കടുത്ത വരള്‍ച്ചാ മുന്നറിയിപ്പുമായി വയല്‍ക്കണ്ണന്‍ പക്ഷിയെത്തി
പൊന്നാനി: വരണ്ട കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പക്ഷിയെ ചാവക്കാട് തീരത്ത് കണ്ടെത്തി. കേരളത്തില്‍ വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണമാണിതെന്നാണ് പക്ഷി നിരീക്ഷകരുടെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന വയല്‍ക്കണ്ണന്‍ (യുറേഷ്യന്‍ സ്റ്റോണ്‍ കാര്‍ല്യു) പക്ഷികളെയാണ് ചാവക്കാട് തീരത്ത് 300 മീറ്റര്‍ കരയിലേക്ക് നീങ്ങി കണ്ടെത്തിയത്.
പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാടാണ് പക്ഷികളെ കണ്ടെത്തിയത്. ഇതിനുമുന്‍പും ഈ പക്ഷിയെ ചാവക്കാട് തീരങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
മണ്ണിനോടും ഉണങ്ങിയ ചെടികളോടും സാദൃശ്യമുള്ള നിറമാണ് ഈ ചെറിയ പക്ഷികള്‍ക്ക്. വരണ്ട മണില്‍ കാണുന്ന ചെറുജീവികളാണ് പ്രധാന ഭക്ഷണം. രാത്രി ഇരതേടുന്ന ഇവ പകല്‍ മിക്കവാറും ഉറക്കമായിരിക്കും. ഇണകളില്‍ ഒന്ന് ഉറങ്ങുന്ന സമയത്ത് മറ്റേത് കാവലിരിക്കുകയാണ് പതിവ്. ആക്രമിക്കപ്പെടാവുന്ന സാഹചര്യങ്ങളില്‍ മണ്ണില്‍ അനക്കമില്ലാതെ കിടക്കുന്ന ഇവ തക്കം പാര്‍ത്ത് രക്ഷപ്പെടുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."