തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണനെയാണ് ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് ഡി.ആര്‍.ഐ കണ്ടെത്തി. രാധാകൃഷ്ണന്റെയും മറ്റ് രണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെയും വീട്ടില്‍ റെയ്ഡ് നടത്തുകയും രണ്ട് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍നിന്ന് 25 കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടിയതോടെയാണ് കള്ളക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡി.ആര്‍.ഐക്ക് ഉണ്ടായിരുന്നു. പിടിയിലായവരുടെ മൊഴികളില്‍നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു.
അതേസമയം, കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ മലപ്പുറം സ്വദേശിയായ ഹക്കീമിനു വേണ്ടി റവന്യൂ ഇന്റലിജന്‍സ് തിരച്ചില്‍ ഊര്‍ജിതമാക്കി. തിരുവനന്തപുരത്തു ജ്വല്ലറിയുള്ള ഹക്കീം കേസിലെ മറ്റൊരു പ്രതിയായ അഡ്വ. ബിജു മനോഹരന്റെ സംഘത്തെ ഉപയോഗിച്ചു പലതവണ സ്വര്‍ണം കടത്തിയതായി തെളിവു ലഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ ഹക്കീമിന് വേണ്ടി മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ദുബൈയില്‍നിന്ന് കടത്തുന്നതിനിടെ എട്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. സ്വര്‍ണവുമായി പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഷാജിയെയും തിരുമല സ്വദേശി സുനില്‍കുമാറിനെയും നിയോഗിച്ചത് അഭിഭാഷകനായ ബിജുവാണെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കാന്‍ ഡി.ആര്‍.ഐ തീരുമാനിച്ചു. അഭിഭാഷകന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പത്തിലേറെ സ്ത്രീകളെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും കണ്ടെത്തി. ഒരാഴ്ചയായിട്ടും ഇവരെ പിടികൂടാനാവാത്തതിനാലാണ് ബിജുവിനൊപ്പം സംഘത്തിലെ മറ്റ് കണ്ണികളായ വിഷ്ണു, ജിത്തു എന്നിവര്‍ക്കായും ലുക്ക്ഔട്ട് നോട്ടിസ് ഇറക്കുന്നത്. ഇവര്‍ ദുബൈയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ തിരച്ചില്‍ അവിടേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."