീനര്‍ സി.വി കാബില്‍ സ്വാഗതവും തെക്കേപ്പുറം ശബ്ദം അഡ്മിന്‍ പാനല്‍ അംഗം ഐ.പി ഉസ്മാന്‍ കൊയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."