എല്ലാം നഷ്ടപ്പെട്ടു; സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല
താമരശേരി: കഴിഞ്ഞ ജൂലൈ 14ന് പുലര്‍ച്ചെയായിരുന്നു കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്നത്. മലമുകളിലെ ഒരുഭാഗത്തെ കൂറ്റന്‍ പാറക്കഷണങ്ങള്‍ അടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. കൂറ്റന്‍ കല്ലുകള്‍ക്ക് പുറമെ ചെളിയും വന്‍മരങ്ങളും ഇതോടൊപ്പം മലയടിവാരത്തേക്ക് പതിച്ചു. മലമുകളിലെ കൂറ്റന്‍ പാറക്കൂട്ടങ്ങളില്‍ തട്ടി ഇവ മൂന്നുഭാഗങ്ങളിലേക്ക് തിരിയുകയും താഴ്‌വാരത്തേക്ക് ശക്തമായി പതിക്കുകയുമായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. ജൂണ്‍ പതിനാലിന് പുലര്‍ച്ചെ ആറോടെയാണ് നാടിനെ നടുക്കിയ ആ ദുരന്തമുണ്ടായത്.
കരിഞ്ചോല ദുരന്തത്തില്‍ മലയടിവാരത്തെ അഞ്ചുവീടുകളില്‍ താമസിച്ചിരുന്ന കരിഞ്ചോല ഹസന്‍, ഭാര്യ ആസ്യ, മകളായ ജന്നത്ത്, നുസ്രത്ത്, ഹസന്റെ മകന്‍ റാഫിയുടെ ഭാര്യ ഷംന, മകള്‍ നിയ ഫാത്തിമ, റിന്‍ഷ മെഹറിന്‍, റിഫ മറിയം, കരിഞ്ചോല അബ്ദുറഹിമാന്‍, ഭാര്യ നഫീസ, മകന്‍ ജാഫര്‍, മകന്‍ മുഹമ്മദ് ജാസിം, ദില്‍ന, സഹനാസ് എന്നീ 14 പേര്‍ മരണപ്പെട്ടിരുന്നു. കരിഞ്ചോല ഹസന്‍, ഉമ്മിണി അബ്ദുറഹിമാന്‍, കരിഞ്ചോല അബ്ദു സലീം, കക്കാട് ഈര്‍ച്ച അബ്ദുറഹിമാന്‍, കോടശേരിപ്പൊയില്‍ പ്രസാദ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതാകുകയും ഏക്കറുകണക്കിന് കൃഷിഭൂമി ഉപയോഗ്യമല്ലാതാകുകയും ചെയ്തു. ദുരന്തം നടന്ന് ഇന്നേക്ക് 88 ദിവസം പിന്നിട്ടിട്ടും ഇരകളാക്കപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും എവിടെയുമെത്തിയിട്ടില്ല.
ദുരന്തത്തില്‍ മരണപ്പെട്ട ഓരോ അംഗങ്ങളുടെ പേരിലും 4 ലക്ഷം രൂപ വീതവും വീട് നഷ്ടമായവര്‍ക്ക് 6 ലക്ഷം രൂപയും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇതില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ നല്‍കിയതും, വീടുനിര്‍മാണത്തിന് ഒരു ലക്ഷം രൂപയും നല്‍കിയതൊഴിച്ചാല്‍ ബാക്കിയെല്ലാം കടലാസിലും സാങ്കേതിക പ്രശ്‌നങ്ങളിലും പ്രഖ്യാപന പെരുമഴയിലും ഒതുങ്ങിനില്‍ക്കുകയാണ്. ദുരന്തത്തില്‍ എല്ലാംനഷ്ടപ്പെട്ട് നിരാലംബരായി കഴിയുന്ന ഇരകളില്‍ പലരും ഇപ്പോഴും ദുരന്തത്തിന്റെ നടുക്കത്തില്‍നിന്നും മോചിതരായിട്ടില്ല. ഇത്തരം ഇരകള്‍ സഹായങ്ങള്‍ക്കായി ആരെ സമീപിക്കണമെന്നോ എങ്ങിനെ സമീപിക്കണമെന്നോ അറിയാത്ത അവസ്ഥയിലാണ്.
പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരും വീടുകള്‍ വാസയോഗ്യമല്ലാതായവരും ഉണ്ട്. ഇത്തരത്തിലെ 14 കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത് വാടക വീടുകളിലാണ്. വാടകവീട് ലഭ്യമാക്കുന്നതിന് വില്ലജ് ഓഫിസുകളില്‍ എഗ്രിമെന്റ് വെക്കണം. ഇങ്ങനെ എഗ്രിമെന്റ് ചെയ്തവരുടെ വാടക സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു ഇവരെ അറിയിച്ചിരുന്നത്. കട്ടിപ്പാറ വില്ലജ് ഓഫിസില്‍ എഗ്രിമെന്റ്‌വച്ച ഈ കുടുംബങ്ങള്‍ ഇന്ന് വാടകനല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ കഷ്ടത അനുഭവിക്കുകയാണ്. കെട്ടിട ഉടമകളുടെ നിരന്തരമായ സമ്മര്‍ദങ്ങള്‍ക്ക് തങ്ങള്‍ ഇരയാകുന്നതായി പലരും വ്യക്തമാക്കി.
4000 മുതല്‍ 6000 വരെ വാടകയാണ് പല വീടുകള്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. ഇവരുടെ വാടക നല്‍കുമെന്ന് തഹസില്‍ദാരും വില്ലജ് ഓഫിസറുമെല്ലാം അറിയിച്ചിരുന്നു. എന്നാല്‍ ആദ്യമാസത്തെ വാടക നല്‍കിയതല്ലാതെ പിന്നീട് വാടക തുകകളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. തൊഴിലും തൊഴിലുപകരണങ്ങളുമില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി എല്ലാം ഒന്നില്‍നിന്നും തുടങ്ങണം. എല്ലാം നേരെയാകുന്നതുവരെ ചുരുങ്ങിയത് ആറുമാസമെങ്കിലും വാടകവീടുകളില്‍ കഴിയേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്രയും കാലം ഈ വാടകത്തുക നല്‍കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഭാരിച്ചയൊന്നാണ്.
അപകടത്തിന് തൊട്ടുമുന്‍പും ഞാന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു; പക്ഷെ...
താമരശേരി: 'ദുരന്തസമയത്ത് ഞാന്‍ ദുബൈയിലായിരുന്നു. ദുരന്തം നടക്കുന്നതിന് തൊട്ടുമുന്‍പ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ശക്തമായ മഴ പെയ്യുന്നുണ്ടെന്ന് പറഞ്ഞു. മഴയില്‍ വീടിനു പിറകില്‍ വച്ചിരുന്ന മണല്‍ച്ചാക്കുകള്‍ ഒലിച്ചുപോയെന്നും ഉപ്പ പറഞ്ഞു. ഫോണ്‍വച്ച് അല്‍പനിമിഷങ്ങള്‍ക്കുള്ളിലാണ് ഇടിത്തീപോലെ ആ വാര്‍ത്ത കേട്ടത് '. കരിഞ്ചോല ദുരന്തത്തില്‍ മരണപ്പെട്ട അബ്ദുറഹിമാന്റെ മകന്‍ ജംഷിദ് പറയുന്നത് ഇങ്ങനെയാണ്.
അപകടത്തില്‍ ഉപ്പയും ഉമ്മ നഫീസയും, സഹോദരന്‍ ജാഫറും, ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിമും മരണപ്പെട്ടു. വീട് പൂര്‍ണമായും തകര്‍ന്നു. അപകടം നടക്കുന്നതിന്റെ എട്ടുമാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജംഷിദിന്റെ നിക്കാഹ്. പുതിയൊരു വീടുവയ്ക്കണമെന്നും ഉമ്മയെയുംകൊണ്ട് ഉംറ നിര്‍വഹിക്കാന്‍ പോകണമെന്നുമായിരുന്നു ആഗ്രഹം. എല്ലാം നഷ്ടപ്പെട്ടു. ആരുമില്ല. എല്ലാ ദിവസവും കരിഞ്ചോലയില്‍ പോകും. കുറേസമയം അവിടെ ചെലവഴിക്കും. ഇനി ദുബൈയിലേക്ക് പോകുന്നില്ല.
സഹോദരിക്കും ഭാര്യക്കുമൊപ്പം ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. മാസം 4000 രൂപ വാടക നല്‍കണം. ഇത്തവണ വാടക മുടങ്ങിയതോടെ പലരില്‍നിന്നുമായി പണം സംഘടിപ്പിച്ച് നല്‍കുകയായിരുന്നു. പലതവണ വില്ലജ് ഓഫിസുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല.
കൃത്യമായ ജോലിയില്ലാത്തതിനാല്‍ സ്ഥിരവരുമാനമില്ലെന്നും നാട്ടുകാരുടെ സഹായം കൊണ്ടാണ് കഴിഞ്ഞുപോകുന്നതെന്നും ജംഷിദ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."