സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു
എരുമപ്പെട്ടി: എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കടങ്ങോടിനെ അപമാനിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടബാധ്യത മൂലം കടങ്ങോട് കൊട്ടിലിപറമ്പില്‍ സുരേഷ്‌കുമാറും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ്, ഭൂമാഫിയകള്‍ക്കുള്ള പങ്കിനെ കുറിച്ച് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാരമായാണ് കബീറിനെതിരെ ചിലര്‍ അപവാദ പ്രചരണം നടത്തുന്നത്. സുരേഷ്‌കുമാറിന്റെ സഹോദരന്‍ എരുമപ്പെട്ടിയിലെ പ്രമുഖരായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ക്കെതിരേയും വട്ടിപലിശക്കാര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. സുരേഷ്‌കുമാര്‍ കുടുംബ നിയമസഹായ സമിതി ചെയര്‍മാന്‍ കൂടിയായ കബീര്‍ കേസ് നടത്തിപ്പിന് വേണ്ടി നടത്തുന്ന ഇടപെടലുകളില്‍ പ്രകോപനം കൊണ്ടാണ് മാഫിയ സംഘം കള്ളപ്രചരണങ്ങള്‍ അഴിച്ച് വിടുന്നത്. ഇതിനെതിരെ എരുമപ്പെട്ടി പ്രസ് ക്ലബ്ബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. കൂട്ടമരണത്തില്‍ ആരോപണ വിധേയരായവര്‍ കബീറിനെതിരെ പരാതികള്‍ നല്‍കിയിരുന്നെങ്കിലും അന്വേഷണത്തില്‍ വാസ്തവിരുദ്ധമാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്ന വിധത്തില്‍ നുണപ്രചരണം നടത്തുന്നതിനെതിരെ എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."